തെരഞ്ഞെടുക്കപ്പെട്ടാല്‍ വിവേക് രാമസ്വാമി ഒഹായോയിലെ ആദ്യ ബില്യണയര്‍ ഗവര്‍ണര്‍

തെരഞ്ഞെടുക്കപ്പെട്ടാല്‍ വിവേക് രാമസ്വാമി ഒഹായോയിലെ ആദ്യ ബില്യണയര്‍ ഗവര്‍ണര്‍


വാഷിംഗ്ടണ്‍: നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഒഹായോ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ സ്ഥാനാര്‍ഥി വിവേക് രാമസ്വാമി യു എസിലെ ഏറ്റവും സമ്പന്നരായ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ മൂന്നാമനാകുമെന്ന് ഫോബ്സ്. ഏകദേശം 2.3 ബില്യണ്‍ ഡോളറാണ് രാമസ്വാമിയുടെ നിലവിലെ ആസ്തിയെന്ന് ഫോബ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു വര്‍ഷം മുമ്പ് 1.8 ബില്യണ്‍ ഡോളറും 2025 മാര്‍ച്ചില്‍ ഒരു ബില്യണ്‍ ഡോളറുമായിരുന്നു രാമസ്വാമിയുടെ കണക്കാക്കിയ ആസ്തി. 41കാരനായ വ്യവസായി- രാഷ്ട്രീയക്കാരന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇല്ലിനോയി ഗവര്‍ണര്‍ ജെ ബി പ്രിറ്റ്‌സ്‌കറിന് പിന്നില്‍ യു എസിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ ഗവര്‍ണറാകും. രാജ്യത്തെ ഏറ്റവും സമ്പന്നരായ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടികയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും പ്രിറ്റ്‌സ്‌കറിനും പിന്നിലായിരിക്കും രാമസ്വാമിയുടെ സ്ഥാനം.

2014ല്‍ രാമസ്വാമി സ്ഥാപിച്ച ഫാര്‍മസ്യൂട്ടിക്കല്‍ ഗവേഷണ കമ്പനിയായ റൊയിവാന്റ് സയന്‍സസിലെ ഓഹരികളുമായി ബന്ധപ്പെട്ടതാണ് അദ്ദേഹത്തിന്റെ സമ്പത്തിന്റെ പ്രധാന ഭാഗം. 2ഈ വര്‍ഷം കമ്പനിയുടെ വിപണി മൂല്യം ഗണ്യമായി ഉയര്‍ന്നു.

കമ്പനിയുടെ നിരവധി മരുന്ന് പദ്ധതികളുമായി ബന്ധപ്പെട്ട പുരോഗതിയാണ് റൊയിവാന്റിന്റെ ഓഹരി മൂല്യം ഉയരാന്‍ പ്രധാന കാരണമായത്. ചില മരുന്നുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ അനുകൂല ഫലങ്ങള്‍ ലഭിച്ചതും ഓഗസ്റ്റില്‍ ലിവ്ഡെല്‍സി എന്ന കഴിക്കാവുന്ന മരുന്നിന് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരം ലഭിച്ചതും ഇതില്‍പ്പെടുന്നു. മോഡേണയുമായുള്ള ബില്യണ്‍ കണക്കിന് ഡോളറിന്റെ ഒത്തുതീര്‍പ്പിനെത്തുടര്‍ന്നും കമ്പനിയുടെ സാമ്പത്തിക നില ശക്തിപ്പെട്ടു.

റൊയിവാന്റിന് പുറമെ മറ്റ് മേഖലകളിലും രാമസ്വാമി നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. കോര്‍പറേറ്റ് തീരുമാനങ്ങളില്‍ രാഷ്ട്രീയ, സാമൂഹിക പരിഗണനകള്‍ക്ക് പരിമിതമായ പ്രാധാന്യം നല്‍കുന്ന നിക്ഷേപ സ്ഥാപനമായ സ്ട്രൈവ് അസറ്റ് മാനേജ്മെന്റ് അദ്ദേഹം 2022ല്‍ സ്ഥാപിച്ചു.

പ്രമുഖ സാങ്കേതിക കമ്പനികളിലുമുണ്ട് രാമസ്വാമിയുടെ നിക്ഷേപങ്ങള്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സാമ്പത്തിക വെളിപ്പെടുത്തല്‍ രേഖയില്‍ ആമസോണ്‍, മൈക്രോസോഫ്റ്റ്, എന്‍വിഡിയ തുടങ്ങിയ കമ്പനികളിലെ ഓഹരി നിക്ഷേപങ്ങളും ഉള്‍പ്പെടുന്നു. 2023ല്‍ മൈക്രോസോഫ്റ്റില്‍ ഒരു മില്യണ്‍ മുതല്‍ അഞ്ച് മില്യണ്‍ ഡോളര്‍ വരെ മൂല്യമുള്ള നിക്ഷേപമുള്ളതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

രാമസ്വാമിയുടെ സമ്പത്ത് ഒഹായോ ഗവര്‍ണര്‍ തെരഞ്ഞെടുപ്പിലെ പ്രചാരണ വിഷയമായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് എതിരാളി എമി ആക്ടന്‍ രാമസ്വാമിയുടെ സമ്പത്തിനെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചെലവുകളെയും വിമര്‍ശിച്ചിട്ടുണ്ട്. ഇരുവരുടെയും സാമ്പത്തിക സാഹചര്യങ്ങളിലെ വ്യത്യാസങ്ങളും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഒഹായോ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള പ്രചാരണത്തിനായി രാമസ്വാമി ഏകദേശം 30 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്തിട്ടുണ്ട്. 2024ലെ പരാജയപ്പെട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏകദേശം 29 മില്യണ്‍ ഡോളറാണ് അദ്ദേഹം ചെലവഴിച്ചത്.

തെരഞ്ഞെടുക്കപ്പെട്ടാല്‍ വ്യക്തിഗത ഓഹരികളില്‍ നിക്ഷേപിക്കുകയോ അവ കൈവശം വയ്ക്കുകയോ ചെയ്യില്ലെന്ന് ആക്ടന്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. സമാനമായ പ്രതിജ്ഞയെടുക്കാന്‍ അവര്‍ രാമസ്വാമിയെയും വെല്ലുവിളിച്ചു. എന്നാല്‍ രാമസ്വാമി തന്റെ വ്യക്തിഗത ഓഹരി നിക്ഷേപങ്ങള്‍ ഒഴിവാക്കുമോയെന്ന കാര്യത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുടെ വക്താവ് ഇവാന്‍ മാക്കന്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

രാമസ്വാമി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒഹായോയുടെ ആദ്യ ബില്യണയര്‍ ഗവര്‍ണറെന്ന നേട്ടവും സ്വന്തമാക്കും.