ബെയ്‌റൂത്ത്: ദക്ഷിണ ലെബനനില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ മറോണൈറ്റ് കത്തോലിക്കാ പുരോഹിതനായ ഫാ. പിയര്‍ അല്‍-റാഹി കൊല്ലപ്പെട്ടതായി കത്തോലിക്കാ അധികൃതരും മാധ്യമങ്ങളും സ്ഥിരീകരിച്ചു.
ഇസ്രയേല്‍ അതിര്‍ത്തിക്ക് സമീപമുള്ള മര്‍ജയൂണ്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ ഗ്രാമമായ ക്ലായായിലെ പള്ളിയിലെ പുരോഹിതനായിരുന്നു ഫാ. പിയര്‍ അല്‍-റാഹി. ഏകദേശം 8,000 പേര്‍ താമസിക്കുന്ന ഈ ഗ്രാമം ഒഴിയണമെന്ന് ഇസ്രയേല്‍ സൈന്യം നല്‍കിയ നിര്‍ദേശം അദ്ദേഹം ഉള്‍പ്പെടെ ചില പുരോഹിതര്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ട്.
മധ്യപൂര്‍വ്വേഷ്യയിലെ ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരോടുള്ള ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് വത്തിക്കാന്‍ പ്രസ്താവന പുറത്തിറക്കി. നിരപരാധികളായ നിരവധി പേര്‍, കുട്ടികള്‍ ഉള്‍പ്പെടെ, മരണപ്പെട്ടതായി ചൂണ്ടിക്കാട്ടിയതോടൊപ്പം ക്ലായായില്‍ കൊല്ലപ്പെട്ട ഫാ. പിയര്‍ അല്‍-റാഹിയെയും പ്രത്യേകം പരാമര്‍ശിച്ചു.
പോപ്പ് ലിയോ പതിനാലാമന്‍ സംഭവവികാസങ്ങള്‍ ആശങ്കയോടെ നിരീക്ഷിക്കുകയാണെന്നും എല്ലാ ശത്രുതാപരമായ പ്രവര്‍ത്തനങ്ങളും വേഗത്തില്‍ അവസാനിക്കണമെന്നു പ്രാര്‍ഥിക്കുന്നുവെന്നും വത്തിക്കാന്‍ അറിയിച്ചു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്രയേല്‍ മെര്‍ക്കവ ടാങ്ക് ക്ലായായിലെ ഒരു വീടിനെ രണ്ട് തവണ ലക്ഷ്യമിടുകയായിരുന്നു. ആദ്യ ആക്രമണത്തില്‍ വീട്ടുടമയ്ക്കും ഭാര്യയ്ക്കും പരിക്കേറ്റപ്പോള്‍ അവരെ രക്ഷിക്കാന്‍ ഫാ. അല്‍-റാഹിയും സമീപവാസികളും എത്തിയപ്പോഴാണ് രണ്ടാമതും ഷെല്ലിംഗ് നടന്നതെന്നാണ് പറയുന്നത്. ഈ ആക്രമണത്തില്‍ പരിക്കേറ്റ ഫാ. അല്‍-റാഹി പിന്നീട് മരിച്ചു. മറ്റ് ചില ലെബനന്‍ പൗരന്മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കിഴക്കന്‍ ക്രിസ്ത്യന്‍ സമൂഹങ്ങളെ സഹായിക്കുന്ന ഫ്രഞ്ച് സംഘടനയായ ല് ഓവ്ര് ദി ഓറിയന്റ് പുരോഹിതന്റെ മരണത്തെ ശക്തമായി അപലപിച്ചു. തന്റെ പള്ളിയും സമൂഹവും വിട്ടുപോകാന്‍ വിസമ്മതിച്ച ഒരു പുരോഹിതന്റെ മരണം അര്‍ഥശൂന്യമായ അതിക്രമത്തിന്റെ പുതിയ ഉദാഹരണമാണെന്നും സംഘടന വ്യക്തമാക്കി.
ലെബനന്‍ ക്രിസ്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടിയായ ലെബനീസ് ഫോഴ്‌സസിന്റെ നേതാവ് സമീര്‍ ഗെഗേയ രാജ്യത്തെ പട്ടണങ്ങളും ഗ്രാമങ്ങളും സംരക്ഷിക്കാന്‍ ലെബനന്‍ സൈന്യം ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഗ്രാമങ്ങളിലേക്ക് അനധികൃത ആയുധധാരികള്‍ പ്രവേശിക്കുന്നത് തടയാന്‍ സൈന്യം പരാജയപ്പെട്ടതാണ് ക്ലായായിലെ ദുരന്തത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
