തേജസ് മാര്‍ക്ക് 1 എ യുദ്ധവിമാനങ്ങള്‍ വിതരണം ചെയ്യാനൊരുങ്ങി പൊതുമേഖലാ സ്ഥാപനമായ എച്ച് ഐ എല്‍

തേജസ് മാര്‍ക്ക് 1 എ യുദ്ധവിമാനങ്ങള്‍ വിതരണം ചെയ്യാനൊരുങ്ങി പൊതുമേഖലാ സ്ഥാപനമായ എച്ച് ഐ എല്‍


ന്യൂഡല്‍ഹി: തേജസ് മാര്‍ക്ക്1എ യുദ്ധവിമാനങ്ങള്‍ വിതരണം ചെയ്യാനൊരുങ്ങി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍). അടുത്ത മാസത്തോടെ രണ്ട് യുദ്ധവിമാനങ്ങള്‍ വിതരണം ചെയ്യുമെന്ന് പ്രതിരോധ സെക്രട്ടറി ആര്‍കെ സിങ് അറിയിച്ചു.

രണ്ട് വിമാനങ്ങളും ലഭിച്ചതിന് ശേഷം 97 തേജസ് ജെറ്റുകളുടെ ഒരു ബാച്ച് കൂടി വാങ്ങുന്നതിനായി സര്‍ക്കാര്‍ എച്ച്എഎല്ലുമായി പുതിയ കരാറില്‍ ഒപ്പുവയ്ക്കാന്‍ സാധ്യതയുണ്ടെന്നും ആര്‍കെ സിങ് പറഞ്ഞു. പഴയ കരാര്‍ അനുസരിച്ചുള്ള തേജസ് മാര്‍ക്ക് 1എ ജെറ്റുകളുടെ വിതരണത്തിലെ കാലതാമസത്തെക്കുറിച്ച് ഇന്ത്യന്‍ വ്യോമസേന ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ജെറ്റുകള്‍ എത്തുന്നത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം വ്യക്തത വരുത്തിയത്. 

ഏകദേശം 38 തേജസ് ജെറ്റുകള്‍ നിലവില്‍ സേവനത്തിലുണ്ടെന്നും 80 എണ്ണം കൂടി നിര്‍മിക്കുന്നുണ്ടെന്നും പ്രതിരോധ സെക്രട്ടറി പറഞ്ഞു. 2021 ഫെബ്രുവരിയിലാണ്, ഐഎഎഫിനായി 83 തേജസ് എംകെ1എ ജെറ്റുകള്‍ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം എച്ച്എഎല്ലുമായി 48,000 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടത്. യുഎസ് പ്രതിരോധ കമ്പനിയായ ജിഇ എയ്‌റോസ്‌പേസ്, എയ്‌റോ എഞ്ചിനുകള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിനാലാണ് സമയപരിധിക്കുള്ളില്‍ വിമാനങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കാതിരുന്നതെന്നാണ് എച്ച്എഎല്‍ നല്‍കുന്ന വിശദീകരണം.

അതേസമയം 97 തേജസ് യുദ്ധവിമാനങ്ങളുടെ ഒരു അധിക ബാച്ച് കൂടി വാങ്ങാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഏകദേശം 67,000 കോടി രൂപ ചെലവില്‍ 97 തേജസ് യുദ്ധവിമാനങ്ങള്‍ക്കുള്ള കരാറിനാണ് ധാരണ. രണ്ട് തേജസ് വിമാനങ്ങള്‍ എത്തിച്ചതിനുശേഷം മാത്രമേ എച്ച്എഎല്ലുമായി പുതിയ കരാറില്‍ ഒപ്പിടുകയുള്ളൂവെന്നും നാലോ അഞ്ചോ വര്‍ഷത്തേക്കായിരിക്കും കരാര്‍ കാലാവധി എന്നും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.

ഇന്ത്യന്‍ വ്യോമസേനയ്ക്കായി കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. സിംഗിള്‍ എഞ്ചിന്‍ എംകെ1എ ഐഎഎഫിന്റെ മിഗ്21 യുദ്ധവിമാനങ്ങള്‍ക്ക് പകരമായിരിക്കും ഇത്. ഔദ്യോഗികമായി അനുവദിച്ച 42 ഫൈറ്റര്‍ സ്‌ക്വാഡ്രണുകളുടെ എണ്ണം 31 ആയി കുറഞ്ഞതിനാല്‍, കൂടുതല്‍ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് വ്യോമസേന ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യോമ പ്രതിരോധം, സമുദ്ര നിരീക്ഷണം, ആക്രമണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സുഖോയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവയാണ് തേജസ്. സിംഗിള്‍ എഞ്ചിന്‍ മള്‍ട്ടിറോള്‍ ഫൈറ്റര്‍ വിമാനമാണ് തേജസ്.