വാഷിങ്ടൺ: ഭൂമിയുടെ ഭ്രമണപഥത്തിൽ അമേരിക്ക ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് പരസ്യമായി സ്ഥിരീകരിച്ച് യുഎസ് എയർഫോഴ്‌സ് സെക്രട്ടറി ട്രോയ് മെയിൻക്. പതിറ്റാണ്ടുകളായി ബഹിരാകാശത്തെ ആയുധവൽക്കരണത്തെക്കുറിച്ച് ചർച്ചകൾ നിലനിന്നിരുന്നെങ്കിലും, ഭ്രമണപഥത്തിലെ ആയുധശേഷിയെക്കുറിച്ച് യുഎസ് അധികൃതരിൽനിന്നുള്ള ഇത്രയും നേരിട്ടുള്ള വെളിപ്പെടുത്തൽ ആദ്യമായാണ്.
എയർ, സ്‌പേസ് ആൻഡ് സൈബർ കോൺഫറൻസിൽ സംസാരിക്കവെയാണ് മെയിൻകിന്റെ നിർണായക പ്രഖ്യാപനം. ശത്രുക്കളുടെ ആക്രമണങ്ങളിൽനിന്ന് യുഎസ് സൈനിക സംവിധാനങ്ങളെ സംരക്ഷിക്കുന്നതിനായി ഭ്രമണപഥത്തിൽ 'സ്‌പേസ് കൺട്രോൾ' ആയുധങ്ങൾ ഇപ്പോൾ അമേരിക്കയ്ക്കുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പ്രതിരോധ ആവശ്യങ്ങൾക്കൊപ്പം ആക്രമണാത്മകമായ ദൗത്യങ്ങൾക്കും ഇവ ഉപയോഗിക്കാനാകുമെന്ന് യുഎസ് സ്‌പേസ് ഫോഴ്‌സ് വക്താവും വ്യക്തമാക്കി.
ചൈനയ്ക്കും റഷ്യയ്ക്കുമുള്ള സന്ദേശം
അമേരിക്കയുടെ പ്രഖ്യാപനം സാങ്കേതിക ശേഷിയുടെ വെളിപ്പെടുത്തൽ മാത്രമല്ല; ചൈനയ്ക്കും റഷ്യയ്ക്കുമുള്ള ശക്തമായ തന്ത്രപരമായ മുന്നറിയിപ്പുകൂടിയാണ്. ഉപഗ്രഹവേധ ആയുധങ്ങൾ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നുവെന്ന ആരോപണം ഇരു രാജ്യങ്ങൾക്കുമെതിരെ അമേരിക്ക നേരത്തെ ഉന്നയിച്ചിരുന്നു.
2007 മുതൽ റഷ്യയുടെയും ചൈനയുടെയും ബഹിരാകാശ ആയുധ പരീക്ഷണങ്ങളെക്കുറിച്ച് യുഎസ് മുന്നറിയിപ്പ് നൽകിവരികയാണെന്ന് സ്‌പേസ് ഫോഴ്‌സ് വ്യക്തമാക്കി. ഇതോടെ ബഹിരാകാശം ഇനി ശാസ്ത്രഗവേഷണത്തിന്റെയോ ആശയവിനിമയത്തിന്റെയോ മാത്രം മേഖലയല്ല, യുദ്ധത്തിന്റെയും സൈനിക മേധാവിത്വത്തിന്റെയും പുതിയ രംഗമാണെന്ന യാഥാർഥ്യം അംഗീകരിക്കേണ്ടിവരികയാണെന്നാണ് അമേരിക്കയുടെ നിലപാട്.
എന്തുതരം ആയുധങ്ങൾ?
എന്നാൽ അമേരിക്ക ഭ്രമണപഥത്തിൽ വിന്യസിച്ചിരിക്കുന്ന ആയുധങ്ങൾ ഏതൊക്കെയാണെന്നോ അവ എത്രകാലമായി പ്രവർത്തനക്ഷമമാണെന്നോ വ്യക്തമാക്കിയിട്ടില്ല. സൈബർ സംവിധാനങ്ങൾ, ലേസർ സാങ്കേതികവിദ്യ, മറ്റൊരു ഉപഗ്രഹത്തെ ഇടിച്ചുതകർക്കാൻ രൂപകൽപന ചെയ്ത ഉപഗ്രഹങ്ങൾ എന്നിവയെല്ലാം ബഹിരാകാശ ആയുധങ്ങളുടെ പരിധിയിൽ വരാം.
