വോട്ടര്‍ പട്ടിക തീവ്ര പുന:പരിശോധനയില്‍ 89 ലക്ഷം പരാതികള്‍ നല്കിയെന്ന് കോണ്‍ഗ്രസ്; ഒന്നും കിട്ടിയില്ലെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍

വോട്ടര്‍ പട്ടിക തീവ്ര പുന:പരിശോധനയില്‍ 89 ലക്ഷം പരാതികള്‍ നല്കിയെന്ന് കോണ്‍ഗ്രസ്;  ഒന്നും കിട്ടിയില്ലെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍


പറ്റ്‌ന: ബിഹാര്‍ വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പുന:പരിശോധനയുമായി (എസ് ഐ ആര്‍) ബന്ധപ്പെട്ട് 89 ലക്ഷം പരാതികള്‍ സമര്‍പ്പിച്ചുവെന്നും തെരഞ്ഞെടുപ്പു കമ്മിഷന്‍ എല്ലാം തള്ളിയെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരാണ് പരാതികള്‍ ശേഖരിച്ചത്. പക്ഷേ ഒന്നൊഴിയാതെ എല്ലാം തള്ളിയെന്നാണ് ആരോപണം. എന്നാല്‍ ഈ ദിവസം വരെയും കോണ്‍ഗ്രസിന്റെ അംഗീകൃത ബൂത്ത്തല പ്രവര്‍ത്തകരോ ജില്ലാ പ്രസിഡന്റുമാരോ വെട്ടിയ പേരുകള്‍ക്ക് എതിരെ ഒരു പരാതി പോലും നല്‍കിയിട്ടില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ പറയുന്നത്.

പരാതികളൊന്നുമില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍. എന്നാല്‍ സത്യം അതല്ലെന്നും പവന്‍ ഖേര കൂട്ടിച്ചേര്‍ത്തു. പരാതികളുമായി എത്തിയ ബിഎല്‍എമാരെ തിരിച്ചയക്കാനാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ ശ്രമിച്ചത്.

പാര്‍ട്ടികള്‍ വഴിയല്ല വ്യക്തികളാണ് പരാതി നല്‍കേണ്ടതെന്നും അല്ലാത്ത പക്ഷം പരാതി സ്വീകരിക്കാന്‍ ആകില്ലെന്നും അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ എസ്‌ഐആര്‍ വീണ്ടും നടത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.