ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കോടികള്‍ ചെലവിട്ട വാര്‍ത്തകള്‍ നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്കു കീഴില്‍ കാര്യങ്ങള്‍ മാറിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ കയറ്റുമതിക്കാര്‍ എന്ന ലക്ഷ്യത്തിമലയ്ക്ക് രാജ്യം ജൈത്രയാത്ര ആരംഭിച്ചു കഴിഞ്ഞു.
പാകിസ്താനെതിരേ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയുടെ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്കും, സംവിധാനങ്ങള്‍ക്കും ആഗോള വിപണികളില്‍ വന്‍ ഡിമാന്‍ഡാണുള്ളത്. പ്രതിരോധ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളും, വിദേശ കമ്പനികളുമായി ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള മികച്ച കൂട്ടുകെട്ടും ഇതിനു കാരണമാണ്.
ട്രംപിന്റെ നികുതി പരിഷ്‌കരണങ്ങള്‍ക്കിടെ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയുമായി അടുക്കുന്നു. നിലവില്‍ ഫ്രഞ്ച് കമ്പനിയില്‍ നിന്ന് ഇന്ത്യന്‍ കമ്പനിക്കു ലഭിച്ചിരിക്കുന്ന വമ്പന്‍ പ്രതിരോധ കരാര്‍ ആണ് ശ്രദ്ധനേടുന്നത്. മഹീന്ദ്ര എയ്‌റോസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന് (MASPL) ഫ്രഞ്ച് വമ്പന്‍മാരായ എയര്‍ബസില്‍ നിന്ന് മറ്റൊരു വലിയ കരാര്‍ ലഭിച്ചു. 'മെയ്ക്ക് ഇന്‍ ഇന്ത്യ' കാമ്പെയ്‌നിനെ സംബന്ധിച്ച് വളരെ വലിയ ഉത്തേജനം ആണിത്. ഫ്രാന്‍സിനു വേണ്ടി എച്ച്125 ഹെലികോപ്റ്ററുകളുടെ പ്രധാന ഘടന (ഫ്യൂസ്ലേജ്) നിര്‍മ്മിക്കാനാണ് ആവശ്യം.
ഇന്ത്യയുടെ അഭിലാഷങ്ങള്‍ നിറവേറ്റുക, ശക്തരാകുക, ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്കുള്ളത്. ഈ പദ്ധതിക്കു ലഭിക്കുന്ന സ്വീകാര്യത അടിവരയിടുന്നതാണ് പുതിയ ഫ്രഞ്ച് കരാര്‍. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര വികസനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ സ്വപ്‌നങ്ങള്‍ക്കും, രാജ്യത്തിന്റെ സാധ്യതകള്‍ക്കും കരാര്‍ കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് വിദേശത്തും പുതിയ വിപണികള്‍ കണ്ടെത്താന്‍ കഴിയും. എയര്‍ബസും, മഹീന്ദ്രയും തമ്മിലുള്ള ഈ കരാര്‍ നിരവധി കരാറുകളില്‍ ഒന്നു മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകദേശം അഞ്ച് മാസങ്ങള്‍ക്കു മുമ്പ് എച്ച്130 ഹെലികോപ്റ്ററുകളുടെ പ്രധാന ഘടന നിര്‍മ്മിക്കാനുള്ള കരാര്‍ എയര്‍ബസില്‍ നിന്ന് മഹീന്ദ്ര കമ്പനി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് എച്ച്125 ഹെലികോപ്റ്ററുകളുടെ ബോഡിക്കായുള്ള പുതിയ കരാര്‍. ഈ കരാറുകള്‍ എയര്‍ബസ് ഹെലികോപ്റ്ററുകളുടെ ആഗോള മൂല്യ ശൃംഖലയില്‍ ഇന്ത്യയുടെ പങ്ക് കൂടുതല്‍ ശക്തിപ്പെടുത്തുന്നു. എയര്‍ബസിനെ സംബന്ധിച്ച് ഇന്ത്യന്‍ കമ്പനികള്‍ ഇന്നു വളരെ പ്രധാനപ്പെട്ടതാകുന്നു.
മഹീന്ദ്രയുടെ ബംഗളൂരു പ്ലാന്റിലാകും എച്ച്130, എച്ച്125 ഹെലികോപ്റ്ററുകളുടെ ഘടന നിര്‍മ്മിക്കുക. വ്യവസായവല്‍ക്കരണ പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്നാണു സൂചന. എച്ച്125 ഫ്യൂസ്ലേജിന്റെ ആദ്യ ഡെലിവറി 2027 ഓടെ പ്രതീക്ഷിക്കുന്നു. അതേസമയം ഈ വമ്പന്‍ കരാറിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഒറ്റ എന്‍ജിന്‍ ഹെലികോപ്റ്ററുകളില്‍ ഒന്നാണ് ഫ്രാന്‍സിന്റെ എച്ച്125. യാത്രാ ഗതാഗതം, വ്യോമ പ്രവര്‍ത്തനം, ടൂറിസം, മെഡിക്കല്‍ ആവശ്യങ്ങള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഇവ ഉപയോഗിക്കുന്നു.
ഫ്രാന്‍സിനുവേണ്ടി പ്രതിരോധ ഹെലികോപ്റ്ററുകളുടെ പ്രധാന ഘടന ഇന്ത്യ നിര്‍മ്മിക്കും; മഹീന്ദ്രയുമായി കരാറായി
