ലണ്ടന്‍: യു കെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ വോട്ടെടുപ്പില്‍ ആദ്യമായി പോപ്പുലിസ്റ്റ് അല്ലെങ്കില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ വോട്ടെടുപ്പില്‍ മുന്നില്‍. വര്‍ഷങ്ങളായി ഉയര്‍ന്ന കുടിയേറ്റവും പണപ്പെരുപ്പവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭൂഖണ്ഡത്തിന്റെ പല ഭാഗങ്ങളിലും വോട്ടര്‍മാര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന അസംതൃപ്തിയുടെ പുതിയ സൂചനയാണിത്.
ഇറ്റലി, ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍ തീവ്ര വലതുപക്ഷ, കുടിയേറ്റ വിരുദ്ധ പാര്‍ട്ടികള്‍ ഇതിനകം തന്നെ സര്‍ക്കാരുകളിലുണ്ട്. എന്നാല്‍ ഇതാദ്യമായാണ് യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളില്‍ അവര്‍ ഒരേ സമയം മുന്നിലെത്തിയത്. ദേശീയ തിരഞ്ഞെടുപ്പുകള്‍ക്ക് ഇനിയും സമയമുണ്ടെങ്കിലും മൂന്ന് രാജ്യങ്ങളിലും രാഷ്ട്രീയ പ്രക്ഷുബ്ധതയുടെ ഒരു കാലഘട്ടത്തിന് ഇത് കാരണമാകും.
കുടിയേറ്റവും ജീവിതച്ചെലവും പോലുള്ള കാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ക്ക് അഭിസംബോധന ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ തീവ്ര വലതുപക്ഷ കാഴ്ചപ്പാടുകളുള്ളവരുമായാണ് മൂന്ന് രാജ്യങ്ങളിലെയും നേതാക്കള്‍ ഏറ്റുമുട്ടേണ്ടിവരികയെന്ന് റിസ്‌ക് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ യുറേഷ്യയുടെ യൂറോപ്പ് മേധാവി മുജ്തബ റഹ്മാന്‍ പറഞ്ഞു.
ഫ്രാന്‍സിലെ കുടിയേറ്റ വിരുദ്ധ നാഷണല്‍ റാലി ഈ വര്‍ഷത്തെ വോട്ടെടുപ്പുകളില്‍ സ്ഥിരമായി മുന്നിലാണ്. കഴിഞ്ഞ മാസം നടന്ന എലാബെ പോള്‍ പ്രകാരം തീവ്ര വലതുപക്ഷ നേതാവ് മറൈന്‍ ലെ പെന്നിന്റെ യുവ ശിഷ്യയായ ജോര്‍ദാന്‍ ബാര്‍ഡെല്ല 36 ശതമാനം അംഗീകാര റേറ്റിംഗുമായി ഏറ്റവും ജനപ്രിയനായി. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് കാണിക്കുന്നത് നാഷണല്‍ റാലിയുടെ സ്ഥാനാര്‍ഥി ബാര്‍ഡെല്ലയായാലും പെന്നായാലും ആദ്യ റൗണ്ടില്‍ മുന്നിലായിരിക്കുമെന്നാണ്.
യു കെയില്‍ മുന്‍ ബ്രെക്‌സിറ്റര്‍ നിഗല്‍ ഫാരേജിന്റെ നേതൃത്വത്തിലുള്ള കുടിയേറ്റ വിരുദ്ധ റിഫോം യു കെ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ വന്‍ മുന്നേറ്റം നടത്തി. ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയേക്കാളും പ്രതിപക്ഷ കണ്‍സര്‍വേറ്റീവുകളേക്കാളും അഭിപ്രായ വോട്ടെടുപ്പുകളില്‍ ഇപ്പോള്‍ മുന്നിലാണ്.
ജര്‍മ്മനിയില്‍ തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി അഥവാ എഎഫ്ഡി വര്‍ഷാരംഭം മുതല്‍ ഭരണകക്ഷിയായ മധ്യ- വലതുപക്ഷ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയനുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഏപ്രിലിനുശേഷം ആദ്യമായാണ് എഎഫ്ഡി നേരിയ മുന്നേറ്റം നടത്തിയതെന്ന് രാജ്യത്തെ പ്രമുഖ പോള്‍സര്‍മാരില്‍ ഒരാളായ ഫോര്‍സ പറയുന്നു.
