ഇറാനിലേക്ക് അമേരിക്കൻ സൈന്യത്തെ അയയ്ക്കുന്നതും പരിഗണനയിൽ; ഹോർമുസിൽ മൈനിടുന്ന ഇറാനിയൻ കപ്പലുകൾ തകർത്തതായി ട്രംപ്

ഇറാനിലേക്ക് അമേരിക്കൻ സൈന്യത്തെ അയയ്ക്കുന്നതും പരിഗണനയിൽ; ഹോർമുസിൽ മൈനിടുന്ന ഇറാനിയൻ കപ്പലുകൾ തകർത്തതായി ട്രംപ്


വാഷിംഗ്ടൺ: ഇറാനുമായി രൂക്ഷമാകുന്ന സംഘർഷത്തിനിടെ ഇറാനിലേക്ക് അമേരിക്കൻ സൈന്യത്തെ അയയ്ക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. എല്ലാ സൈനിക സാധ്യതകളും തുറന്നുവെച്ചിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളൈൻ ലെവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുസംബന്ധിച്ച് പലവട്ടം പറഞ്ഞിട്ടുണ്ടെന്നും, സുപ്രീം കമാൻഡറായി അദ്ദേഹം യാതൊരു നടപടിയും മുൻകൂട്ടി തള്ളിക്കളയില്ലെന്നും ലെവിറ്റ് വ്യക്തമാക്കി. ഇറാനിലെ ലക്ഷ്യങ്ങൾ കൈവരിക്കാൻ അമേരിക്കൻ സൈന്യം നേരിട്ട് ഇറങ്ങേണ്ട സാഹചര്യം ഉണ്ടാകാമെന്ന് ചില ഡെമോക്രാറ്റിക് നേതാക്കൾ മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

ഇതിനിടെ ഹോർമുസ് കടലിടുക്കിൽ ഇറാൻ മൈനുകൾ സ്ഥാപിക്കാൻ തുടങ്ങിയതായി അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏകദേശം അഞ്ചിലൊന്ന് ക്രൂഡ് ഓയിൽ കടന്നുപോകുന്ന പ്രധാന കടൽപാതയാണ് ഹോർമുസ്. ഇപ്പോൾ വരെ കുറച്ച് ഡസൻ മൈനുകൾ മാത്രമാണ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇറാന്റെ ചെറു ബോട്ടുകളിലും മൈനിടുന്ന കപ്പലുകളിലും 80 മുതൽ 90 ശതമാനം ശേഷിയും ഇപ്പോഴും നിലനിൽക്കുന്നതിനാൽ സ്ഥിതി രൂക്ഷമായാൽ നൂറുകണക്കിന് മൈനുകൾ സ്ഥാപിക്കാൻ കഴിയും എന്നും വിലയിരുത്തൽ.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പ്രധാനമായും ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ്‌സ് കോർപ്പ്‌സിന്റെ കൈകളിലാണുള്ളത്. മൈനിടുന്ന ബോട്ടുകൾ, സ്‌ഫോടക വള്ളങ്ങൾ, തീരദേശ മിസൈൽ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് കടൽപാത തടയാനുള്ള ശേഷി ഇവർക്കുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഘർഷം ആരംഭിച്ചതിനുശേഷം കടലിടുക്ക് പ്രായോഗികമായി അടഞ്ഞ നിലയിലാണെന്നും അധികൃതർ പറയുന്നു.

അതേസമയം, ഹോർമുസ് കടലിടുക്കിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പ്രവർത്തനരഹിതമായിരുന്ന 10 ഇറാനിയൻ മൈനിടുന്ന കപ്പലുകൾ അമേരിക്കൻ സൈന്യം പൂർണമായും നശിപ്പിച്ചതായി പ്രസിഡന്റ് ട്രംപ് അറിയിച്ചു. കൂടുതൽ നടപടികൾ ഉണ്ടാകാമെന്നും അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.

ഇറാൻ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന വ്യക്തമായ വിവരം തനിക്ക് ലഭിച്ചിട്ടില്ലെന്നും, എന്നാൽ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അവ ഉടൻ നീക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.