ഇറാന്‍ യുദ്ധം വിജയത്തിലേക്ക് അടുക്കുന്നെന്ന് ട്രംപ്; ഇസ്രായേലിന്റെ നിലപാട് വ്യത്യസ്തം

ഇറാന്‍ യുദ്ധം വിജയത്തിലേക്ക് അടുക്കുന്നെന്ന് ട്രംപ്; ഇസ്രായേലിന്റെ നിലപാട് വ്യത്യസ്തം


വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സൂചനകള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നു. യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണം, ഏത് സാഹചര്യത്തിലാണ് അത് അവസാനിപ്പിക്കേണ്ടത് എന്ന കാര്യത്തില്‍ അമേരിക്കയും ഇസ്രായേലും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെന്നു ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ദിവസേന ആശയവിനിമയം നടത്താറുണ്ട്. ചില ദിവസങ്ങളില്‍ ഒരിലധികം തവണ പോലും ഇരുവരും ആശയവിനിമയം നടത്തിയിട്ടുണ്ട്. അതോടൊപ്പം യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പ്രസിഡന്റിന്റെ മരുമകനും ഇറാന്‍ വിഷയങ്ങളിലെ ദൂതനുമായ ജാരഡ് കുഷ്‌നറും നെതന്യാഹുവുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. യുദ്ധത്തിന്റെ നിലവിലെ സാഹചര്യം എന്താണ്, അതിനെ എങ്ങനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ചാണ് ഈ സംഭാഷണങ്ങള്‍ കേന്ദ്രീകരിച്ചിരുന്നതെന്ന് യു എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉടന്‍ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്.

അമേരിക്ക ബോംബാക്രമണം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ പോലും ഇസ്രായേല്‍ യുദ്ധം കൂടുതല്‍ നീണ്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന ആശങ്ക വൈറ്റ് ഹൗസിലെ ചില ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് അവര്‍ അറിയിച്ചു. അമേരിക്കയും ഇസ്രായേലും പറയുന്നത് യു എസ് ഇടപെടല്‍ അവസാനിക്കുന്ന സമയത്ത് തന്നെ ഇറാനില്‍ നടത്തുന്ന സൈനിക നടപടികളും അവസാനിപ്പിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയെന്നതാണ്.

യുദ്ധം തന്റെ നിബന്ധനകളില്‍ അവസാനിപ്പിക്കണമെന്നാണ് ട്രംപ് സഹപ്രവര്‍ത്തകരോട് പറഞ്ഞതെന്ന് യു എസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന 12 ദിവസത്തെ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ താന്‍ ഇടപെട്ടതുപോലെ തനിക്ക് ആവശ്യമുള്ള സമയത്ത് തന്നെ ഈ യുദ്ധവും അവസാനിപ്പിക്കാനാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നതായും അവര്‍ പറഞ്ഞു.

സംഘര്‍ഷത്തില്‍ അമേരിക്കയുടെ പങ്കാളിത്തം അവസാനിപ്പിക്കേണ്ട സമയം അന്തിമമായി തീരുമാനിക്കുക സൈന്യത്തിന്റെ പരമാധികാരിയായ പ്രസിഡന്റാണ്. സൈനിക ലക്ഷ്യങ്ങള്‍ പൂര്‍ണമായി കൈവരിക്കുകയും ഇറാനിലെ അനിയന്ത്രിത ഭരണകൂടത്തിന്റെ ഭീഷണി പൂര്‍ണമായും ഇല്ലാതാകുകയും ചെയ്തതായി അദ്ദേഹം കരുതുന്ന സമയത്താണ് അത് സംഭവിക്കുകയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലെവിറ്റ് വ്യക്തമാക്കി.

ഇരുരാജ്യങ്ങളും അടുത്ത് സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും അമേരിക്കയും ഇസ്രായേലും സ്വീകരിക്കുന്ന സമീപനങ്ങളില്‍ വ്യത്യാസങ്ങള്‍ തെളിഞ്ഞുവരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ കണ്ടെത്തി വധിക്കുന്ന നടപടികള്‍ ഇസ്രായേല്‍ തുടരുകയാണ്. അതോടൊപ്പം ഭരണകൂടത്തില്‍ മാറ്റം വരുത്താന്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനായി ഇറാന്റെ എണ്ണ വ്യവസായത്തെയും ലക്ഷ്യമാക്കുന്ന ആക്രമണങ്ങള്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.

ഇറാന്റെ ഊര്‍ജ മേഖലയില്‍ നടത്തിയ ആക്രമണങ്ങളില്‍ അമേരിക്കയ്ക്ക് താത്പര്യമില്ലെന്ന് തിങ്കളാഴ്ച യു എസ് ഇസ്രായേലിനെ അറിയിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ അനുമതി നല്‍കിയിട്ടില്ലെങ്കില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ വീണ്ടും നടത്തരുതെന്നും അമേരിക്ക വ്യക്തമാക്കി. ഇറാന്റെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് അമേരിക്ക ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി മുന്‍പ് ആക്്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനിടെ സൈനിക നടപടി ഏകദേശം പൂര്‍ത്തിയായിരിക്കുന്നു എന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് മണിക്കൂറുകള്‍ക്കകമാണ് നെതന്യാഹു യുദ്ധത്തിന്റെ പരമാവധി ലക്ഷ്യങ്ങള്‍ ആവര്‍ത്തിച്ചത്. ഇറാനിലെ ജനങ്ങള്‍ ഏകാധിപത്യത്തിന്റെ ചങ്ങലകള്‍ തകര്‍ത്ത് സ്വാതന്ത്ര്യം നേടാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് തങ്ങളുടെ ആഗ്രഹമെന്നും അവസാന തീരുമാനം അവരുടെതാണെന്നുമാണ് നെതന്യാഹു ചൊവ്വാഴ്ച പറഞ്ഞത്. ഇതുവരെ നടത്തിയ നടപടികളിലൂടെ അവരുടെ ശക്തി തകര്‍ക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും ഇപ്പോഴും പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.