ഹമാസ് സായുധ വിഭാഗമായ അൽ ഖസ്സാം വക്താവ് അബൂ ഉബൈദ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ; സ്ഥിരീകരിക്കാതെ ഹമാസ്

ഹമാസ് സായുധ വിഭാഗമായ അൽ ഖസ്സാം വക്താവ് അബൂ ഉബൈദ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ; സ്ഥിരീകരിക്കാതെ ഹമാസ്


ടെൽ അവീവ് : ഹമാസ് സായുധ വിഭാഗമായ അൽ ഖസ്സാം വക്താവ് അബൂ ഉബൈദയെ വധിച്ചെന്ന് ഇസ്രായേലി മാധ്യമങ്ങൾ. ഗാസ സിറ്റിയിലെ റിമാൽ മേഖലയിൽ ശനിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അബു ഉബൈദ കൊല്ലപ്പെട്ടതെന്ന് പലസ്തീൻ, ഇസ്രായേൽ വൃത്തങ്ങളെ ഉദ്ധരിച്ച് Ynet News റിപ്പോർട്ട് ചെയ്യുന്നു. അബൂ ഉബൈദയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും അവകാശപ്പെട്ടു.
എന്നാൽ അബു ഉബൈദയുടെ മരണം ഹമാസോ അൽ ഖസ്സാമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഒരു അപ്പാർട്ട്‌മെന്റിൽ നടന്ന ആക്രമണത്തിൽ എല്ലാ താമസക്കാരും കൊല്ലപ്പെട്ടതായി ഒരു പലസ്തീൻ വൃത്തത്തെ ഉദ്ധരിച്ച് സൗദി മാധ്യമം അൽഅറേബ്യ റിപ്പോർട്ട് ചെയ്തു. അബു ഉബൈദ എന്ന നാമത്തിൽ അറിയപ്പെടുന്ന ഹുദൈഫ സമീർ അബ്ദുല്ല അൽകഹ്‌ലൗത്ത് പലസ്തീൻ പോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ്. വർഷങ്ങളായി ഖസ്സാമിന്റെ വാർത്തകൾ മുഖംമറച്ച് വിഡിയോ വഴി പുറത്തുവിട്ടിരുന്നത് അബൂ ഉബൈദയെന്ന പേരിലാണ്.
2002 ലാണ് മുതിർന്ന ഫീൽഡ് ഓപ്പറേറ്റീവായി അദ്ദേഹം ഉയർന്നുവന്നത്. പിന്നീട് 2005 ൽ ഇസ്രായേൽ ഗാസയിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് ഔദ്യോഗിക വക്താവായി.

മുഹമ്മദ് സിൻവാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്

ഗസ്സ സിറ്റി: യഹ്യ സിൻവാറിന്റെ സഹോദരനും ഫലസ്തീൻ പോരാളിയുമായ മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്. 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണം ആസൂത്രണം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു മുഹമ്മദ് സിൻവാർ. 'രക്തസാക്ഷികൾ' എന്ന് വിശേഷിപ്പിച്ച് ഇസ്മാഈൽ ഹനിയ്യ, യഹ്യ സിൻവാർ, മുഹമ്മദ് ദൈഫ് അടക്കമുള്ള നേതാക്കളുടെ ചിത്രങ്ങളോടൊപ്പം മുഹമ്മദ് സിൻവാറിന്റെയും ചിത്രം ഹമാസ് പുറത്തുവിട്ടു.

യഹ്യ സിൻവാറിന്റെ മരണശേഷം മുഹമ്മദ് സിൻവാറിനായിരുന്നു ഹമാസിന്റെ ചുമതല. 2021 മേയിൽ മുഹമ്മദ് സിൻവാറിനെ വധിക്കാൻ ഇസ്രായേൽ ആറുതവണ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. സിൻവാർ മരിച്ചെന്ന് 2014ൽ വാർത്ത പ്രചരിച്ചിരുന്നെങ്കിലും പിന്നീട് വിവരം തെറ്റാണെന്ന് കണ്ടെത്തി.