ഗാസസിറ്റി: ഗാസ സിറ്റിക്ക് നേരെ ഇസ്രായേലിന്റെ ആക്രമണം തുടരുന്നു. ഞായറാഴ്ച മാത്രം 78 പലസ്തീനികൾ കൊല്ലപ്പെട്ടു.
ഹമാസ് സായുധവിഭാഗം വക്താവ് അബൂ ഉബൈദയെ വധിച്ചതായും ഇസ്രായേൽ അവകാശപ്പെടുന്നുണ്ട്. ഇതിനിടെ പ്രധാനമന്ത്രിയുടെ കൊലപാതകത്തിൽ പകരം വീട്ടുമെന്ന് യെമൻ ഹൂതികൾ, ഇസ്രായേലിന് മുന്നറിയിപ്പ് നൽകി.
ഗാസ സിറ്റിക്ക് നേരെ ആക്രമണം വിപുലപ്പെടുത്തുകയാണ് ഇസ്രായേൽ. നിരവധി കെട്ടിടങ്ങളും പാർപ്പിടങ്ങളും തകർന്നുവീണ ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 78 പലസ്തീനികളാണ്. ഇതിൽ, 32 പേർ ഭക്ഷണം തേടിയെത്തിയവരാണ്. പോകാൻ മറ്റൊരു ഇടമില്ലാതെ പതിനായിരങ്ങളാണ് ഗാസ സിറ്റിയിൽ കഴിയുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദേർ അൽ ബലാഹ്, സബ്‌റ എന്നിവിടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ ഇസ്‌ലാം മുഹാരിബ് ആബിദ് എന്ന മാധ്യമ പ്രവർത്തകനെയും ഇസ്രായേൽ വധിച്ചു.
ഇതോടെ ഗാസയിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ എണ്ണം 247 ആയി. ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബൂ ഉബൈദയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും അവകാശപ്പെട്ടു. ഗാസ സിറ്റിയിലെ രിമാലിൽ അപ്പാർട്‌മെന്റിൽ നടത്തിയ ബോംബിങ്ങിലാണ് അബൂ ഉബൈദ കൊല്ലപ്പെട്ടതെന്നാണ് അവകാശവാദം. വാർത്ത ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം യഹ്യ സിൻവാറിന്റെ സഹോദരനും പലസ്തീൻ പോരാളിയുമായ മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണം ആസൂത്രണം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു മുഹമ്മദ് സിൻവാർ.
ഗാസ സിറ്റിയിലെ ഇസ്രായേൽ ആക്രമണത്തിൽ 78 പലസ്തീനികൾ കൊല്ലപ്പെട്ടു
