മൊജ്തബ ഖംനയിയെ പിന്തുടര്‍ച്ചക്കാരനാക്കരുതെന്ന് അലി ഖംനയിയുടെ ഒസ്യത്തെന്ന് റിപ്പോര്‍ട്ട്

മൊജ്തബ ഖംനയിയെ പിന്തുടര്‍ച്ചക്കാരനാക്കരുതെന്ന് അലി ഖംനയിയുടെ ഒസ്യത്തെന്ന് റിപ്പോര്‍ട്ട്


തെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖംനയിയെ ഈ സ്ഥാനത്തേക്ക് തന്റെ അവകാശിയായി നിയമിക്കരുതെന്ന് മുന്‍ പരമോന്നത നേതാവ് അലി ഖംനയി തന്റെ ഒസ്യത്തില്‍ വ്യക്തമാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് പോസ്റ്റ് ആണ് ഇറാനിയന്‍ പ്രവാസി സംഘടനയെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്.

അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട അലി ഖംനെയിയുടെ മരണത്തിന് പിന്നാലെയാണ് ഇറാന്റെ അസംബ്ലി ഓഫ് എക്‌സ്പര്‍ട്‌സ് മൊജ്തബ ഖംനയിയെ രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തത്. ഇറാന്റെ ചരിത്രത്തില്‍ ആദ്യമായാണ് പരമോന്നത നേതാവ് പദവി പിതാവില്‍ നിന്ന് മകനിലേക്ക് കൈമാറുന്നത്.

റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ഇറാനിലെ പ്രതിപക്ഷ സംഘടനയായ നാഷണല്‍ യൂണിയന്‍ ഫോര്‍ ഡെമോക്രസി ഇന്‍ ഇറാന്‍ (നുഫ്ദി) എന്ന സംഘടനയുടെ ഗവേഷണ ഡയറക്ടര്‍ ഖോസ്‌റോ ഇസ്ഫഹാനിയാണ് ഈ അവകാശവാദം ഉന്നയിച്ചത്.

ഖംനയിയുടെ ഒസ്യത്തില്‍ മൊജ്തബയെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കരുതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് വാഷിംഗ്ടണില്‍ ആസ്ഥാനമാക്കിയ ഇറാനിയന്‍ പ്രവാസി രാഷ്ട്രീയ സംഘടനയെ പ്രതിനിധീകരിക്കുന്ന ഇസ്ഫഹാനി പറഞ്ഞു.

മൊജ്തബ രാഷ്ട്രീയ ജീവിതത്തില്‍ വലിയ നേട്ടങ്ങളൊന്നും കൈവരിക്കാത്ത, കഴിവ് തെളിയിക്കാത്ത ഒരു യുവ മതപണ്ഡിതനാണ്. തന്റെ പിതാവിന്റെ പേരില്ലാതെ അദ്ദേഹത്തിന് പ്രാധാന്യമൊന്നുമില്ലായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. ഇറാനെ നയിക്കാന്‍ ആവശ്യമായ പരിചയവും കഴിവും മകനില്ലെന്നായിരുന്നു അലി ഖംനയിയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മൊജ്തബ ഖംനയിയുടെ തെരഞ്ഞെടുപ്പ് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സ് (ഐ ആര്‍ ജി സി) സമ്മര്‍ദ്ദത്തിലൂടെയാണെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ തീരുമാനത്തിനെതിരെ നിരവധി മതപണ്ഡിതര്‍ പ്രതിഷേധിക്കുകയും തെരഞ്ഞെടുപ്പ് നടന്ന യോഗം ബഹിഷ്‌കരിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഖംനയിയുടെ പകരക്കാരനെ തെരഞ്ഞെടുക്കേണ്ട അസംബ്ലി ഓഫ് എക്‌സ്പര്‍ട്‌സ് മൊജ്തബയ്ക്ക് വേണ്ടി വോട്ട് ചെയ്തില്ലെന്നും അദ്ദേഹത്തിന് ശക്തമായ എതിര്‍പ്പുണ്ടായിരുന്നുവെന്നും എന്നാല്‍ ഐ ആര്‍ ജി സിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അദ്ദേഹത്തെ അവകാശിയായി പ്രഖ്യാപിക്കുകയായിരുന്നുവെന്നും ഇസ്ഫഹാനി ആരോപിച്ചു.

ഇറാനില്‍ പരമോന്നത നേതാവ് പദവി പാരമ്പര്യമായി കൈമാറുന്നത് ആദ്യമായാണ്. അസംബ്ലി ഓഫ് എക്‌സ്പര്‍ട്‌സ് തെരഞ്ഞടുക്കുന്ന പരമോന്നത നേതാവിന് ഉയര്‍ന്ന മതപദവിയും ഭരണപരമായ പരിചയവും പൊതുജനങ്ങളില്‍ അംഗീകാരവും ഉണ്ടായിരിക്കണം.

മുന്‍പ് അലി ഖംനയി തന്നെ കുടുംബാധിപത്യ രീതിയിലുള്ള അധികാര കൈമാറ്റത്തിനെതിരെ പൊതുവേദികളില്‍ സംസാരിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. 2025-ല്‍ അദ്ദേഹം മൂന്ന് മുതിര്‍ന്ന മതപണ്ഡിതരെ സാധ്യതയുള്ള പകരക്കാരായി പരിഗണിച്ചിരുന്നുവെന്നും ആ പട്ടികയില്‍ മൊജ്തബയുടെ പേര് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റു മുതിര്‍ന്ന നേതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ മൊജ്തബയ്ക്ക് മതപദവിയും ഭരണപരമായ പരിചയവും കുറവാണെന്ന വിലയിരുത്തലും ഉണ്ടായിരുന്നു.

ഫെബ്രുവരി 28 മുതല്‍ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആരംഭിച്ച ആക്രമണങ്ങള്‍ക്ക് ശേഷം മൊജ്തബ ഖംനയി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഈ ആക്രമണങ്ങളില്‍ അദ്ദേഹം ഗുരുതരമായി പരിക്കേറ്റെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

മൊജ്തബ ഖംനെയിക്ക് രിക്കേറ്റെങ്കിലും സുരക്ഷിതനാണ് എന്നാണ് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ മകന്‍ യൂസഫ് പെസെഷ്‌കിയാന്‍ ബുധനാഴ്ച പ്രതികരിച്ചത്. ടെലഗ്രാമിലാണ് അദ്ദേഹം ഈ പ്രതികരണം നല്‍കിയത്. 

ഇതിന് മുന്‍പ് ഇറാന്റെ സര്‍ക്കാര്‍ ടെലിവിഷന്‍ മൊജ്തബ ഖംനെയിയെ റമദാന്‍ യുദ്ധത്തിലെ പരിക്കേറ്റ സൈനികന്‍ എന്ന് വിശേഷിപ്പിച്ചിരുന്നുവെങ്കിലും പരിക്കിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിരുന്നില്ല.