യു എസിനെപ്പോലെ കോവിഡിന് ശേഷം യൂറോപ്പിന്റെ ഭൂരിഭാഗവും ഒരേസമയം രണ്ട് കാര്യങ്ങള്‍ അനുഭവിച്ചിട്ടുണ്ട്: വോട്ടര്‍മാരുടെ പ്രതികരണത്തിന് കാരണമായ കുടിയേറ്റത്തിന്റെ റെക്കോര്‍ഡ് നിലവാരവും ഇപ്പോള്‍ കുറഞ്ഞുവെങ്കിലും പല സാധനങ്ങളുടെയും വില മുമ്പത്തേക്കാള്‍ വളരെ ഉയര്‍ന്ന നിലയിലാക്കിയ പണപ്പെരുപ്പത്തിലെ കുതിച്ചുചാട്ടവും. ഇത് പല വോട്ടര്‍മാരുടെയും അവസ്ഥയെ കൂടുതല്‍ വഷളാക്കുന്നു. സോഷ്യല്‍ മീഡിയയിലും അഭിപ്രായങ്ങള്‍ ധ്രുവീകരിച്ചിട്ടുണ്ട്.
എന്നിരുന്നാലും യു എസില്‍ നിന്ന് വ്യത്യസ്തമായി യൂറോപ്പിന്റെ ഭൂരിഭാഗവും സാമ്പത്തിക വളര്‍ച്ചയില്ലാത്തതിനാല്‍ ഭൂഖണ്ഡം വര്‍ഷങ്ങളായി രാഷ്ട്രീയ പ്രതിസന്ധി അഭിമുഖീകരിക്കുന്നുവെന്ന വ്യാപകമായ ധാരണയുണ്ട്.
ദ്രുതഗതിയിലുള്ള കുടിയേറ്റത്തോടൊപ്പം സാമ്പത്തിക തകര്‍ച്ചയും നിരവധി വോട്ടര്‍മാരെ സ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ തിരിച്ചുവിട്ട വിഷ സംയോജനമാണെന്ന് മുന്‍ ഫ്രഞ്ച് നയതന്ത്രജ്ഞനും കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ മക്ലാര്‍ട്ടി അസോസിയേറ്റ്‌സിന്റെ യൂറോപ്പ് മേധാവിയുമായ ജെറമി ഗാലണ്‍ പറഞ്ഞു. 'ചെറിയ ഇംഗ്ലീഷ് നഗരങ്ങള്‍ മുതല്‍ ഫ്രഞ്ച് ഗ്രാമപ്രദേശങ്ങളും ജര്‍മ്മന്‍ പട്ടണങ്ങള്‍ വരെയും ഒരേ കഥയാണെന്നും പരമ്പരാഗത വരേണ്യവര്‍ഗം തങ്ങളെ അവജ്ഞയോടെ വീക്ഷിക്കുകയോ അവരുടെ ആശങ്കകള്‍ അവഗണിക്കുകയോ ചെയ്യുന്നതായി പലരും കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായ ഫ്രാന്‍സിലെ മുസ്ലിം ന്യൂനപക്ഷം ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ മതേതര മൂല്യങ്ങളില്‍ അതിക്രമിച്ചു കടക്കുന്നുവെന്ന വ്യാപകമായ ഉത്കണ്ഠയെയും തൊഴിലാളിവര്‍ഗ, മധ്യവര്‍ഗ കുടുംബങ്ങള്‍ക്കിടയിലെ ജീവിത നിലവാരത്തകര്‍ച്ചയെയും ബാര്‍ഡെല്ലയും നാഷണല്‍ റാലിയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍ നാഷണല്‍ റാലി ഫ്രാന്‍സിന്റെ പാര്‍ലമെന്റ് അധോസഭയായ നാഷണല്‍ അസംബ്ലിയിലെ രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിട്ടുണ്ട്.
തീവ്ര വലതുപക്ഷ പാര്‍ട്ടിക്ക് ഭരണം ഏറ്റെടുക്കാനുള്ള അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും മറ്റുള്ളവര്‍ക്ക് രാജ്യം ഭരിക്കുന്നത് അത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. യാഥാസ്ഥിതിക ഫ്രഞ്ച് പ്രധാനമന്ത്രി മൈക്കല്‍ ബാര്‍ണിയറെ സ്ഥാനഭ്രഷ്ടനാക്കി ഒമ്പത് മാസത്തിനുള്ളില്‍ ഫ്രാന്‍സിന്റെ സര്‍ക്കാര്‍ വീണ്ടും തകര്‍ച്ചയുടെ വക്കിലാണ്.
കഴിഞ്ഞ ആഴ്ച നാഷണല്‍ റാലി സെപ്റ്റംബര്‍ എട്ടിന് വീണ്ടും സര്‍ക്കാരിനെതിരെ രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ബജറ്റിന്റെ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റൂ ദേശീയ അസംബ്ലിയില്‍ വിശ്വാസ വോട്ട് നടത്താന്‍ പദ്ധതിയിടുന്നു. പുതിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തുകയോ രാജിവയ്ക്കുകയോ ചെയ്യണമെന്ന് ബാര്‍ഡെല്ല പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് ആവശ്യപ്പെട്ടു.
