ഫ്‌ളോറിഡ: യു എസുമായി കാനഡയുടേയും മെക്‌സിക്കോയുടേയും അതിര്‍ത്തികളെ താരതമ്യപ്പെടുത്താനാവില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ യു എസ് നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ കൃത്യമായി മനസ്സിലാക്കിയെന്ന് വാഷിംഗ്ടണിലെ കാനഡയുടെ അംബാസഡര്‍ കിര്‍സ്റ്റണ്‍ ഹില്‍മാന്‍ പറഞ്ഞു.
മയക്കുമരുന്ന് ഗണത്തില്‍ പെടുന്ന ഫെന്റനൈല്‍ കാനഡയില്‍ നിന്ന് യു എസിലേക്ക് കടത്തുന്ന ഒരു സംഭവം പോലുമില്ലെന്ന് ട്രൂഡോ എടുത്തു കാണിച്ചതായും അക്കാര്യത്തിന് ഊന്നല്‍ നല്‍കിയതായും ഹില്‍മാന്‍ പറഞ്ഞു. മാത്രമല്ല യു എസിലേക്ക് ഫെന്റനൈല്‍ കടത്തുന്നതില്‍ പിടിച്ചെടുക്കപ്പെട്ടവയില്‍ 99.8 ശതമാനവും മെക്‌സിക്കോയില്‍ നിന്നുള്ളതാണെന്നും ട്രൂഡോ വ്യക്തമാക്കി. കാനഡയില്‍ നിന്നും യു എസിലേക്ക് പോകുന്നവരില്‍ ആരില്‍ നിന്നെങ്കിലും ഫെന്റനൈല്‍ പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് വ്യക്തിഗത ഉപയോഗത്തിന് കൊണ്ടുപോയതാണെന്നും ക്രിമിനല്‍ കടത്തിന്റെ ഭാഗമല്ലെന്നും കാനഡ തങ്ങളുടെ വാദം ഉയര്‍ത്തിക്കാട്ടി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ യു എസ്- കാനഡ അതിര്‍ത്തിയില്‍ യു എസ് കസ്റ്റംസ് ഏജന്റുമാര്‍ 43 പൗണ്ട് ഫെന്റനൈലാണ് പിടിച്ചെടുത്തത്. മെക്‌സിക്കന്‍ അതിര്‍ത്തിയിലാകട്ടെ ഇത് 21,100 പൗണ്ട് ആയിരുന്നു.
ഇമിഗ്രേഷന്‍ അറസ്റ്റുകളുടെ കാര്യത്തില്‍ ഈ അന്തരം വ്യക്തമാണ്. ഒക്ടോബറില്‍ മാത്രം മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ 56,530 അറസ്റ്റുകള്‍ യു എസ് രേഖപ്പെടുത്തിയപ്പോള്‍ 2023 ഒക്ടോബറിനും 2024 സെപ്തംബറിനും ഇടയില്‍ കനേഡിയന്‍ അതിര്‍ത്തിയില്‍ 23,721 അറസ്റ്റുകളാണ് നടന്നത്. ഈ കണക്കുകള്‍ തന്നെ വസ്തുതകള്‍ വെളിപ്പെടുത്തുന്നുണ്ടെന്ന് ഹില്‍മാന്‍ പറഞ്ഞു.
ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവ അധികം അനുവദിക്കുന്നതിനുള്ള പദ്ധതികള്‍ക്കൊപ്പം അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള കാനഡയുടെ പ്രതിബദ്ധതയും ഹില്‍മാന്‍ വിശദീകരിച്ചു. യു എസിലേക്ക് അനധികൃതമായി കടക്കുന്ന കുടിയേറ്റക്കാരെ കാനഡയിലേക്ക് തിരിച്ചയക്കാന്‍ അനുവദിക്കുന്ന കാനഡ- യു എസ് കരാറും ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരമൊരു നയം മെക്‌സിക്കോയ്ക്കും യു എസിനും ഇടയില്‍ ഒപ്പുവെച്ചിട്ടില്ല.
കാനഡയുമായുള്ള യു എസിന്റെ വ്യാപാര കമ്മിയും പ്രധാനമന്ത്രി നിയുക്ത പ്രസിഡന്റുമായുള്ള അത്താഴ വേളയില്‍ ഉന്നയിച്ചതായി ഹില്‍മാന്‍ പറഞ്ഞു.
തങ്ങള്‍ക്ക് യു എസിന്റെ പത്തിലൊന്ന് വലുപ്പമുണ്ടെന്നും അതിനാല്‍ സന്തുലിത വ്യാപാര ഇടപാട് അര്‍ഥമാക്കുന്നത് യു എസ് കാനഡയില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ പത്തു മടങ്ങ് കൂടുതലാണ് കാനഡ യു എസില്‍ നിന്നും വാങ്ങുന്നതെന്നും അദ്ദേഹം വിശദമാക്കി.
യു എസിലെ 36 സംസ്ഥാനങ്ങളുടെ ഏറ്റവും മികച്ച കയറ്റുമതി ലക്ഷ്യസ്ഥാനമാണ് കാനഡ. 3.6 ബില്യണ്‍ കനേഡിയന്‍ ഡോളറാണ് പ്രതിദിന അതിര്‍ത്തി വ്യാപാരം. സ്റ്റീല്‍, അലുമിനിയം, യുറേനിയം, യു എസ് ദേശീയ സുരക്ഷയ്ക്ക് പ്രധാനപ്പെട്ട ധാതുക്കള്‍ എന്നിവയുടെ ഏറ്റവും വലിയ വിദേശ വിതരണക്കാരും കാനഡയാണ്.
അതുമാത്രമല്ല യു എസിന്റെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ഏകദേശം 60 ശതമാനവും വൈദ്യുതി ഇറക്കുമതിയുടെ 85 ശതമാനവും കാനഡയില്‍ നിന്നാണ്.
ലോകത്തിലെ ഏറ്റവും കൂടുതല്‍ വ്യാപാരത്തെ ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. അവരുടെ കയറ്റുമതിയുടെ 77 ശതമാനവും യു എസിലേക്കാണ്.
ട്രംപും ട്രൂഡോയും തമ്മില്‍ മികച്ച ചര്‍ച്ചകള്‍ നടക്കുകയും ട്രംപ് അതിനെ ഉത്പാദനപരം എന്നു വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും താരിഫുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുന്നതില്‍ നിന്നും പിന്മാറുന്നതിനെ കുറിച്ചോ ഇതുവരേയും യാതൊരു സൂചനയും നല്‍കിയിട്ടില്ല.