ടോക്യോ: ജപ്പാനില്‍ സ്ഥിരതാമസ അനുമതി തേടുന്ന വിദേശികള്‍ക്കുള്ള അപേക്ഷാ ഫീസ് 20 മടങ്ങ് വര്‍ധിപ്പിച്ചു. പുതിയ നിരക്ക് 200,000 യെന്‍ (ഏകദേശം 1,270 ഡോളര്‍) ആയി ഉയര്‍ത്തി.
സ്ഥിരതാമസത്തിന് അപേക്ഷിക്കുന്ന വിദേശികള്‍ ഇനി വരുമാനം, പെന്‍ഷന്‍, ജാപ്പനീസ് ഭാഷാപരിജ്ഞാനം തുടങ്ങിയ പുതിയ മാനദണ്ഡങ്ങളും പാലിക്കണം.
ഫീസ് വര്‍ധന നിലവില്‍ വരുന്നതിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കാനുള്ള തിരക്കിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നീണ്ട നിരയാണ് രൂപപ്പെട്ടത്. ടോക്യോയിലെ പ്രധാന ഇമിഗ്രേഷന്‍ ബ്യൂറോയില്‍ കാത്തിരിപ്പ് സമയം ഏഴ് മണിക്കൂറിലേറെയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രധാനമന്ത്രി സനേ തകായിച്ചിയുടെ നേതൃത്വത്തില്‍ ജപ്പാന്‍ നടപ്പാക്കുന്ന കുടിയേറ്റ നയത്തിലെ വിവിധ മാറ്റങ്ങളുടെ ഭാഗമായാണ് ഫീസ് വര്‍ധന. രാജ്യത്ത് അതിവേഗം വര്‍ധിച്ചുവരുന്ന വിദേശ ജനസംഖ്യയെ നിയന്ത്രിക്കുകയും കുടിയേറ്റ സംവിധാനത്തില്‍ കൂടുതല്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുകയുമാണ് മാറ്റങ്ങളുടെ ലക്ഷ്യം.
ജൂലൈയില്‍ വിദേശികള്‍ക്കുള്ള വിസാ ഫീസും ജപ്പാന്‍ അഞ്ചുമടങ്ങ് വര്‍ധിപ്പിച്ചിരുന്നു. 50 വര്‍ഷത്തിനിടയിലെ ആദ്യത്തെ വിസാ ഫീസ് വര്‍ധനയായിരുന്നു ഇത്. പണപ്പെരുപ്പവും വിനിമയ നിരക്കിലെ വ്യതിയാനങ്ങളും പരിഗണിച്ചാണ് ഫീസ് ഉയര്‍ത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
കുടിയേറ്റം ജപ്പാനില്‍ ഇപ്പോഴും രാഷ്ട്രീയമായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണെങ്കിലും പ്രായമായിക്കൊണ്ടിരിക്കുന്ന ജനസംഖ്യയും തൊഴിലാളികളുടെ ക്ഷാമവും കാരണം രാജ്യം വിദേശ തൊഴിലാളികളെ കൂടുതല്‍ ആശ്രയിക്കുകയാണ്.
2025 അവസാനത്തോടെ ജപ്പാനിലെ വിദേശ താമസക്കാരുടെ എണ്ണം 41.2 ലക്ഷം കവിഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.5 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ വിദേശ ജനസംഖ്യയിലെ ഈ വര്‍ധന കുടിയേറ്റത്തെയും സാമൂഹിക മാറ്റങ്ങളെയും കുറിച്ചുള്ള ആശങ്കകള്‍ക്കും ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റതുമുതല്‍ കുടിയേറ്റം നിയന്ത്രിക്കുന്നത് തകായിച്ചിയുടെ പ്രധാന മുന്‍ഗണനകളിലൊന്നാണ്.
