ന്യൂഡൽഹി: ഇൻഡോറിലേക്ക് പോയ എയർ ഇന്ത്യ വിമാനം എൻജിനിൽ തീ കണ്ടെത്തിയതിനെ തുടർന്ന് തിരികെ പറന്നു. ഡൽഹിയിൽ നിന്നും പറന്നുയർന്ന ഉടനെയാണ് വിമാനത്തിൽ തകരാർ കണ്ടെത്തിയത്. വിമാനത്തിന്റെ വലത് എൻജിനിലാണ് തീയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചത്.
എയർ ഇന്ത്യ എ.ഐ 2913 വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. വിമാനത്തിൽ തീയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് പൈലറ്റുമാർ വിമാനം ഡൽഹിയിൽ തന്നെ ഇറക്കുകയായിരുന്നു. എയർ ഇന്ത്യ എ.ഐ 2913 വിമാനത്തിൽ തീ കണ്ടതിനെ തുടർന്ന് ഡൽഹിയിലേക്ക് തന്നെ തിരികെ പറന്നുവെന്ന് വിമാന കമ്പനിയുടെ ഉടമസ്ഥതരായ ടാറ്റ എയർലൈൻസ് അറിയിച്ചു.
മുന്നറിയിപ്പ് ലഭിച്ചയുടൻ പൈലറ്റ് എൻജിൻ ഓഫ് ചെയ്യുകയും ഡൽഹിയിലേക്ക് തന്നെ തിരികെ പറക്കുകയും ചെയ്തുവെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.
മറ്റൊരു സംഭവത്തിൽ കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ അക 504 വിമാനം യന്ത്രത്തകരാറിനെ തുടർന്ന് റൺവേയിൽ നിന്ന് തെന്നിമാറിയതായി സൂചന. ഇതേത്തുടർന്ന് ടേക്ക് ഓഫ് നിർത്തിവച്ച വിമാനം റദ്ദാക്കി. യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പാടാക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
രാത്രി 10.15ന് ബോർഡിംഗ് ആരംഭിച്ച വിമാനം ടേക്ക് ഓഫിനായി റൺവേയിലേക്ക് നീങ്ങുമ്പോഴാണ് സംഭവം. വിമാനത്തിൽ യാത്രക്കാരനായിരുന്ന ഹൈബി ഈഡൻ എം.പിയാണ് വിവരം ആദ്യം പുറത്തുവിട്ടത്. 'എഐ 504 വിമാനത്തിൽ എന്തോ അസാധാരണമായി സംഭവിച്ചിരിക്കുന്നു. വിമാനം റൺവേയിൽ തെന്നിമാറിയതുപോലെ തോന്നി. ഇതുവരെ ടേക്ക് ഓഫ് ചെയ്തിട്ടില്ല' എന്ന് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഹൈബി ഈഡൻ എംപി, ഭാര്യ അന്ന ലിൻഡ ഈഡൻ, ആന്റോ ആന്റണി, ജെബി മേത്തർ തുടങ്ങിയവരും വിമാനത്തിലുണ്ട്.
എൻജിനിൽ തീ കണ്ടെത്തിയതിനെ തുടർന്ന് ഡൽഹിയിൽ എയർ ഇന്ത്യ വിമാനം തിരികെയിറക്കി; കൊച്ചിയിൽ മറ്റൊരു വിമാനം യാത്ര റദ്ദാക്കി
