കാർനെഗി മെലൺ സർവകലാശാലയ്ക്ക് കെൻ ഗ്രിഫിന്റെ 3 ബില്യൺ ഡോളർ സംഭാവന

കാർനെഗി മെലൺ സർവകലാശാലയ്ക്ക്  കെൻ ഗ്രിഫിന്റെ 3 ബില്യൺ ഡോളർ സംഭാവന


ഉന്നതവിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സംഭാവന; പുതിയ ക്യാംപസ് മിയാമിയിൽ

ന്യൂയോർക്ക്: അമേരിക്കൻ ഉന്നതവിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സംഭാവന പ്രഖ്യാപിച്ച് സിറ്റാഡൽ സ്ഥാപകനും സിഇഒയുമായ കെൻ ഗ്രിഫിൻ. കാർനെഗി മെലൺ സർവകലാശാലയ്ക്കായി (CMU) 300 കോടി ഡോളറാണ് ഗ്രിഫിൻ പ്രഖ്യാപിച്ചത്. സർവകലാശാലയുടെ പിറ്റ്‌സ്ബർഗ് ക്യാംപസിന്റെ വികസനത്തിനും മിയാമിയിൽ പുതിയ ക്യാംപസ് സ്ഥാപിക്കുന്നതിനുമാണ് തുക വിനിയോഗിക്കുക.
സംഭാവനയിൽ 100 കോടി ഡോളർ പിറ്റ്‌സ്ബർഗ് ക്യാംപസിനായി മാറ്റിവച്ചിട്ടുണ്ട്. ഇതിൽ 50 കോടി ഡോളർ സർവകലാശാലയുടെ വിവിധ മുൻഗണനകൾക്കായും 50 കോടി ഡോളർ കമ്പ്യൂട്ടർ സയൻസ് സ്‌കൂളിന്റെ വികസനത്തിനുമായിരിക്കും. ഗ്രിഫിന്റെ സംഭാവനയുടെ ഭാഗമായി സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസിന് ഇനി കെന്നത്ത് സി. ഗ്രിഫിൻ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് എന്ന പേരായിരിക്കും. ശേഷിക്കുന്ന 200 കോടി ഡോളർ മിയാമിയിൽ പുതിയ കാർനെഗി മെലൺ ക്യാംപസ് ആരംഭിക്കുന്നതിനാണ്. 

മിയാമിയിലെ വിൻവുഡ് മേഖലയിൽ 35 ഏക്കറിലേറെ സ്ഥലത്താണ് പുതിയ ക്യാംപസ് വിഭാവനം ചെയ്തിരിക്കുന്നത്. 2027ൽ നിർമാണം ആരംഭിക്കാനാണ് നിലവിലെ പദ്ധതി. ആവശ്യമായ അനുമതികൾ ലഭിക്കുന്നതനുസരിച്ച് 2028ൽ ആദ്യ ബാച്ച് വിദ്യാർഥികളെ പ്രവേശിപ്പിക്കുമെന്നാണ് സർവകലാശാല അറിയിച്ചിരിക്കുന്നത്. പൂർണമായി വികസിച്ചുകഴിഞ്ഞാൽ 3,500ലേറെ ബിരുദ, മാസ്റ്റേഴ്‌സ്, പിഎച്ച്ഡി വിദ്യാർഥികൾക്കും 300ഓളം അധ്യാപകർക്കും 600ലേറെ ജീവനക്കാർക്കും ക്യാംപസിൽ സൗകര്യമുണ്ടാകും. 

പരമ്പരാഗത അക്കാദമിക് വിഭാഗങ്ങളെ മാത്രം കേന്ദ്രീകരിക്കുന്നതിന് പകരം സാമൂഹിക വെല്ലുവിളികളെ അടിസ്ഥാനമാക്കി പഠനവും ഗവേഷണവും സംഘടിപ്പിക്കുന്ന രീതിയിലായിരിക്കും മിയാമി ക്യാംപസ് പ്രവർത്തിക്കുക. മനുഷ്യാരോഗ്യവും ജൈവശാസ്ത്ര ഗവേഷണവും, ദേശീയ സുരക്ഷയും തന്ത്രപ്രധാന ശേഷികളും, ഊർജവും കാലാവസ്ഥാ പ്രതിരോധശേഷിയും, നൂതന നിർമാണ സാങ്കേതികവിദ്യയും വ്യവസായ പരിവർത്തനവുമാണ് ആദ്യഘട്ടത്തിലെ പ്രധാന ഗവേഷണ മേഖലകൾ. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള അതിവേഗ സാങ്കേതിക മാറ്റങ്ങൾ ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ രീതിയിലുള്ള പഠനവും ഗവേഷണവും ആവശ്യപ്പെടുന്നുവെന്ന് കാർനെഗി മെലൺ പ്രസിഡന്റ് ഫർനം ജഹാനിയൻ പറഞ്ഞു. പിറ്റ്‌സ്ബർഗിലെ സർവകലാശാലയുടെ ഗവേഷണശേഷിയും മിയാമിയിലെ പുതിയ സാധ്യതകളും ബന്ധിപ്പിക്കുന്നതിലൂടെ പുതിയ മാതൃകയിലുള്ള വിദ്യാഭ്യാസഗവേഷണ കേന്ദ്രം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

സംഭാവന പ്രഖ്യാപിച്ചതിന് പിന്നാലെ കാർനെഗി മെലന്റെ ട്രസ്റ്റീസ് ബോർഡിലും ഗ്രിഫിൻ അംഗമാകും. 1990ൽ സിറ്റാഡൽ സ്ഥാപിച്ച ഗ്രിഫിൻ ഹാർവഡ് സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്. ഫോർബ്‌സിന്റെ കണക്കുപ്രകാരം 2026 സെ്ര്രപംബർ 10ന് ഗ്രിഫിന്റെ ആസ്തി ഏകദേശം 60.6 ബില്യൺ ഡോളറാണ്. 

വിദ്യാഭ്യാസം, ആരോഗ്യരംഗം, മറ്റ് സാമൂഹിക പദ്ധതികൾ എന്നിവയ്ക്കായി ഗ്രിഫിൻ നേരത്തെയും വൻതോതിൽ സംഭാവനകൾ നൽകിയിട്ടുണ്ട്. കാർനെഗി മെലനിലേക്കുള്ള പുതിയ 300 കോടി ഡോളറിന്റെ സംഭാവനയാണ് അദ്ദേഹത്തിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഒറ്റ സംഭാവന.