ഇത്തരം ശേഷികൾ പരസ്യമായി അംഗീകരിക്കുന്നത് തന്ത്രപരമായ പ്രതിരോധശേഷി ശക്തിപ്പെടുത്താനുള്ള നീക്കമായും എതിരാളികൾക്ക് 'തടയൽ സന്ദേശം' നൽകാനുള്ള ശ്രമമായും വിലയിരുത്താം. അതേസമയം, ആയുധങ്ങളുടെ സ്വഭാവവും ശേഷിയും രഹസ്യമായി സൂക്ഷിക്കുന്നത് അമേരിക്കയുടെ യഥാർഥ സൈനിക ശേഷിയെക്കുറിച്ച് എതിരാളികൾക്ക് അനിശ്ചിതത്വം നിലനിർത്താനുള്ള തന്ത്രവുമാകാം.
ഉപഗ്രഹങ്ങൾ തകരുമ്പോൾ ഭൂമിക്കും ഭീഷണി
ആധുനിക യുദ്ധത്തിൽ ജിപിഎസ്, ആശയവിനിമയം, രഹസ്യാന്വേഷണം, ലക്ഷ്യനിർണയം എന്നിവയ്‌ക്കെല്ലാം ഉപഗ്രഹങ്ങൾ നിർണായകമാണ്. അതിനാൽ ഒരു രാജ്യത്തിന്റെ ഉപഗ്രഹ സംവിധാനങ്ങളെ തകർക്കുന്നത് സൈനിക ശേഷിക്ക് മാത്രമല്ല, സിവിലിയൻ ആശയവിനിമയത്തിനും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം.
എന്നാൽ ബഹിരാകാശത്ത് നേരിട്ടുള്ള ആയുധസംഘർഷം ഉണ്ടായാൽ അതിന്റെ പ്രത്യാഘാതം ഭൂമിയിലെ യുദ്ധത്തേക്കാൾ ദീർഘകാലത്തേക്ക് നിലനിൽക്കാം. ഒരു ഉപഗ്രഹം നശിക്കുമ്പോൾ അതിൽനിന്നുണ്ടാകുന്ന അവശിഷ്ടങ്ങൾ അതിവേഗത്തിൽ സഞ്ചരിക്കുകയും മറ്റ് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഇത് ബഹിരാകാശത്ത് 'അവശിഷ്ടങ്ങളുടെ ശൃംഖലാ ദുരന്തം' സൃഷ്ടിക്കാനും ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളെ അപകടത്തിലാക്കാനും സാധ്യതയുണ്ട്.
പുതിയ ആയുധമത്സരത്തിന് തുടക്കമോ?
അമേരിക്കയുടെ വെളിപ്പെടുത്തൽ ബഹിരാകാശത്തെ സൈനികവൽക്കരണത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള സൂചനയാണ്. നിലവിൽ ഉപഗ്രഹങ്ങളെ സംരക്ഷിക്കുന്നതിന്റെ പേരിലുള്ള ശേഷികൾ നാളെയൊരു ആക്രമണായുധ മത്സരത്തിലേക്ക് മാറുമോ എന്നതാണ് പ്രധാന ആശങ്ക.
ഭൂമിയിലെ സൈനിക മേധാവിത്വത്തിന് പിന്നിലെ നിർണായക ശക്തിയായി മാറിയ ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിക്കപ്പെട്ടുവെന്ന യുഎസ് സ്ഥിരീകരണം, അമേരിക്ക-ചൈന-റഷ്യ ത്രികോണത്തിലെ അടുത്ത തന്ത്രപരമായ മത്സരത്തിന് പുതിയ അധ്യായം തുറക്കുകയാണ്.
' അമേരിക്കയ്ക്ക് ബഹിരാകാശത്തും ആയുധം'; ആദ്യമായി പരസ്യ സമ്മതവുമായി യുഎസ് വ്യോമസേനാ സെക്രട്ടറി
