എം പിമാരുടെ പെന്‍ഷന്‍ പദ്ധതി ശ്രീലങ്ക റദ്ദാക്കി

എം പിമാരുടെ പെന്‍ഷന്‍ പദ്ധതി ശ്രീലങ്ക റദ്ദാക്കി


കൊളംബോ: രാഷ്ട്രീയ പ്രവര്‍ത്തകരുടെ ആനുകൂല്യങ്ങള്‍ കുറയ്ക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനത്തിന്റെ ഭാഗമായി ശ്രീലങ്ക പാര്‍ലമെന്റ് അംഗങ്ങള്‍ക്കും അവരുടെ വിധവകള്‍ക്കും ലഭിച്ചിരുന്ന പെന്‍ഷന്‍ പദ്ധതി റദ്ദാക്കി. ചൊവ്വാഴ്ച പാര്‍ലമെന്റില്‍ നടത്തിയ വോട്ടെടുപ്പിലൂടെ ഈ തീരുമാനത്തിന് അംഗീകാരമായി. 

സഭയില്‍ നടക്കുന്ന ചര്‍ച്ചകളുടെയും അംഗങ്ങള്‍ പറയുന്ന കാര്യങ്ങളുടെയും നിലവാരം ജനങ്ങള്‍ കാണുമ്പോള്‍ എം പിമാര്‍ പെന്‍ഷന്‍ അര്‍ഹമല്ലെന്ന് അവര്‍ കരുതുന്നുവെന്നാണ് നീതിമന്ത്രി ഹര്‍ഷന നാനായക്കര പാര്‍ലമെന്റില്‍ പറഞ്ഞു. പെന്‍ഷന്‍ ഉടന്‍ പ്രാബല്യത്തില്‍ നിര്‍ത്തലാക്കുന്ന പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി.

പ്രസിഡന്റ് അനുര കുമാര ദിസാനായക്കെയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ 49 വര്‍ഷം പഴക്കമുള്ള പാര്‍ലമെന്ററി പെന്‍ഷന്‍ നിയമം റദ്ദാക്കി. മുന്‍ പ്രസിഡന്റുമാര്‍ക്ക് ലഭിച്ചിരുന്ന താമസസൗകര്യം, വാഹനങ്ങള്‍, ആയിരക്കണക്കിന് സുരക്ഷാ ജീവനക്കാര്‍ എന്നിവ പിന്‍വലിച്ചതിന് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് ഈ തീരുമാനം.

225 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ ഭരണകക്ഷിക്ക് രണ്ടില്‍ മൂന്നിന്റെ ഭൂരിപക്ഷമുണ്ട്. പെന്‍ഷന്‍ നിയമം റദ്ദാക്കാനുള്ള പ്രമേയത്തിന് അനുകൂലമായി 154 പേര്‍ വോട്ട് ചെയ്തപ്പോള്‍ വെറും രണ്ട് പേര്‍ മാത്രമാണ് എതിര്‍ത്തത്.

എന്നാല്‍ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ ഇതിനെതിരെ പ്രതികരിച്ചു. അധികാരത്തില്‍ നിന്ന് വിരമിച്ച ശേഷം നിയമനിര്‍മ്മാതാക്കള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ പെന്‍ഷന്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പെന്‍ഷന്‍ ഇല്ലെങ്കില്‍ വിരമിച്ചതിന് ശേഷം ജീവിതസുരക്ഷ ഉറപ്പാക്കാന്‍ ചിലര്‍ അഴിമതിയിലൂടെ സമ്പത്ത് സമ്പാദിക്കാന്‍ പ്രേരിതരാകാമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.

മുന്‍ നിയമപ്രകാരം പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയാല്‍ പെന്‍ഷന്‍ ലഭിച്ചിരുന്നു. എന്നാല്‍ മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ കുറഞ്ഞത് പത്ത് വര്‍ഷത്തെ സേവനം നിര്‍ബന്ധമായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ മുന്‍ പ്രസിഡന്റുമാരുടെ ആനുകൂല്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള നിയമനിര്‍മ്മാണവും സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെട്ടത് മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സ നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം.

മുന്‍ പ്രസിഡന്റുമാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഇന്ധനം നല്‍കുന്ന ആഡംബര വാഹനങ്ങള്‍, സെക്രട്ടറിയേറ്റ് ജീവനക്കാര്‍, വ്യക്തിഗത സുരക്ഷ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. ഇവ ഇപ്പോള്‍ വന്‍തോതില്‍ കുറച്ചിട്ടുണ്ട്.

2021-ല്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ മഹിന്ദ രാജപക്‌സ അധികാരം ഒഴിഞ്ഞതിന് ശേഷം താമസിക്കാന്‍ മാറിയ സര്‍ക്കാര്‍ വസതിയുടെ നവീകരണത്തിനായി ഏകദേശം 800 മില്യണ്‍ രൂപ (ഏകദേശം 2.5 മില്യണ്‍ ഡോളര്‍) പൊതുധനം ചെലവഴിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

അദ്ദേഹത്തിന്റെ ഇളയ സഹോദരനും മുന്‍ പ്രസിഡന്റുമായ ഗോട്ടബായ രാജപക്‌സ 2022-ല്‍ സാമ്പത്തിക ദുര്‍വ്യവസ്ഥയും അഴിമതിയും ആരോപിച്ച് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളെ തുടര്‍ന്ന് പ്രസിഡന്റിന്റെ പദവി രാജിവെച്ചിരുന്നു. രാജിയ്ക്ക് പിന്നാലെ കുറച്ച് കാലം സര്‍ക്കാര്‍ ബംഗ്ലാവില്‍ താമസിച്ച ശേഷം അദ്ദേഹം അത് ഒഴിയുകയായിരുന്നു.

ബ്രിട്ടീഷ് കാലഘട്ടത്തില്‍ ലണ്ടനില്‍ നിന്നുള്ള മുതിര്‍ന്ന സിവില്‍ സര്‍വന്റുകള്‍ക്ക് താമസിക്കാന്‍ നിര്‍മ്മിച്ചിരുന്ന നിരവധി സര്‍ക്കാര്‍ വസതികളാണ് പിന്നീട് ഈ മുന്‍ നേതാക്കള്‍ക്ക് അനുവദിച്ചിരുന്നത്.