സ്ഥിരതാമസ ഫീസ് വര്‍ധന നിലവില്‍ വരുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് എക്‌സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍, വിദേശ താമസക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 'ചില പൊതുജനങ്ങള്‍ക്ക് ആശങ്കയോ അനീതിയെന്ന തോന്നലോ ഉണ്ടാകാമെന്ന്' സര്‍ക്കാര്‍ തിരിച്ചറിയുന്നതായി തകായിച്ചി പറഞ്ഞിരുന്നു.
ഇത്തരം ആശങ്കകള്‍ പരിഹരിക്കുന്നതിന് വിദേശ പൗരന്മാരെ സംബന്ധിച്ച നയങ്ങള്‍ ചിട്ടയോടെ നടപ്പാക്കുകയും ജപ്പാന്‍ പൗരന്മാര്‍ക്കും വിദേശ താമസക്കാര്‍ക്കും സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കുകയും ചെയ്യുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.
ഫീസ് വര്‍ധനയ്ക്ക് മുമ്പ്, ജപ്പാനിലെ സ്ഥിരതാമസക്കാരല്ലാത്ത വിദേശികള്‍ക്ക് താമസപദവി മാറ്റുന്നതിനോ താമസകാലാവധി നീട്ടുന്നതിനോ അപേക്ഷിക്കുമ്പോള്‍ ഓരോ തവണയും 6,000 യെന്‍ ആയിരുന്നു ഫീസ്.
ഒക്ടോബര്‍ 1 മുതല്‍ അപേക്ഷിക്കുന്ന താമസകാലാവധിക്ക് അനുസരിച്ചായിരിക്കും പുതിയ നിരക്ക്. മൂന്ന് മാസമോ അതില്‍ താഴെയോ കാലാവധിക്ക് 10,000 യെന്‍ മുതല്‍ അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ കാലാവധിക്ക് 75,000 യെന്‍ വരെയാണ് പുതിയ ഫീസ്.
സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കും അഭയാര്‍ഥികളായി അംഗീകരിക്കപ്പെട്ടവര്‍ക്കും ഫീസില്‍ ഇളവ് അനുവദിക്കും.
സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നവര്‍ക്ക് ഇനി ജപ്പാനിലെ ശരാശരി വരുമാനത്തിന് തുല്യമോ അതില്‍ കൂടുതലോ ആയ സ്ഥിരമായ വരുമാനം ഉണ്ടായിരിക്കണമെന്നും പുതിയ നിബന്ധനയില്‍ പറയുന്നു. ജൂലൈയില്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2024ലെ ജപ്പാനിലെ ശരാശരി കുടുംബവരുമാനം 57.5 ലക്ഷം യെന്‍ ആയിരുന്നു.
അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നവര്‍ക്ക് കൂടുതല്‍ കര്‍ശനമായ നിബന്ധനകള്‍ നിലവില്‍ വരും. അടിസ്ഥാന ജാപ്പനീസ് ഭാഷാപരിജ്ഞാനവും ഇതില്‍ ഉള്‍പ്പെടും.
പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചതോടെ ജാപ്പനീസ് ഭാഷാ പഠന കേന്ദ്രങ്ങളില്‍ ചേരുന്നവരുടെയും ജാപ്പനീസ് ഭാഷാ പ്രാവീണ്യ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നവരുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അപേക്ഷകരുടെ പ്രതീക്ഷിക്കുന്ന പെന്‍ഷന്‍ ആനുകൂല്യങ്ങളും പുതിയ മാനദണ്ഡത്തിന്റെ ഭാഗമാണ്. 30 വര്‍ഷം ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായ ഒരാള്‍ക്ക് ലഭിക്കുന്ന പെന്‍ഷന് തുല്യമായ ആനുകൂല്യം അപേക്ഷകന് പ്രതീക്ഷിക്കാനാകണം. പ്രതീക്ഷിക്കുന്ന പെന്‍ഷന്‍ ആനുകൂല്യം ഇതിലും കുറവാണെങ്കില്‍ അപേക്ഷകന്റെ സാമ്പത്തിക ആസ്തികളുടെ മൂല്യവും പരിഗണിക്കാനാകും.
