യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയ്ക്ക് മേല്‍ തീരുവ ചുമത്താന്‍ യു എസ് സമ്മര്‍ദ്ദം

യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയ്ക്ക് മേല്‍ തീരുവ ചുമത്താന്‍ യു എസ് സമ്മര്‍ദ്ദം


വാഷിങ്ടണ്‍: ഇന്ത്യയ്ക്കു മേല്‍ തീരുവ ചുമത്താന്‍ യൂറോപ്യന്‍ രാജ്യങ്ങളോടു യു എസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം തീരുവ നേരിടാന്‍ ഇന്ത്യ ബദല്‍മാര്‍ഗങ്ങള്‍ തേടുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ നീക്കം.

ഇന്ത്യയോട് യു എസിന്റെ നിലപാട് ശക്തമാണെങ്കിലും യൂറോപ്യന്‍ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനോ സമാനനീക്കത്തിനോ തയ്യാറായിട്ടില്ല. റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന എണ്ണ ശുദ്ധീകരിച്ചശേഷം നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ വാങ്ങുന്നുണ്ട്. യുക്രെയ്നിന്റെ പ്രധാന ഡീസല്‍ വിതരണക്കാര്‍ ഇന്ത്യയാണെന്ന റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

2025 ജൂലൈയില്‍ യുക്രെയ്ന്‍ ഇറക്കുമതി ചെയ്ത ഡീസലിന്റെ 15.5 ശതമാനം ഇന്ത്യയില്‍ നിന്നാണ്. റുമേനിയ, തുര്‍ക്കി എന്നിവിടങ്ങളിലെ തുറമുഖങ്ങള്‍ വഴി കപ്പലുകളിലൂടെയാണ് യുക്രെയ്‌നിലേക്ക് ചരക്ക് എത്തുന്നത്.