ക്രിസ്റ്റഫര്‍ കൂട്ടര്‍ ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷണര്‍

ക്രിസ്റ്റഫര്‍ കൂട്ടര്‍ ഇന്ത്യയിലെ കനേഡിയന്‍  ഹൈക്കമ്മീഷണര്‍


ഒട്ടാവ: ഇന്ത്യ- കാനഡ ബന്ധങ്ങളിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായി കാനഡ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ക്രിസ്റ്റഫര്‍ കൂട്ടറെ ഇന്ത്യയിലെ ഹൈക്കമ്മീഷണറായി നിയമിച്ചു. 

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പ്രതിസന്ധിയിലായതോടെ പരസ്പരം ഉന്നത നയതന്ത്രജ്ഞരെ പുറത്താക്കി പത്ത് മാസത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും പുതിയ ദൂതന്മാരെ ഔദ്യോഗികമായി നാമനിര്‍ദ്ദേശം ചെയ്യുന്നത്. 

കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് കൂട്ടറുടെ നിയമനം സ്ഥിരീകരിച്ചു. മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ദിനേശ് കെ പട്‌നായിക് കാനഡയിലേക്കുള്ള ഇന്ത്യയുടെ അടുത്ത ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിക്കുമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

1990ല്‍ വിദേശകാര്യ, അന്താരാഷ്ട്ര വ്യാപാര കാനഡയില്‍ ചേര്‍ന്ന കൂട്ടര്‍ പി്ന്നീട് കെനിയയിലും ഇന്ത്യയിലും പൊളിറ്റിക്കല്‍ ഓഫീസര്‍, കംബോഡിയയില്‍ ചാര്‍ജ് ഡി അഫയേഴ്സ്, 'നാറ്റോ'യുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി, നൈജീരിയ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, ജോര്‍ജിയ, മഡഗാസ്‌കര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഹൈക്കമ്മീഷണര്‍ അല്ലെങ്കില്‍ അംബാസഡര്‍ എന്നിവയുള്‍പ്പെടെ ലോകമെമ്പാടും പ്രധാന പോസ്റ്റിംഗുകള്‍ വഹിച്ചിട്ടുണ്ട്.