ഇന്ത്യ ചൈന വിമാന സര്‍വീസ് പുനരാരംഭിക്കുന്നു; പരസ്പര വിശ്വാസത്തോടെ ഒരുമിച്ചുപോകാമെന്ന് മോഡിയും ഷി ജിന്‍പിങും

ഇന്ത്യ ചൈന വിമാന സര്‍വീസ് പുനരാരംഭിക്കുന്നു; പരസ്പര വിശ്വാസത്തോടെ ഒരുമിച്ചുപോകാമെന്ന്  മോഡിയും ഷി ജിന്‍പിങും


ബെയ്ജിങ്: ഇന്ത്യ ചൈന വിമാന സര്‍വീസ് പുനരാരംഭിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. പരസ്പര വിശ്വാസം, ബഹുമാനം, എന്നിവയുടെ അടിസ്ഥാനത്തില്‍ ചൈനയുമായുള്ള ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇരു രാജ്യങ്ങളിലെയും 2.8 ബില്യണ്‍ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ പരസ്പര സഹകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മുഴുവന്‍ മനുഷ്യരാശിയുടെയും ക്ഷേമത്തിനും വഴിയൊരുക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ നരേന്ദ്രമോഡി പറഞ്ഞു. 

ഇന്ത്യ ചൈന ബന്ധം ശരിയായ രീതിയില്‍ മുന്നോട്ടുപോകുകയാണ്. ഇന്ത്യ ചൈന അതിര്‍ത്തി ഇപ്പോള്‍ ശാന്തമാണ്. അതിര്‍ത്തി മാനേജ്‌മെന്റ് സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും പ്രത്യേക പ്രതിനിധികള്‍ തമ്മില്‍ ഒരു ധാരണയിലെത്തി. അതിര്‍ത്തിയിലെ സൈനിക പിന്മാറ്റത്തിന് ശേഷം, സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. കൈലാസ് മാനസരോവര്‍ യാത്ര പുനരാരംഭിച്ചു. കഴിഞ്ഞ വര്‍ഷം കസാനില്‍ വച്ച് വളരെ ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നു. അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് നല്ല ദിശാബോധം നല്‍കിയെന്നും മോഡി പറഞ്ഞു.

'വ്യാളി ആന സൗഹൃദം പ്രധാനം'-ഷി ജിന്‍പിംങ്.

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഉച്ചകോടിയുടെ വിജയത്തില്‍ ചൈനീ സ് പ്രസിഡന്റ് ഷി ജിന്‍പിങിനെ നരേന്ദ്രമോഡി അഭിനന്ദിച്ചു. നല്ല അയല്‍ക്കാരാകേണ്ടത് അനിവാര്യമെന്ന് ജിന്‍ പിങ് പറഞ്ഞു. വ്യാളി ആന സൗഹൃദം പ്രധാനമാണ്. ഏഷ്യയിലെ സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ജിന്‍പിങ് അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഷി ജിന്‍പിങ് ചൈനയിലേക്ക് സ്വാഗതം ചെയ്തു. ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും പങ്കെടുത്തു.

അമേരിക്കയുമായുള്ള തീരുവ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് മോഡി ജിന്‍പിങ് കൂടിക്കാഴ്ച നടന്നത്. ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണസംഘത്തിന്റെ (എസ്!സിഒ) വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുക ലക്ഷ്യമിട്ടാണ് ഏഴു വര്‍ഷത്തിന് ശേഷം നരേന്ദ്രമോഡി ചൈനയിലെത്തിയത്. ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോഡി നാളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കെത്തുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായും മറ്റ് രാഷ്ട്രനേതാക്കളുമായും നരേന്ദ്രമോഡി കൂടിക്കാഴ്ച നടത്തുന്നുണ്ട്.