സമീപ വര്‍ഷങ്ങളില്‍ ജര്‍മ്മനിയും യു കെയും അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റ വളര്‍ച്ചയാണ് കണ്ടത്. എന്നാല്‍ ഈ വര്‍ഷം കുടിയേറ്റക്കാരുടെ എണ്ണം കുറയാന്‍ തുടങ്ങിയിട്ടുണ്ട്. ജര്‍മ്മനിയില്‍ രാജ്യത്തിന് പുറത്ത് ജനിച്ച നിവാസികളുടെ അനുപാതം 2017ല്‍ 15 ശതമാനം ആയിരുന്നുവെങ്കില്‍ 2024ല്‍ 22 ശതമാനം എന്ന റെക്കോര്‍ഡ് ഉയര്‍ന്ന നിരക്കിലേക്കെത്തി. സര്‍ക്കാര്‍ ഡേറ്റ പ്രകാരമാണ് ഈ കണക്ക് പുറത്തുവന്നത്. യു എസില്‍ കുടിയേറ്റക്കാരുടേത് ഏകദേശം 16 ശതമാനമാണ്.
അതേസമയം, നിയമപരവും നിയമവിരുദ്ധവുമായ കുടിയേറ്റത്തില്‍ യു കെ റെക്കോര്‍ഡ് വര്‍ധനവാണ് കാണിക്കുന്നത്. 2021നും 2024നും ഇടയില്‍ ഏകദേശം 4.5 ദശലക്ഷം ആളുകള്‍ നിയമപരമായി എത്തി. ഇവരില്‍ പ്രധാനമായും ഇന്ത്യ, നൈജീരിയ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരാണുള്ളത്. യു കെ ജനസംഖ്യയുടെ അഞ്ചിരട്ടിയോളം വരുന്ന യു എസിലേക്ക് നിയമപരമായി പ്രവേശിച്ചവരേക്കാള്‍ അല്‍പം കൂടുതലാണ് ഈ സംഖ്യ. കൂടാതെ, അഭയം തേടാന്‍ പതിനായിരക്കണക്കിന് ആളുകള്‍ എല്ലാ വര്‍ഷവും ഇംഗ്ലീഷ് ചാനല്‍ അനധികൃതമായി കടക്കുന്നുണ്ട്.
ഈ വര്‍ഷം ഓഗസ്റ്റ് അവസാനം വരെ 29,000 പേര്‍ അതിര്‍ത്തി കടന്നിട്ടുണ്ട്. ഇത് കുടിയേറ്റക്കാരുടെ കള്ളക്കടത്ത് നിയന്ത്രിക്കുന്ന 'സംഘങ്ങളെ അടിച്ചമര്‍ത്തുമെന്നും' ക്രോസിംഗുകള്‍ കുറയ്ക്കുമെന്നും പ്രഖ്യാപിച്ച് കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറില്‍ സമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണമായി.
സ്റ്റാര്‍മറിലിണ്ടാകുന്ന സമ്മര്‍ദ്ദത്തിന് പുറമേ, അഭയ കേസുകള്‍ പരിഹരിക്കുന്നതുവരെ കുടിയേറ്റക്കാര്‍ക്ക് താമസിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കുന്ന പ്രാദേശിക ഹോട്ടലുകള്‍ ഉപയോഗിക്കുന്നതിനെതിരെ ചില ഇംഗ്ലീഷ് പട്ടണങ്ങളില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തു.
ജര്‍മ്മനിയില്‍ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയുടെ കുതിച്ചുചാട്ടത്തിന് പിന്നാലെ സവിശേഷമായ കാര്യം നിലവിലെ സര്‍ക്കാരിനു കീഴിലുള്ള കുടിയേറ്റ എണ്ണത്തില്‍ കുറവുണ്ടായതാണ്. കര്‍ശനമായ അതിര്‍ത്തി നിയന്ത്രണങ്ങള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പുതിയ അഭയ അഭ്യര്‍ഥനകള്‍ മൂന്നിലൊന്നില്‍ കൂടുതലാണ് കുറഞ്ഞത്. യാഥാസ്ഥിതിക ചാന്‍സലറായ ഫ്രെഡറിക് മെര്‍സ് എ എഫ് ഡി അമിതമായി വിമര്‍ശിക്കുന്ന തന്റെ മുന്‍ഗാമിയുടെ ചില ഹരിത നയങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.
കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറവുകള്‍ മുതല്‍ വര്‍ധിച്ചുവരുന്ന അടിസ്ഥാന സൗകര്യ നിക്ഷേപങ്ങള്‍ വരെയുള്ള വളര്‍ച്ചയെ പിന്തുണയ്ക്കുന്ന നടപടികള്‍ ഇതുവരെ ഫലങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. ഏറ്റവും പുതിയ പാദത്തില്‍ സമ്പദ്വ്യവസ്ഥ 0.3 ശതമാനം ചുരുങ്ങി. ഇത് രണ്ട് വര്‍ഷത്തെ മാന്ദ്യം വര്‍ധിപ്പിക്കുകയും ചെയ്തു.
ഫോര്‍സയുടെ തലവന്‍ മാന്‍ഫ്രെഡ് ഗുള്‍നര്‍ പറയുന്നത് ഇത് എ എഫ് ഡിയുടെ സമീപകാല കുതിപ്പിന് കാരണമായ ഘടകങ്ങളില്‍ ഒന്നായിരുന്നുവെന്നാണ്. വോട്ടര്‍മാര്‍ ധാരാളം നടപടികള്‍ കാണുന്നുണ്ടെങ്കിലും അവര്‍ക്ക് ഫലങ്ങളൊന്നും അനുഭവപ്പെടുന്നില്ലെന്നാണ്. വാഗ്ദാനങ്ങള്‍ക്കും ഫലങ്ങള്‍ക്കും ഇടയിലുള്ള പൊരുത്തക്കേടും കാലതാമസവുമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
നിയമവിരുദ്ധമായി രാജ്യത്തേക്ക് കുടിയേറിയവരെ നാടുകടത്തണമെന്നും ജര്‍മ്മനി യൂറോപ്യന്‍ യൂണിയനില്‍ നിന്നും യൂറോ കറന്‍സിയില്‍ നിന്നും പുറത്തുപോകണമെന്നും രാജ്യം ഹോളോകോസ്റ്റ് ഓര്‍മ്മയുടെ സംസ്‌കാരത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണമെന്നും എ എഫ് ഡി പ്രചാരണം നടത്തി. മനുഷ്യനിര്‍മിത കാലാവസ്ഥാ വ്യതിയാനം എന്ന ആശയം അത് നിരസിക്കുന്നു. അതിന്റെ സാമ്പത്തിക നയങ്ങള്‍ മെര്‍സിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്റേതിന് സമാനമാണ്. പക്ഷേ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനും പൗരന്മാരല്ലാത്തവര്‍ക്ക് ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് പരിമിതപ്പെടുത്താനും അവര്‍ ആഗ്രഹിക്കുന്നു.
റഷ്യയോടും ചൈനയോടും ഉള്ള അനുകമ്പയെക്കുറിച്ച് ചില നേതാക്കളുടെയും നിയമനിര്‍മ്മാതാക്കളുടെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ജര്‍മ്മനി മോസ്‌കോയുമായി ഊര്‍ജ്ജ കരാറുകള്‍ പുനരാരംഭിക്കണമെന്ന് പാര്‍ട്ടി ജര്‍മ്മനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നീക്കം രാജ്യത്തിന്റെ കയറ്റുമതി വ്യവസായങ്ങളെ തകര്‍ക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. എന്നാല്‍ പ്രസിഡന്റ് ട്രംപുമായി അടുപ്പമുള്ള ആളുകളുടെ, പ്രത്യേകിച്ച് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെയും ടെക് കോടീശ്വരന്‍ എലോണ്‍ മസ്‌കിന്റെയും പിന്തുണയും പാര്‍ട്ടിക്ക് ലഭിക്കുന്നുണ്ട്.
സാമ്പത്തിക നിരാശയെ ഉപയോഗപ്പെടുത്തി എ എഫ് ഡി തങ്ങളുടെ ആകര്‍ഷണീയത ഉറപ്പിച്ചു. ഫെബ്രുവരിയിലെ ഫെഡറല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷ, കുടിയേറ്റം തുടങ്ങിയ വിഷയങ്ങള്‍ക്ക് മുമ്പ് സാമ്പത്തിക നിര്‍ദ്ദേശങ്ങളിലാണ് എ എഫ് ഡി ശ്രദ്ധ കേന്ദ്രീകരിച്ചത്. മുന്‍ കിഴക്കന്‍ ജര്‍മ്മനിയിലെ പാര്‍ട്ടിയുടെ ചരിത്രപരമായ ശക്തികേന്ദ്രങ്ങളില്‍ നിന്ന് വളരെ അകലെയുള്ള സാമ്പത്തികമായി തളര്‍ന്ന പ്രദേശങ്ങളിലെ നീലക്കോളര്‍ വോട്ടര്‍മാരുടെ പിന്തുണ നേടാന്‍ ഇത് അവരെ സഹായിച്ചു.