റിലയൻസിന്റെ നിക്ഷേപത്തോടെ അമേരിക്കയിൽ 50 വർഷത്തിന് ശേഷം പുതിയ ഓയിൽ റിഫൈനറി; പ്രഖ്യാപിച്ച് ട്രംപ്

റിലയൻസിന്റെ നിക്ഷേപത്തോടെ അമേരിക്കയിൽ 50 വർഷത്തിന് ശേഷം പുതിയ ഓയിൽ റിഫൈനറി; പ്രഖ്യാപിച്ച് ട്രംപ്


വാഷിംഗ്ടൺ: ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായറിലയൻസ് ഇൻഡസ്ട്രീസിന്റെ നിക്ഷേപത്തോടെ അമേരിക്കയിൽ 50 വർഷത്തിന് ശേഷം ആദ്യമായി പുതിയ ഓയിൽ റിഫൈനറി സ്ഥാപിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണ ൾഡ് ട്രംപ് പ്രഖ്യാപിച്ചു. ടെക്സസിലെ  ബ്രൗൺസ് വിൽ നഗരത്തിലാണ് പുതിയ റിഫൈനറി സ്ഥാപിക്കുന്നത്.

‘അമേരിക്ക ഫസ്റ്റ് റിഫൈനിംഗ്’ എന്ന കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ അൻപത് വർഷത്തിനിടെ അമേരിക്കയിൽ പുതുതായി ആരംഭിക്കുന്ന ആദ്യ ഓയിൽ റിഫൈനറിയായിരിക്കും ഇതെന്ന് ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ പോസ്റ്റിലൂടെ അറിയിച്ചു.

ദിവസം ഏകദേശം 1.6 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാൻ കഴിയുന്ന രീതിയിലാണ് റിഫൈനറി രൂപകൽപന ചെയ്യുന്നത്. അമേരിക്കയിലെ ഷെയിൽ ഓയിൽ തന്നെയാണ് റിഫൈനറിയിൽ ഉപയോഗിക്കുക. ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ നിർമ്മാണം ആരംഭിക്കാനാണ് പദ്ധതി.

റിഫൈനറിയിൽ നിർമ്മിക്കുന്ന ഇന്ധനം 20 വർഷത്തേക്ക് വാങ്ങുന്നതിനുള്ള കരാറിൽ റിലയൻസ് ഒപ്പുവച്ചതായി ‘അമേരിക്ക ഫസ്റ്റ് റിഫൈനിംഗ്’ അറിയിച്ചു.ഇറാനുമായി നടക്കുന്ന യുദ്ധത്തെ തുടർന്ന് എണ്ണവില ഉയരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. അമേരിക്കയുടെ ഊർജ സ്വയംപര്യാപ്തത വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി.

അമേരിക്കയിലെ നിലവിലെ റിഫൈനറികളുടെ ഭൂരിഭാഗവും പഴക്കം ചെന്നവയാണ്. കഴിഞ്ഞ വർഷങ്ങളിലായി ചില റിഫൈനറികൾ അടച്ചതോടെ എണ്ണ ശുദ്ധീകരണ ശേഷിയിൽ സമ്മർദ്ദവും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ റിഫൈനറി പദ്ധതിക്ക് പ്രാധാന്യം ലഭിക്കുന്നത്.