ലണ്ടന്‍: ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരേ ആക്രമണം. കപ്പലുകളില്‍ പ്രോജക്ടൈലുകള്‍ പതിച്ചതായി സമുദ്ര സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു.
ഇന്ത്യയിലേക്ക് വരുകയായിരുന്ന തായ് ചരക്ക് കപ്പലിന് നേരേയുണ്ടായ ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചു.
ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ തായ് പതാകയുള്ള ചരക്ക് കപ്പല്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരസഹായം നല്‍കുന്നതായി തായ്‌ലന്‍ഡ് നാവികസേന അറിയിച്ചു. 23 തായ് ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നതായും അവര്‍ വ്യക്തമാക്കി. ഒമാന്‍ നാവിക സേന 20 ജീവനക്കാരെ രക്ഷപ്പെടുത്തിയതായും ബാക്കിയുള്ള മൂന്ന് പേരേ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും തായ് അധികൃതര്‍ പറഞ്ഞു.
യു എ ഇ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ ഗുജറാത്തിലെ കാണ്ട്ല തുറമുഖത്തേക്ക് വരുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. തായ്ലന്‍ഡ് നാവികസേന ആക്രമണം നടന്ന കപ്പലിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതിന്റേയും പുക ഉയരുന്നതിന്റേയും ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കപ്പലിന് 178 മീറ്റര്‍ നീളവും 30,990 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയും ഉണ്ടെന്ന് തായ് നാവികസേന അറിയിച്ചു.
