ന്യൂഡൽഹി: പതിമൂന്ന് വർഷമായി കോമയിൽ കഴിയുന്ന രോഗിയുടെ ജീവൻ നിലനിർത്തുന്ന ചികിത്സ പിൻവലിക്കാൻ അനുവദിച്ച് സുപ്രീംകോടതി ചരിത്ര വിധി പ്രസ്താവിച്ചു. മാന്യമായി മരിക്കാനുള്ള അവകാശം അംഗീകരിച്ച 2018 ലെ വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ജസ്റ്റിസുമാരായ ജെ.ബി പർദ്ദിവാലയും കെ.വി വിശ്വനാഥനും ഉൾപ്പെട്ട ബെഞ്ചാണ് 32 കാരനായ ഹരീഷ് റാണയുടെ ജീവൻ നിലനിർത്തുന്ന ചികിത്സ പിൻവലിക്കാൻ അനുമതി നൽകിയത്. കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണുണ്ടായ അപകടത്തെ തുടർന്ന് കഴിഞ്ഞ 13 വർഷമായി പ്രതികരണശേഷിയില്ലാത്ത സ്ഥിരാവസ്ഥയിലാണ് ഇയാൾ കഴിയുന്നത്.
തലച്ചോറിന് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ശരീരത്തിന്റെ എല്ലാ അവയവങ്ങളും പ്രവർത്തനരഹിതമായ അവസ്ഥയിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ശസ്ത്രക്രിയയിലൂടെ സ്ഥാപിച്ച കുഴലുകളിലൂടെ നൽകുന്ന പോഷകാഹാരത്തിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
കഴിഞ്ഞ 13 വർഷത്തിനിടെ രോഗാവസ്ഥയിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചികിത്സ തുടരുന്നത് ജീവൻ നിലനിർത്തുന്നതിനായി മാത്രംമാറിയെന്നും കോടതി നിരീക്ഷിച്ചു.
രോഗിയുടെ മാതാപിതാക്കളും ചികിത്സ പരിശോധിച്ച പ്രാഥമികവും ദ്വിതീയവുമായ മെഡിക്കൽ സമിതികളും ജീവൻ നിലനിർത്തുന്ന ചികിത്സ തുടരുന്നത് രോഗിയുടെ താൽപര്യത്തിന് അനുകൂലമല്ലെന്ന അഭിപ്രായത്തിലാണ് എത്തിയതെന്നും കോടതി പറഞ്ഞു. അതിനാൽ കുഴലുകളിലൂടെ നൽകുന്ന പോഷകാഹാരവും ഉൾപ്പെടെ ജീവൻ നിലനിർത്തുന്ന ചികിത്സ പിൻവലിക്കാൻ കോടതി അനുമതി നൽകി.
രോഗിയെ പാലിയേറ്റീവ് പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി മാന്യത ഉറപ്പാക്കുന്ന രീതിയിൽ ചികിത്സ പിൻവലിക്കണമെന്ന് കോടതി നിർദേശിച്ചു. ഇതിനായി എയിംസിലെ
പാലിയേറ്റീവ് പരിചരണ കേന്ദ്രത്തിൽ പ്രവേശനം നൽകണമെന്നും നിർദ്ദേശിച്ചു.
ജീവൻ നിലനിർത്തുന്ന ചികിത്സ പിൻവലിക്കാനുള്ള തീരുമാനത്തിൽ ബന്ധപ്പെട്ട രണ്ട് മെഡിക്കൽ സമിതികൾ ഏകകണ്ഠമായി എത്തുന്ന സാഹചര്യങ്ങളിൽ കോടതിയുടെ അനുമതി നിർബന്ധമല്ലെന്നും ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഇത്തരം വിവരങ്ങൾ ആശുപത്രികൾ ബന്ധപ്പെട്ട ജുഡീഷ്യൽ മജിസ്ട്രേറ്റുമാരെ അറിയിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും ഹൈക്കോടതികൾ നിർദ്ദേശം നൽകണമെന്നും സുപ്രീംകോടതി പറഞ്ഞു.
ജില്ലകളിലെ മുഖ്യ മെഡിക്കൽ ഓഫീസർമാർ രണ്ടാമത്തെ മെഡിക്കൽ സമിതികളിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ രജിസ്റ്റർ ചെയ്ത ഡോക്ടർമാരുടെ പട്ടിക തയ്യാറാക്കണമെന്നും കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട സമഗ്ര നിയമം കൊണ്ടുവരാനും കേന്ദ്രസർക്കാരിനോട് കോടതി ശുപാർശ ചെയ്തു.
യുവാവിനെ വർഷങ്ങളായി സ്നേഹത്തോടെയും കരുതലോടെയും പരിചരിച്ച മാതാപിതാക്കളുടെ സമർപ്പണത്തെ കോടതി പ്രത്യേകം പ്രശംസിച്ചു. ഏറ്റവും കഠിനമായ സാഹചര്യങ്ങളിലും മകനെ വിട്ടുപോകാതെ നിന്ന കുടുംബത്തിന്റെ സ്നേഹം മാതൃകാപരമാണെന്നും ജസ്റ്റിസ് പർദിവാല നിരീക്ഷിച്ചു.
2018 ൽ നൽകിയ വിധിയിൽ മാന്യമായി മരിക്കാനുള്ള അവകാശം സുപ്രീംകോടതി അംഗീകരിക്കുകയും ജീവൻ നിലനിർത്തുന്ന ചികിത്സ പിൻവലിക്കുന്നതിന് മാർഗനിർദേശങ്ങൾ രൂപപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് 2023 ൽ ഇവയിൽ ചില മാറ്റങ്ങൾ വരുത്തി. ആ മാർഗനിർദേശങ്ങൾ പ്രായോഗികമായി നടപ്പാക്കിയ ആദ്യ കേസാണിത്.
2024 ൽ യുവാവിന്റെ പിതാവ് ആദ്യം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും രോഗി മരണാശങ്കയുള്ള രോഗാവസ്ഥയിൽ അല്ലെന്ന കാരണത്താൽ ഹർജി തള്ളുകയായിരുന്നു. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ചികിത്സച്ചെലവ് വഹിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.
പിന്നീട് രോഗാവസ്ഥ കൂടുതൽ വഷളായതായി കാണിച്ച് വീണ്ടും അപേക്ഷ നൽകിയതിനെ തുടർന്ന് മെഡിക്കൽ സമിതികൾ പരിശോധിച്ചു. സുഖം പ്രാപിക്കാൻ സാധ്യത വളരെ കുറവാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കിയതോടെയാണ് സുപ്രീംകോടതി അന്തിമമായി ചികിത്സ പിൻവലിക്കാൻ അനുമതി നൽകിയത്.
