ചൈന ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുടെ നിക്ഷേപത്തിന് ഇളവ് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ

ചൈന ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുടെ നിക്ഷേപത്തിന് ഇളവ് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ


ന്യൂഡൽഹി: ചൈന ഉൾപ്പെടെ ഇന്ത്യയുമായി കരഭൂമിയിലൂടെ അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപത്തിന് നിബന്ധനകളോടെ കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.

പുതിയ തീരുമാനം പ്രകാരം ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപം ഒരു കമ്പനിയിൽ പരമാവധി 10 ശതമാനം വരെ മാത്രമേ അനുവദിക്കൂ. കൂടാതെ ബന്ധപ്പെട്ട മേഖലയിലെ നിലവിലുള്ള പരിധികളും മറ്റ് നിയമങ്ങളും ബാധകമായിരിക്കും. നിക്ഷേപം സ്വീകരിക്കുന്ന സ്ഥാപനങ്ങൾ ആവശ്യമായ വിവരങ്ങൾ വ്യവസായആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT)ക്ക് അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഇലക്ട്രോണിക് ഭാഗങ്ങളുടെ നിർമ്മാണം, ക്യാപിറ്റൽ ഗുഡ്‌സ് നിർമ്മാണം, പോളിസിലിക്കൺ, ഇൻഗോട്ട്‌വേഫർ തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങൾക്ക് 60 ദിവസത്തിനകം വേഗത്തിലുള്ള അനുമതി നൽകുന്ന സംവിധാനവും പുതിയ നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ നിക്ഷേപം ലഭിക്കുന്ന സ്ഥാപനങ്ങളുടെ ഭൂരിപക്ഷ ഉടമസ്ഥതയും നിയന്ത്രണവും ഇന്ത്യയിലെ പൗരന്മാരോ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളോ കൈവശം വയ്ക്കണം എന്ന നിബന്ധന തുടരും.

2020ൽ ഗാൽവാൻ താഴ് വരയിലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന് പിന്നാലെ ചൈനയിൽ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം നിയന്ത്രിക്കാൻ ഇന്ത്യ 'പ്രസ് നോട്ട് 3' എന്ന നയം കൊണ്ടുവന്നിരുന്നു. അതിനുശേഷമാണ് ഇത്തരം നിക്ഷേപങ്ങൾക്ക് സർക്കാർ അനുമതി നിർബന്ധമാക്കിയിരുന്നത്.

പുതിയ മാറ്റം സ്റ്റാർട്ടപ്പുകൾക്കും ഡീപ് ടെക് മേഖലകൾക്കും കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനും ഇന്ത്യയിലെ നിർമ്മാണ മേഖല ശക്തിപ്പെടുത്താനും സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കും 'ആത്മനിർഭർ ഭാരത്' ലക്ഷ്യത്തിനും പിന്തുണ നൽകുമെന്നും സർക്കാർ വ്യക്തമാക്കി.