രാജ്യത്ത് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരം ഭുവനേശ്വറെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരം ഭുവനേശ്വറെന്ന് റിപ്പോര്‍ട്ട്


ഭുവനേശ്വര്‍: രാജ്യത്ത് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരം ഭുവനേശ്വറെന്ന് റിപ്പോര്‍ട്ട്. ദേശീയ വനിതാ കമ്മീഷന്റെ 2025 നാരി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. സ്ത്രീസുരക്ഷ സംബന്ധിച്ച 31 നഗരങ്ങളുടെ പട്ടികയാണ് കമ്മീഷന്‍ പുറത്ത് വിട്ടിരിക്കുന്നത്. 

മുംബൈ, കൊഹിമ, വിശാഖപട്ടണം, ഐസ്‌വാള്‍, ഗാങ് ടോക്ക്, ഇറ്റാനഗര്‍, ഭുവനേശ്വര്‍ തുടങ്ങിയ നഗരങ്ങളാണ് പട്ടികയിലുള്ളത്. 31 നഗരങ്ങളില്‍ നിന്നുള്ള 12,770 സ്ത്രീകളുടെ ഇടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. പത്തില്‍ ആറ് സ്ത്രീകളും സുരക്ഷിതത്വം തോന്നുതായി അഭിപ്രായപ്പെട്ടു. നാല്‍പ്പത് ശതമാനം സ്ത്രീകള്‍ക്ക് സുരക്ഷ്വതത്വം അനുഭവപ്പെടുന്നില്ല. രാത്രിയെക്കാള്‍ പകല്‍ സുരക്ഷിതമാണെന്ന അഭിപ്രായവും സര്‍വേയില്‍ പങ്കെടുത്തവര്‍ പങ്കുവച്ചു. പൊതുഗതാഗത സൗകര്യങ്ങളായ ബസിലോ ട്രെയിനിലോ ടാക്‌സികളിലോ രാത്രിയില്‍ സഞ്ചരിക്കുന്നത് സുരക്ഷിതമല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതു പോലെ തന്നെ മാളുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയിടങ്ങളിലും രാത്രി സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്. അതേസമയം വിദ്യാലയങ്ങളിലും കോളജുകളിലും നൂറ് ശതമാനം മുതല്‍ 86ശതമാനം വരെ സുരക്ഷിതത്വം അനുഭവപ്പെടുന്നതായി സ്ത്രീകള്‍ അഭിപ്രായപ്പെട്ടു. മൂന്നില്‍ ഒരു സ്ത്രീ അതിക്രമത്തിന് ഇരയാകുന്നുവെന്നും നാരി റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ മൂന്നില്‍ രണ്ട് പേരും പൊലീസില്‍ പരാതിപ്പെടാന്‍ വിമുഖത കാട്ടുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നൂറില്‍ നൂറ് പേരും നല്ലതോ ചീത്തയോ എന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നാണ് എഴുത്തുകാരിയും സന്നദ്ധ പ്രവര്‍ത്തകയുമായ ഡോ.റോസ്‌ലിന്‍ സഹബി പറയുന്നത്. 90 ശതമാനം സ്ത്രീകളും സമൂഹത്തില്‍ സുരക്ഷിതരാണ്. എന്നാല്‍ പത്ത് ശതമാനം സ്ത്രീകള്‍ ഇരകളും അപമാനിക്കപ്പെടുന്നവരുമാണ്. ലഹരിക്കടിമയായവരോ ദുര്‍മാര്‍ഗികളോ ആയ പുരുഷന്‍മാരാലാണ് ഇവര്‍ക്ക് അപമാനം നേരിടേണ്ടി വരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അര്‍ദ്ധരാത്രിയില്‍ തനിച്ച് ഒരു തെരുവിലൂടെ നടക്കുന്നത് ഒരു സ്ത്രീക്ക് തെല്ലും സുരക്ഷിതമല്ല. അവള്‍ക്ക് ഒരു കൂട്ട് ആവശ്യമുണ്ട്. പലപ്പോഴും ആ മനുഷ്യന്‍ തന്നെ അവളെ ചൂഷണം ചെയ്യുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പതിനഞ്ച് വര്‍ഷമായി താന്‍ ഭുവനേശ്വറിലാണ് താമസിക്കുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത മറ്റൊരു ജോലിക്കാരിയായ സ്ത്രീ വ്യക്തമാക്കി. തനിക്ക് ഇവിടെ സുരക്ഷിതത്വം ഇല്ലായ്മ ഒന്നും അനുഭവപ്പെട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. അത്തരം ഒരു അനുഭവം തനിക്ക് ഉണ്ടായിട്ടില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ സുരക്ഷയ്ക്കായി പൊലീസ് എപ്പോഴുമുണ്ടാകാറുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.