ജെറുസലേം: ഇറാനുമായി തുടരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള സാമ്പത്തിക നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ ഇസ്രയേലിന് പ്രതിവാരം ഏകദേശം 9.4 ബില്യണ്‍ ന്യൂ ഇസ്രയേലി ഷേക്കല്‍ (ഏകദേശം 3 ബില്യണ്‍ യു എസ് ഡോളര്‍) വരെ നഷ്ടമുണ്ടാകാമെന്ന് ഇസ്രയേല്‍ ധനമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ധനമന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ ഇലാന്‍ റോം, ഹോം ഫ്രണ്ട് കമാന്‍ഡ് മേധാവിയായ മേജര്‍ ജനറല്‍ ഷായ് ക്ലാപ്പറിന് അയച്ച കത്തില്‍ നിയന്ത്രണങ്ങള്‍ ശമിപ്പിച്ച് വ്യാഴാഴ്ച മുതല്‍ ഘട്ടംഘട്ടമായി ചില വ്യാപാര സ്ഥാപനങ്ങളും ജോലി സ്ഥലങ്ങളും ഭാഗികമായി വീണ്ടും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷാ സാഹചര്യത്തിന് അനുയോജ്യമായ പ്രതിരോധ നയം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയില്‍ യാതൊരു തര്‍ക്കവും ഇല്ലെന്നും എന്നാല്‍ വ്യാപകമായി സമ്പദ്വ്യവസ്ഥ അടച്ചിടുന്നത് വലിയ സാമ്പത്തിക ചെലവുകള്‍ ഉണ്ടാക്കുന്നുവെന്നും റോം മുന്നറിയിപ്പ് നല്‍കി.
ഹോം ഫ്രണ്ട് സുരക്ഷാ ആവശ്യങ്ങളും സമ്പദ്വ്യവസ്ഥയുടെ ആവശ്യങ്ങളും ഒരുപോലെ പരിഗണിക്കുന്ന പരിഹാരം കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷമായി സുരക്ഷാ ആവശ്യകതകളുടെ വര്‍ധനയും യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളും മൂലം സമ്പദ്വ്യവസ്ഥ വലിയ നഷ്ടം സഹിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഇസ്രയേല്‍ പ്രതിരോധ സേനയുടെ (ഐ ഡി എഫ്) ഹോം ഫ്രണ്ട് കമാന്‍ഡ് രാജ്യവ്യാപകമായി എല്ലാ പൊതുയോഗങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും അനിവാര്യ സേവനങ്ങള്‍ ഒഴികെയുള്ള ജോലി സ്ഥലങ്ങളും നിരോധിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ജോലിക്ക് പോകുന്ന യാത്രകള്‍ പരിമിതപ്പെടുത്തുകയും വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുകയും ചെയ്തു.
ഇറാനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ തിങ്കളാഴ്ച നടത്തിയ പുതിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ശനിയാഴ്ച രാത്രി വരെ നീട്ടിയിരുന്നു.
ഇപ്പോള്‍ പ്രാബല്യത്തിലുള്ള 'റെഡ് ലെവല്‍' നിയന്ത്രണങ്ങളില്‍ അനിവാര്യ പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു. ഇതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നതും ജോലി സ്ഥലങ്ങളിലെ നിയന്ത്രണങ്ങളും റിസര്‍വ് സൈനികരുടെ മൊബിലൈസേഷനും ഉള്‍പ്പെടുന്നതിനാല്‍ ആഴ്ചയ്ക്ക് 9.4 ബില്യണ്‍ ഷേക്കല്‍ വരെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രാലയം വിലയിരുത്തുന്നു.
എന്നാല്‍ 'ഓറഞ്ച് അലര്‍ട്ട്' എന്ന പരിമിത പ്രവര്‍ത്തന നിലയിലേക്ക് മാറുകയാണെങ്കില്‍ സുരക്ഷാ സൗകര്യങ്ങളോടടുത്ത് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ജോലി സ്ഥലങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും അനുവദിക്കാമെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും.
ഈ രീതിയില്‍ നിയന്ത്രണങ്ങള്‍ മാറ്റിയാല്‍ ആഴ്ചയിലെ സാമ്പത്തിക നഷ്ടം ഏകദേശം 4.5 ബില്യണ്‍ ഷേക്കല്‍ (ഏകദേശം 1.5 ബില്യണ്‍ ഡോളര്‍) ആകുമെന്ന് റോം ചൂണ്ടിക്കാട്ടി. ഇത് നിലവിലെ 'റെഡ് ലെവല്‍' നിയന്ത്രണങ്ങളില്‍ ഉണ്ടാകുന്ന നഷ്ടത്തിന്റെ പകുതിയിലും കുറവാണ്.
ഈ നയം നടപ്പാക്കിയാല്‍ ഹോം ഫ്രണ്ട് സുരക്ഷ നിലനിര്‍ത്തിക്കൊണ്ട് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാന്‍ കഴിയും. അതുവഴി സാമ്പത്തികവും സുരക്ഷാ ആവശ്യങ്ങളും ഒരുപോലെ നിറവേറ്റാനാകുമെന്നും ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
