തൊടുപുഴ: 60 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പള്ളിവാസല്‍ വിപുലീകരണ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാ്ച ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി പദ്ധതിയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
153.9 ദശലക്ഷം യൂണിറ്റ് പ്രതിവര്‍ഷം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പള്ളിവാസല്‍ വിപുലീകരണ പദ്ധതിയില്‍ 30 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് ഉളളത്. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസല്‍ പദ്ധതിയുടെ ജലാശയത്തിലെ അധിക ജലലഭ്യത പ്രയോജനപ്പെടുത്തുകയാണ് വിപുലീകരണ പദ്ധതിയുടെ ലക്ഷ്യം. സ്വാതന്ത്ര്യ ലബ്ധിക്കുമുമ്പ് സ്ഥാപിച്ച പള്ളിവാസല്‍ പദ്ധതിയുടെ വിളിപ്പാടകലെയാണ് വിപുലീകരണ പദ്ധതിയുടെ നിലയം സ്ഥാപിച്ചിരിക്കുന്നത്.
മൂന്നാറിലെ കുണ്ടള, മാട്ടുപ്പെട്ടി അണക്കെട്ടുകളില്‍ സംഭരിച്ച ജലം, ലക്ഷ്മിയാര്‍, നല്ലതണ്ണിയാര്‍, മാട്ടുപ്പെട്ടിയാര്‍ എന്നീ നദികളുടെ സംഗമസ്ഥലമായ ആര്‍ എ ഹെഡ് വര്‍ക്സില്‍ നിന്ന് ടണല്‍ വഴി തിരിച്ചുവിട്ട് പെന്‍സ്റ്റോക്കിലൂടെ പള്ളിവാസലിലെ വൈദ്യുതി നിലയത്തില്‍ എത്തിച്ചാണ് നിലവിലെ പള്ളിവാസല്‍ പദ്ധതിയില്‍ ഉത്പാദനം നടത്തിവരുന്നത്. ജലാശയത്തിലെ അധിക ജലലഭ്യതയും നിലവിലെ നിലയത്തിന്റെ കാലപ്പഴക്കവും പരിഗണിച്ചാണ് 60 മെഗാവാട്ട് കൂടുതലായി ഉത്പാദിപ്പിക്കുന്ന വിപുലീകരണ പദ്ധതി വിഭാവനം ചെയ്തത്.
ഏകദേശം 594.37 കോടി രൂപയാണ് ഈ പദ്ധതിയുടെ ചെലവ്. ജലവൈദ്യുത ഉത്പാദനരംഗത്ത് മികച്ചമുന്നേറ്റമാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ ഉണ്ടായത്. 40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാര്‍ പദ്ധതിക്കൊപ്പം 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ വിപുലീകരണ പദ്ധതി കൂടി യാഥാര്‍ഥ്യമായതോടെ കേരളത്തിന്റെ ജലവൈദ്യുത ഉത്പാദനശേഷിയില്‍ 100 മെഗാവാട്ടിന്റെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
