വാഷിംഗ്ടണ്‍: റഷ്യയുമായുള്ള അസംസ്‌കൃത എണ്ണ വ്യാപാരത്തിന് ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം അധിക തീരുവ ചുമത്താനുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം 'അനാദരവും അജ്ഞതയുമുള്ള നയമാണ്' എന്ന് റഷ്യ ടുഡേയിലെ 'സാഞ്ചസ് ഇഫക്റ്റ്' അവതാരകനായ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ റിക്ക് സാഞ്ചസ്.
എ എന്‍ ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യു എസ് ഇന്ത്യയെ ഒരു 'സ്‌കൂള്‍ കുട്ടി'യെപ്പോലെ പരിഗണിക്കരുതെന്ന് സാഞ്ചസ് വ്യക്തമാക്കി. 'ഇന്ത്യ സ്‌കൂള്‍ കുട്ടിയല്ല, വലിയ കുട്ടിയാണ്,' സാഞ്ചസ് പറഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനങ്ങള്‍ പലപ്പോഴും 'പകയും അശാസ്ത്രീയ ചിന്തയും' മൂലമാണെന്ന നിരീക്ഷണവും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ സ്വന്തം നിലപാട് നിലനിര്‍ത്തുന്നതിന് അദ്ദേഹം പ്രശംസിച്ചു.
സെക്കന്‍ഡറി താരിഫുകളെക്കുറിച്ചുള്ള യു എസ് നയത്തെ 'മിക്ക ആളുകളുടെയും കണ്ണില്‍ അങ്ങേയറ്റം അസംബന്ധമായ'തായി സാഞ്ചസ് വിശേഷിപ്പിച്ചു. തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ മേല്‍നോട്ടം ആവശ്യമാണെന്ന് ഇന്ത്യയെ പരിഗണിക്കുന്ന അമേരിക്കന്‍ സമീപനത്തെ അദ്ദേഹം വിമര്‍ശിച്ചു.
റഷ്യയുടെ കാഴ്ചപ്പാടില്‍ നിന്ന് യുക്രെയ്ന്‍ യുദ്ധത്തിന് കാരണമായതിന്റെ അടിസ്ഥാനം അവര്‍ക്ക് മനസ്സിലാകുന്നില്ലെന്നും അത് കണക്കിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമാനമായ ഇടപാടുകള്‍ക്ക് ചൈനയ്ക്കും യൂറോപ്പിനും ഉപരോധം ഏര്‍പ്പെടുത്താതെ ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങലുകളെക്കുറിച്ചുള്ള ട്രംപിന്റെ വിമര്‍ശനത്തെ പൊരുത്തക്കേട് നിറഞ്ഞ സമീപനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്‍ക്കാണ് ട്രംപ് ഉപരോധം ഏര്‍പ്പെടുത്തുന്നതെന്നോ എന്തിനാണ് അദ്ദേഹം അവര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതെന്നോ എപ്പോഴാണ് ഉപരോധം ഏര്‍പ്പെടുത്തുന്നതെന്നോ പ്രത്യേകമായ ഒരു താളമോ കാരണമോ ഇല്ലെന്നും അത് നല്ലതല്ലെന്നും സ്ഥിരത ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാഞ്ചസിന്റെ അഭിപ്രായത്തില്‍ ബീജിംഗ് റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവാണെങ്കിലും ചൈനയ്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ അമേരിക്കയ്ക്ക് പരിമിതികള്‍ ഉണ്ടെന്ന് അമേരിക്ക തിരിച്ചറിയുന്നുണ്ട്.
ഇന്ത്യ- പാകിസ്ഥാന്‍ നയതന്ത്ര കാര്യങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിലുള്ള ട്രംപിന്റെ വ്യക്തിപരമായ അതൃപ്തിയില്‍ നിന്നാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യു എസ് 50 ശതമാനം തീരുവ ചുമത്തിയതെന്ന് അടുത്തിടെ വന്ന ജെഫറീസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ വിശകലനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തിപരമായ പരാതികളും യുക്തിരഹിതമായ പരിഗണനകളും സ്വാധീനിച്ച് തീരുമാനങ്ങള്‍ എടുക്കുന്ന ട്രംപിന്റെ പ്രവണതയെ സാഞ്ചസ് എടുത്തുപറഞ്ഞു.
