ന്യൂഡല്‍ഹി: ഇന്ത്യയുമായി ഭൗമാതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. പ്രത്യേകിച്ച് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന നിക്ഷേപങ്ങള്‍ സുഗമമാക്കുന്നതിനാണ് ഈ തീരുമാനം.
സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്കുള്ള ആഗോള നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുകയും ഇന്ത്യയിലെ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' അജണ്ട മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രധാന മേഖലകളിലെ നിക്ഷേപങ്ങള്‍ക്ക് ആവശ്യമായ അനുമതികളുടെ കാര്യത്തില്‍ വ്യക്തമായ സമയപരിധി നിശ്ചയിക്കുന്നതിന് എഫ് ഡി ഐ നയത്തില്‍ മാറ്റം വരുത്തിയതായും പ്രസ്താവനയില്‍ പറയുന്നു.
അപേക്ഷകള്‍ക്ക് 60 ദിവസത്തിനകം വേഗത്തില്‍ തീരുമാനം എടുക്കുന്നത് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ സഹകരിക്കാനും പങ്കാളിത്ത കരാറുകള്‍ നടത്താനും സഹായകരമാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കൂടാതെ ആഗോള സപ്ലൈ ചെയിനുകളുമായി ഏകീകരിക്കാനും പുതിയ സാങ്കേതിക വിദ്യകള്‍ നേടാനും സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാനും ഇത് സഹായിക്കുമെന്ന് അറിയിച്ചു.
ഭൂ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന നിക്ഷേപവുമായി ബന്ധപ്പെട്ട എഫ് ഡി ഐ നയത്തിലെ ഈ മാറ്റം ഇലക്ട്രോണിക് ഘടകങ്ങള്‍, ക്യാപിറ്റല്‍ ഗുഡ്സ്, സോളാര്‍ സെല്ലുകള്‍ തുടങ്ങിയ നിര്‍മ്മാണ മേഖലകള്‍ക്ക് ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷ.
ചൈന, ബംഗ്ലാദേശ്, പാകിസ്ഥാന്, ഭൂട്ടാന്, നേപ്പാള്‍, മ്യാന്മാര്, അഫ്ഗാനിസ്ഥാന് എന്നിവയാണ് ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍.
2000 ഏപ്രില്‍ മുതല്‍ 2025 ഡിസംബര്‍ വരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത മൊത്തം എഫ് ഡി ഐ ഇക്വിറ്റി നിക്ഷേപത്തില്‍ ചൈനയുടെ വിഹിതം 0.32 ശതമാനം (ഏകദേശം 2.51 ബില്യണ്‍ ഡോളര്‍) മാത്രമാണ്. 23-ാം സ്ഥാനത്താണ് ചൈന.
2020 ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില് ഉണ്ടായ രൂക്ഷമായ അതിര്‍ത്തി ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഗുരുതരമായി വഷളായിരുന്നു. അതിനെ തുടര്‍ന്ന് പ്രധാന നയതന്ത്ര ഇടപെടലുകള്‍ നിലക്കുകയും ടിക്ടോക്, വീചാറ്റ് എന്നിവ ഉള്‍പ്പെടെ 200-ലധികം ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിക്കുകയും ചെയ്തിരുന്നു. നിയന്ത്രണ രേഖയുടെ സമീപത്തെ സൈനിക സംഘര്‍ഷം 2024 ഒക്ടോബറില്‍ അവസാനിച്ചെങ്കിലും അതിന് ശേഷമുള്ള സാമ്പത്തിക ബന്ധം സാധാരണ നിലയിലാക്കാനുള്ള ഏറ്റവും വലിയ നീക്കമായാണ് ഈ തീരുമാനത്തെ വിലയിരുത്തുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2025ല്‍ 155.6 ബില്യണ്‍ ഡോളറിലെത്തി. ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുമ്പോഴും സാമ്പത്തിക ഇടപെടലുകളില്‍ റെക്കോര്‍ഡ് ഉയര്‍ച്ചയാണ് ഇത്. 2025- 26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസങ്ങളില്‍ വ്യാപാരം 124.06 ബില്യണ്‍ ഡോളറിലെത്തി.
ഇന്ത്യയുടെ ചൈനയിലേക്കുള്ള കയറ്റുമതി 38.37 ശതമാനം ഉയര്‍ന്ന് 15.88 ബില്യണ്‍ ഡോളറായപ്പോള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി 108.18 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇതോടെ വ്യാപാര കമ്മി 92.3 ബില്യണ്‍ ഡോളറെന്ന വലിയ വ്യാത്യാസത്തില്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ആഭ്യന്തര നിര്‍മ്മാണ മേഖലകളിലേക്ക് ചൈനീസ് നിക്ഷേപം ആകര്‍ഷിക്കാന്‍ പുതിയ നയപരമായ മാറ്റങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്.
