ന്യൂഡല്‍ഹി: രാജ്യത്ത് നിലനില്‍ക്കുന്ന എല്‍ പി ജി ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകരുടെ കാന്റീന്‍ സേവനങ്ങള്‍ ഭാഗികമായി താത്ക്കാലികമായി നിര്‍ത്തിവച്ചു. എല്‍ പി ജി സിലിണ്ടറുകളുടെ ലഭ്യതക്കുറവാണ് ഈ സാഹചര്യത്തിന് കാരണം.
വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കാന്റീന്‍ ഇന്‍ചാര്‍ജായ സന്ദീപ് ശര്‍മ പുറത്തിറക്കിയ നോട്ടീസില്‍ നിലവില്‍ അടുക്കളയില്‍ പ്രധാന ഭക്ഷണവസ്തുക്കള്‍ പാചകം ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എല്‍ പി ജി വിതരണത്തിലെ കുറവാണ് ഇതിന് കാരണം എന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ഈ നോട്ടീസ് കോടതി സെക്രട്ടറിയോടും എല്ലാ അഭിഭാഷകരോടും അഭിസംബോധന ചെയ്താണ് നല്‍കിയിരിക്കുന്നത്.
എല്‍ പി ജി വിതരണം എപ്പോള്‍ പുന:രാരംഭിക്കുമെന്ന് നിലവില്‍ വ്യക്തമായ വിവരം ലഭ്യമല്ലെന്ന് കാന്റീന്‍ മാനേജ്‌മെന്റ് അറിയിച്ചു. ഗ്യാസ് വിതരണം സാധാരണ നിലയിലാകുന്നതോടെ പ്രധാന ഭക്ഷണങ്ങള്‍ വീണ്ടും തയ്യാറാക്കിത്തുടങ്ങുമെന്നും നോട്ടീസില്‍ പറയുന്നു.
അതേസമയം, എല്‍ പി ജി ഉപയോഗിക്കാതെ തയ്യാറാക്കാവുന്ന ചില ഭക്ഷണങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കുമെന്ന് കാന്റീന്‍ അധികൃതര്‍ അറിയിച്ചു. സാന്‍ഡ്വിച്ച്, സാലഡ്, ഫ്രൂട്ട് ചാറ്റ് തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ അതില്‍ ഉള്‍പ്പെടും. സേവനങ്ങളില്‍ ഉണ്ടായ അസൗകര്യത്തിന് അഭിഭാഷകരോടും സന്ദര്‍ശകരോടും കാന്റീന്‍ മാനേജ്‌മെന്റ് ഖേദം രേഖപ്പെടുത്തുകയും സഹകരണം അഭ്യര്‍ഥിക്കുകയും ചെയ്തു.
പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തിനിടയില്‍ മാര്‍ച്ച് 7ന് കേന്ദ്ര സര്‍ക്കാര്‍ പാചക എല്‍ പ ിജി സിലിണ്ടറുകളുടെ വില 60 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ സബ്‌സിഡിയില്ലാത്ത എല്‍ പി ജി സിലിണ്ടറുകളുടെ വില ഡല്‍ഹിയില്‍ 913 രൂപയും കൊല്‍ക്കത്തയില്‍ 939 രൂപയും മുംബൈയില്‍ 912 രൂപയും ചെന്നൈയില്‍ 928 രൂപയും ആയി. സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതികളിലെ വ്യത്യാസം മൂലമാണ് സംസ്ഥാനങ്ങള്‍ക്കിടയിലെ വില വ്യത്യാസം ഉണ്ടാകുന്നത്.
എല്‍ പി ജി ക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയില്‍ ഉത്തര്‍പ്രദേശിലും ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നില്‍ പുലര്‍ച്ചെ മുതല്‍ ഉപഭോക്താക്കളുടെ നീണ്ട നിരയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഗ്യാസ് വാങ്ങാനെത്തിയ ഉപഭോക്താവായ അജയ് നിഷാദ് കഴിഞ്ഞ പത്ത് ദിവസമായി ഈ പ്രശ്‌നം തുടരുകയാണെന്ന് പറഞ്ഞു. ഏകദേശം 400 മുതല്‍ 500 പേര്‍ വരെ ഗ്യാസ് ഏജന്‍സികളുടെ മുന്നില്‍ നിരയില്‍ നില്‍ക്കേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിതരണ തടസ്സത്തെ തുടര്‍ന്ന് ഗാര്‍ഹിക എല്‍ പി ജി റീഫില്ലുകള്‍ക്കായി പുതിയ 25 ദിവസത്തെ ഇടവേള നിര്‍ബന്ധമാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം ആഗോള ഊര്‍ജവിതരണ ശൃംഖലയില്‍ ഉണ്ടായ തടസ്സങ്ങളാണ് എല്‍ പി ജി ക്ഷാമത്തിന് പ്രധാന കാരണം.
ഇതിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ആശുപത്രികള്‍ക്കും അനിവാര്യ സേവനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട് പ്രയോഗിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ചില പ്രദേശങ്ങളില്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് എല്‍ പി ജി വിതരണം നിയന്ത്രിച്ചിട്ടുണ്ട്.
നിലവിലെ വിതരണ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി പ്രകൃതിവാതക വിതരണം മുന്‍ഗണനാപട്ടിക അടിസ്ഥാനത്തില്‍ നടത്തുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പുതിയ സംവിധാനപ്രകാരം വീടുകളിലേക്ക് പോകുന്ന പൈപ്പ്ഡ് ഗ്യാസ് വിതരണത്തിനും വാഹനങ്ങള്‍ക്കുള്ള സി എന്‍ ജി വിതരണത്തിനും 100 ശതമാനം ഉറപ്പുള്ള വിതരണം നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് മേഖലകള്‍ക്ക് കഴിഞ്ഞ ആറുമാസത്തെ ശരാശരി ഉപയോഗത്തെ അടിസ്ഥാനമാക്കി നിയന്ത്രിത വിതരണം നടപ്പിലാക്കും.
സാധാരണയായി ഇന്ത്യയുടെ ഏകദേശം 30 ശതമാനം പ്രകൃതിവാതകവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം ഈ കടല്‍മാര്‍ഗ്ഗത്തില്‍ ഉണ്ടായ ലോജിസ്റ്റിക് വെല്ലുവിളികളാണ് നിലവിലെ വിതരണ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