ഇപ്പോഴത്തെ പല അമേരിക്കന്‍ നേതാക്കളും അന്താരാഷ്ട്ര പ്രശ്നങ്ങളുടെ പശ്ചാത്തലം, ചരിത്ര സന്ദര്‍ഭം, സാംസ്‌കാരിക വശങ്ങള്‍ എന്നിവയെക്കുറിച്ച് ആശങ്കാജനകമായ ധാരണയില്ലായ്മ കാണിക്കുന്നുണ്ട്. അവരുടെ തീരുമാനങ്ങള്‍ പലപ്പോഴും കേബിള്‍ വാര്‍ത്താ കവറേജില്‍ നിന്നാണ് വരുന്നത്. പാകിസ്ഥാന്‍- ഇന്ത്യ സംഘര്‍ഷങ്ങളുടെ പരിഹാരകനായി ട്രംപിനെ മോഡി അംഗീകരിക്കാത്തതിനാല്‍ വ്യക്തിപരമായി കുറ്റപ്പെടുത്തിയെന്ന് പിന്നീട് കണ്ടെത്തിയത് ശരിയാണെന്ന് അദ്ദേഹം വിശദീകരിച്ചു.
റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തെ മോഡിയുടെ യുദ്ധമായാണ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാരോ വിശേഷിപ്പിച്ചത്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് സാഞ്ചസ് പ്രതികരിച്ചത് 'അത് തികച്ചും പരിഹാസ്യമാണ്' എന്നാണ്.
പീറ്റര്‍ നവാരോയുടെ ബൗദ്ധിക കഴിവുകള്‍ പരിമിതമാണെന്നും അദ്ദേഹത്തെ ഒരിക്കലും പ്രധാന ബുദ്ധിജീവിയായി കണക്കാക്കിയിട്ടില്ലെന്നും സാഞ്ചസ് നിരീക്ഷിച്ചു.
ഭൗമരാഷ്ട്രീയത്തെക്കുറിച്ചും ആഗോള- ദക്ഷിണ വീക്ഷണത്തെക്കുറിച്ചും അമേരിക്ക ശ്രദ്ധേയമായ അജ്ഞതയാണ് പ്രകടിപ്പിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചും ചൈന, റഷ്യ, യുക്രെയ്ന്‍ എന്നിവയുമായുള്ള സങ്കീര്‍ണ്ണമായ ബന്ധങ്ങളെക്കുറിച്ചും പൂര്‍ണ്ണമായ അജ്ഞതയുണ്ട്. അത്തരം അജ്ഞതയാണ് ഇത്തരം അര്‍ഥശൂന്യമായ പ്രസ്താവനകളിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധക്കൊതിയന്മാരും നവയാഥാസ്ഥിതികരും ആയുധ വ്യവസായ പ്രതിനിധികളും ഇന്ത്യയെയോ റഷ്യയെയോ ചൈനയെയോ നേരിടാന്‍ ട്രംപിനെതിരെ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും അത്തരം പ്രവര്‍ത്തനങ്ങളിലെ തന്ത്രപരമായ തെറ്റ് അദ്ദേഹം അടിസ്ഥാനപരമായി തിരിച്ചറിയുന്നുവെന്നും വിശദീകരിച്ചു.
ചരിത്രം, സംസ്‌കാരം, രാജ്യ പരിണാമം, മുന്‍കാല യുദ്ധങ്ങള്‍, വ്യാപാരം, മറ്റ് വിഷയങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ട്രംപ് അക്ഷരാര്‍ഥത്തില്‍ യു കെ ജിയിലാണ്. അദ്ദേഹത്തിന്റെ വലിയ മനോഹരമായ തലയ്ക്ക് അറിവിന്റെ ദൗര്‍ലഭ്യമുണ്ട്. അത് ജ്ഞാനത്തിനുപകരം അഹങ്കാരത്താല്‍ നിറഞ്ഞിരിക്കുന്നുവെന്നും റിക്ക് സാഞ്ചസ് പറഞ്ഞു.