എണ്ണ ഇറക്കുമതിക്കു പുറമെ ഇന്ത്യ റഷ്യയില്‍ നിന്ന് വളവും വാങ്ങിക്കൂട്ടുന്നു

എണ്ണ ഇറക്കുമതിക്കു പുറമെ ഇന്ത്യ റഷ്യയില്‍ നിന്ന് വളവും വാങ്ങിക്കൂട്ടുന്നു


ന്യൂഡല്‍ഹി: റഷ്യയുമായുള്ള വ്യാപാരത്തിന്റെ പേരില്‍ അമിതമായ നികുതി ഏര്‍പ്പെടുത്തി ഇന്ത്യയെ തളര്‍ത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാടിന് ശക്തമായ തിരിച്ചടി നല്‍കി രാജ്യം റഷ്യയുമായി കൂടുതല്‍ വ്യാപാരം നടത്തുന്നു. റഷ്യന്‍ വിഷയത്തില്‍ രാജ്യം ട്രംപിന്റെ ഭീഷണി വകവയ്ക്കുന്നില്ലെന്നും ഇന്ത്യന്‍ ജനതയ്ക്ക് എന്താണോ നേട്ടം അതുമായി മുന്നോട്ടുപോകമെന്നും, ആര്‍ക്കു മുന്നിലും തല കുനിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളതാണ്. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ 50% നികുതി പ്രഖ്യാപനങ്ങള്‍ക്കു ശേഷം ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങല്‍ കുറച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതു തെറ്റാണെന്നു വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്.
ജൂണ്‍, ജൂലൈ മാസങ്ങളെ അപേക്ഷിച്ച് ഓഗസ്റ്റില്‍ ഇറക്കുമതിയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ ഇതിനു കാരണം ട്രംപിന്റെ നികുതിയില്ല. സെപ്റ്റംബറില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുെ്രെകന്‍ യുദ്ധത്തിനു ശേഷം യുഎസും, യൂറോപ്യന്‍ യൂണിയനും റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതു നിരോധനമല്ല. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് എവിടെ നിന്നും ആവശ്യങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് സര്‍ക്കാരിന്റെ പക്ഷം. 

നിലവില്‍ ഇന്ത്യയുടെ എറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒരാളാണ് റഷ്യയെന്നു നിസംശയം പറയാം. ഇന്ത്യയുടെ മൊത്തം എണ്ണ ആവശ്യകതയുടെ 40 ശതമാനത്തിലധകിം നിലവില്‍ നിറവേറ്റുന്നത് മോസ്‌കോ ആണ്. ഇതിനു കാരണം ഇന്ത്യയ്ക്ക് റഷ്യ വാഗ്ദാനം ചെയ്യുന്ന ഇളവുകള്‍ തന്നെ. ആഗോള വിപണിയേക്കാള്‍ താഴ്ന്ന നിരക്കിലാണ് റഷ്യ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുന്നത്. ട്രംപിന്റെ അധിക നികുതി പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ ഈ ഇളവ് പുടിന്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മൊത്തം എണ്ണ ആവശ്യകതയുടെ 85% ഇറക്കുമതി വഴി നിറവേറ്റുന്ന ഇന്ത്യയ്ക്ക് ഈ ഇളവുകള്‍ മൂലം ബാലന്‍സ്ഷീറ്റ് മെച്ചപ്പെടുത്താന്‍ കഴിയുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനം. എണ്ണ പോലെ തന്നെ ലോകത്തെ മികച്ച വളം നിര്‍മ്മാതാക്കള്‍ കൂടിയാണ് റഷ്യ. ഇന്ത്യയ്്ക്ക് ആണെങ്കില്‍ കാര്‍ഷിക രാജ്യം എന്ന മേലങ്കിയുമുണ്ട്. എണ്ണയിലെ ഇളവ് റഷ്യ വളത്തിലും വാഗ്ദാനം ചെയ്‌തേക്കും. കാരണം യുദ്ധത്തിനു ശേഷം റഷ്യയുടെ പ്രധാന വിപണി ഇന്ത്യയാണ്. ഇതോടകം തന്നെ ഇന്ത്യ റഷ്യയില്‍ നിന്നുള്ള വളം ഇറക്കുമതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതു രാജ്യത്തെ ലക്ഷകണക്കിന് കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാത്രം രാജ്യം റഷ്യയില്‍ നിന്നുള്ള വളം ഇറക്കുമതി 20% വര്‍ധിപ്പിച്ചിട്ടുണ്ട്.
ഈ വര്‍ഷം ഇന്ത്യയുടെ മൊത്തം വളം ഇറക്കുമതിയുടെ 33% റഷ്യയില്‍ നിന്നാണ്. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ റഷ്യയുടെ ഇന്ത്യയിലേക്കുള്ള വളം കയറ്റുമതി 2.5 ദശലക്ഷം ടണ്ണിലെത്തിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഓരോ മൂന്നാമത്തെ ടണ്‍ വളവും റഷ്യയില്‍ നിന്നാണ് എന്ന തരത്തില്‍ കാര്യങ്ങള്‍ മാറിയിട്ടുണ്ട്. ഇത് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുന്നതിന്റെ സൂചന കൂടിയാണ്. ഫോസ്ഫറസ് അധിഷ്ഠിത വളങ്ങളുടെ വിതരണത്തിലെ വര്‍ധനവാണ് പ്രധാനമായും വിലക്കയറ്റത്തിന് കാരണമായത്.
ലഭ്യമായ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച നാളെ (2025 സെപ്റ്റംബര്‍ 1, തിങ്കളാഴ്ച) ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയില്‍ ഉണ്ടാകും. ഇതിനു മുന്നോടിയായി മോദിയുമായി യുെ്രെകന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി ഫോണില്‍ സംസാരിച്ചുവെന്നാണ് വാര്‍ത്ത. അതിനാല്‍ തന്നെ മോദി പുടിന്‍ കൂടിക്കാഴ്ച പ്രധാനമാണ്. കൂടാതെ പുടിന്‍ 2025 ഡിസംബറില്‍ ഇന്ത്യയില്‍ എത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും, കരാറുകളും ശക്തിപ്പെടുത്തുമെന്നു കരുതുന്നു.