വാഷിംഗ്ടണ്‍: ഇറാനിലെ മിനാബ് നഗരത്തിലെ ഷജറഹ് തയ്യിബ എലമെന്ററി സ്‌കൂള്‍ തകര്‍ത്ത ടോമാഹോക്ക് മിസൈല്‍ ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യത്തിന് ഉത്തരവാദിത്വം ഉണ്ടെന്ന് പ്രാഥമിക സൈനിക അന്വേഷണത്തില്‍ കണ്ടെത്തിയതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ ആക്രമണം സൈനിക ലക്ഷ്യനിര്‍ണ്ണയത്തില്‍ നിന്നുള്ള തെറ്റായ കണക്കു കൂട്ടലിന്റെ ഫലമാണെന്നാണ് അന്വേഷണത്തില്‍ ലഭിച്ച ആദ്യ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്.
പരിശോധനയിലെ പ്രാഥമിക കണ്ടെത്തലുകള്‍ പ്രകാരം സ്‌കൂള്‍ സൈനിക ബേസിന്റെ ഭാഗമെന്ന പഴയ വിവരം ആശ്രയിച്ച് തെറ്റായി സൈനിക ലക്ഷ്യമായി അടയാളപ്പെടുത്തിയിരുന്നുവെന്ന് വ്യക്തമാകുന്നു. അന്വേഷണത്തിലെ അനേകം ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരം തേടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുട്ടികള്‍ ഉള്‍പ്പെടെ ആക്രമണത്തില്‍ കുറഞ്ഞത് 175 പേരാണ് മരിച്ചത്. സ്‌കൂളിന്റെ സമീപത്തുള്ള ഇറാനിയന്‍ നേവല്‍ സംവിധാനങ്ങളാണ് അമേരിക്കന്‍ സൈന്യം ലക്ഷ്യമാക്കിയിരുന്നത്. ദൃശ്യ പരിശോധനകളും സാറ്റലൈറ്റ് ചിത്രങ്ങളും ഈ സ്‌കൂള്‍ 2013- 2016 കാലയളവില്‍ സൈനിക ബേസില്‍ നിന്ന് പൂര്‍ണ്ണമായും വേര്‍പെട്ടതായി തെളിയിക്കുന്നു. പുതിയ സ്‌കൂള്‍ പരിസരത്ത് മൂന്നു പൊതു പ്രവേശന വഴികളും കളിസ്ഥലങ്ങളും, നിറങ്ങളോടെ പെയിന്റുചെയ്ത മതിലുകളുമുണ്ട്.
ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി നേരത്തെ നല്‍കിയ വിവരം സെന്‍ട്രല്‍ കമാന്‍ഡിന് കൈമാറുമ്പോള്‍ ഇത് സൈനിക സ്ഥാപനമായാണ് കരുതിയിരുന്നത്. എത്രത്തോളം പഴയ വിവരം ഉപയോഗിച്ചു, അതിന്റെ ആധുനിക പരിശോധന പരാജയപ്പെട്ടതോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ട്. ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്യുന്ന നാഷണല്‍ ജിയോസ്‌പേഷ്യല്‍- ഇന്റലിജന്‍സ് ഏജന്‍സിയും സൈനിക ലക്ഷ്യനിര്‍ണ്ണയത്തില്‍ പങ്കെവഹിച്ചതായി അന്വേഷകര്‍ പറഞ്ഞു.
ന്യൂയോര്‍ക്ക് ടൈംസിന്റെ പരിശോധനയില്‍ ആക്രമണ സമയത്ത് സ്‌കൂള്‍ കെട്ടിടവും സമീപത്തെ നേവല്‍ ബേസും തകര്‍ന്നുവെന്നും ബേസ് രണ്ടു മണിക്കൂറിനു ശേഷവും വീണ്ടും ആക്രമിക്കപ്പെട്ടുവെന്നും കണ്ടെത്തി.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പലപ്പോഴും ആക്രമണത്തിന് ഇറാന്‍ ഉത്തരവാദിയെന്നു സൂചന നല്‍കിയെങ്കിലും വെളിപ്പെടുത്തിയ തെളിവുകള്‍ അമേരിക്കന്‍ ഉത്തരവാദിത്വം തെളിയിക്കുന്നതായി സൂചിപ്പിക്കുന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചതനുസരിച്ച് ട്രംപ് അന്തിമ കണ്ടെത്തലുകള്‍ അംഗീകരിക്കും.
