കോട്ടയം: അപ്രതീക്ഷിത വാഹനാപകടത്തില്‍ വിടപറഞ്ഞ നടന് കൊല്ലം സുധിയുടെ കുടുംബത്തിന് ആശ്വാസമായി മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് െ്രെടബ്യൂണല്‍ വിധി. സുധിയുടെ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും അമ്മയ്ക്കുമായി ഏകദേശം 1.77 കോടി രൂപ നഷ്ടപരിഹാരം നല്കാന് കോട്ടയം എംഎസിടി ഉത്തരവിട്ടു. 1,41,09,840 രൂപയാണ് അടിസ്ഥാന നഷ്ടപരിഹാരമായി വിധിച്ചത്. ഹര്‍ജി നല്കിയ ദിവസം മുതല്‍ തുക കോടതിയില്‍ കെട്ടിവയ്ക്കുന്നതുവരെ 8.5 ശതമാനം പലിശ കൂടി കണക്കാക്കുമ്പോഴാണ് ആകെ തുക ഏകദേശം 1.77 കോടിയിലെത്തുന്നത്. കോട്ടയം എംഎസിടി ജഡ്ജി പ്രസൂണ്‍ മോഹനാണ് ഉത്തരവിട്ടത്.
കേസിലെ മൂന്നാം എതിര്‍കക്ഷിയായ ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി 30 ദിവസത്തിനകം തുക കോടതിയില്‍ കെട്ടിവയ്ക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചു. ദീര്‍ഘകാലമായി നടന്ന നിയമനടപടികള്‍ക്കൊടുവിലാണ് കുടുംബത്തിന് നഷ്ടപരിഹാരം അനുവദിച്ചുള്ള വിധി.
സംസ്ഥാനത്തെ വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ ആശ്രിതര്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന തുകകളിലൊന്നാണിതെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഡ്വ. എ.ആര്. കലേഷ് കുമാറും അഡ്വ. കെ.എസ്. ഹര്‍ഷാനയും പറഞ്ഞു. വിനോദരംഗത്ത് സജീവമായിരിക്കെ ഉണ്ടായ സുധിയുടെ അകാലമരണവും കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചതെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.
2023 ജൂണ്‍ അഞ്ചിന് പുലര്‍ച്ചെയായിരുന്നു സുധിയുടെ ജീവനെടുത്ത അപകടം. കോഴിക്കോട് വടകരയില്‍ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്വച്ച് സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുധിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടെലിവിഷന്‍ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും അപകടത്തില്‍ പരുക്കേറ്റിരുന്നു.
ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികളുടെ പ്രിയങ്കരനായ സുധി പിന്നീട് സിനിമയിലും ശ്രദ്ധേയനായി. 2015ല്‍ പുറത്തിറങ്ങിയ 'കാന്താരി'യിലൂടെയാണ് സിനിമയിലെത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷന്, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്, എസ്കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന് മൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് കുടുംബത്തിന് നിയമപരമായ നഷ്ടപരിഹാരം ലഭിക്കുന്നത്. അപകടത്തില്‍ കുടുംബത്തിന് നേരിട്ട സാമ്പത്തിക നഷ്ടത്തിന് ആശ്വാസമേകുന്നതാണ് ട്രൈബ്യൂണല്‍ വിധി.
കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി; ഇന്‍ഷുറന്‍സ് കമ്പനി 30 ദിവസത്തിനകം തുക നല്‍കണം
