തിരുവനന്തപുരം: കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) സ്‌കില്‍ കേരള ഗ്ലോബല്‍ ഉച്ചകോടിയില്‍ പുറത്തിറക്കിയ ലിങ്ക്ഡ്ഇന്‍ ടാലന്റ് ഇന്‍സൈറ്റ്സ് റിപ്പോര്‍ട്ട് പ്രകാരം വിദേശത്ത് നിന്ന് പ്രത്യേകിച്ച് ഗള്‍ഫ് മേഖലയില്‍ നിന്ന് വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ കേരളത്തിലേക്ക് ഗണ്യമായി തിരിച്ചൊഴുകുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യു എ ഇയില്‍ നിന്ന് 9,800ലധികം പ്രൊഫഷണലുകളാണ് തിരിച്ചെത്തിയതെന്നും മടങ്ങിയെത്തിയവരുടെ പട്ടികയില്‍ മുന്നിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സൗദി അറേബ്യയും യു കെയും (1,600ലധികം വീതം), ഖത്തര്‍ (1,400), യു എസ് (1,200) എന്നിവയാണ് മറ്റ് പ്രധാന രാജ്യങ്ങള്‍.
ആഭ്യന്തരമായി ഏകദേശം 7,700 പ്രൊഫഷണലുകള്‍ കര്‍ണാടകയില്‍ നിന്ന് താമസം മാറിയിട്ടുണ്ട്. തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇത്തരത്തില്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്.
ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രൊഫഷണലുകള്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍, ധനകാര്യം, സംരംഭകത്വം എന്നിവയില്‍ വൈദഗ്ദ്ധ്യം കൊണ്ടുവരുമെന്നും കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര കുടിയേറ്റക്കാര്‍ ഉത്പന്ന മാനേജ്മെന്റ്, ഗവേഷണം, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ കേരളത്തിന്റെ നവീകരണ, സാങ്കേതിക മേഖലകളെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഡിജിറ്റല്‍, പ്രൊഫഷണല്‍ പരിശീലനത്തിലെ പങ്കാളിത്തം ഇരട്ടിയായി, കൃത്രിമബുദ്ധി, ഡേറ്റ വിശകലനം, സാമ്പത്തിക ആസൂത്രണം തുടങ്ങിയ ഉയര്‍ന്നുവരുന്ന കഴിവുകളില്‍ മുന്നിലാണ്. 2030 ആകുമ്പോഴേക്കും 39 ശതമാനം പ്രധാന തൊഴില്‍ വൈദഗ്ധ്യങ്ങള്‍ മാറുകയോ കാലഹരണപ്പെടുകയോ ചെയ്യുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഇത് പുനര്‍നൈപുണ്യ സംരംഭങ്ങളുടെ അടിയന്തര ആവശ്യകത എടുത്തുകാണിക്കുന്നു.
അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തിലെ പ്രൊഫഷണല്‍ തൊഴില്‍ ശക്തി 172 ശതമാനം വര്‍ധിച്ചത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിന് ഒമ്പതാം സ്ഥാനം നല്‍കി. ഏകദേശം 40 ശതമാനം പ്രൊഫഷണലുകള്‍ കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് താമസിക്കുന്നത്.
സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍, അക്കൗണ്ടന്റുമാര്‍, അധ്യാപകര്‍ എന്നിവ പ്രധാന റോളുകളില്‍ ഉള്‍പ്പെടുന്നു. സാങ്കേതികവിദ്യ, ധനകാര്യം, വിദ്യാഭ്യാസം എന്നിവ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ തൂണുകളായി എടുത്തുകാണിക്കുന്നു.
ഐ ടി സേവനങ്ങള്‍, ധനകാര്യം, ആരോഗ്യ സംരക്ഷണം, നിര്‍മ്മാണം എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ ഏറ്റവും മികച്ച നിയമന മേഖലകളുമായി കേരളം മുമ്പോട്ടേക്ക് കുതിക്കുന്നു. അതേസമയം ബയോടെക്‌നോളജി, ഓട്ടോമേഷന്‍, അഡ്വാന്‍സ്ഡ് അനലിറ്റിക്‌സ് എന്നിവയില്‍ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത സാധ്യതകളും കാണിക്കുന്നുണ്ട്. തൊഴില്‍ ശക്തിയുടെ 37 ശതമാനമാണ് വനിതകള്‍. ഇത് ദേശീയ ശരാശരിയായ 30 ശതമാനത്തേക്കാള്‍ കൂടുതലാണ്. പക്വതയും ആഗോള മത്സരക്ഷമതയും പ്രതിഫലിപ്പിക്കുന്ന ഏറ്റവും വലിയ കൂട്ടം മിഡ്-സീനിയര്‍ ലെവല്‍ പ്രൊഫഷണലുകളാണ്.
റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ഉച്ചകോടിയില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിറ്റല്‍ സാക്ഷരതയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പുരോഗതിയും വളര്‍ത്തിയെടുക്കുന്ന വിജ്ഞാനാധിഷ്ഠിതവും നൂതനവുമായ സമൂഹമായി മാറുകയാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി.
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ റിപ്പോര്‍ട്ടിനെ സാമ്പത്തിക റോഡ്മാപ്പ് എന്നാണ് വിശേഷിപ്പിച്ചത്. ഇത് സംസ്ഥാനത്തിന്റെ മാനുഷിക മൂലധനത്തെക്കുറിച്ചുള്ള വിലപ്പെട്ട ഉള്‍ക്കാഴ്ചകളാണ് നല്‍കുന്നത്.
യുവാക്കളെ തൊഴില്‍ ശക്തിയുടെ ആവശ്യങ്ങളുമായി വിന്യസിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വികസിച്ചുകൊണ്ടിരിക്കുന്ന തൊഴില്‍ വിപണികളോട് പ്രതികരിക്കുന്നതിന് നയിക്കുന്നതിനുമുള്ള സുപ്രധാന ഉപകരണമാണെന്ന് കെ-ഡിസ്‌കിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ എം എബ്രഹാം റിപ്പോര്‍ട്ടിനെ വിശേഷിപ്പിച്ചു. ലിങ്ക്ഡ്ഇന്‍ ഇന്ത്യ മേധാവി കുമരേഷ് പട്ടാഭിരാമന്‍ സഹകരണത്തെ സ്വാഗതം ചെയ്തു. ഭാവിയിലേക്ക് വൈദഗ്ധ്യവും മത്സരക്ഷമതയുമുള്ള തൊഴില്‍ ശക്തിയെ തയ്യാറാക്കാന്‍ റിപ്പോര്‍ട്ട് കേരളത്തെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.