യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ന്യൂയോർക്ക് സിറ്റി മേയറായ സൊഹ്റാൻ മംദാനിയുടെ ഔദ്യോഗിക വസതിയായ 'ഗ്രേസി മാൻഷൻ' സന്ദർശിച്ചു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിൽ (UNGA) പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയ ട്രംപ് തിങ്കളാഴ്ചയാണ് മംദാനിയുമായി അസാധാരണ കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ 44 വർഷത്തിനിടെ ഒരു യുഎസ് പ്രസിഡന്റ് ന്യൂയോർക്ക് മേയറുടെ വസതി സന്ദർശിക്കുന്നത് ഇതാദ്യമാണ്. തീവ്ര ഇടതുപക്ഷക്കാരനും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുമായ മംദാനിയും തീവ്ര വലതുപക്ഷക്കാരനായ ട്രംപും രാഷ്ട്രീയമായി കടുത്ത ശത്രുതയിലായതിനാൽ ഈ സന്ദർശനം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ അത്ഭുതത്തോടെയാണ് കാണുന്നത്.
തിങ്കളാഴ്ച നടന്ന ഈ കൂടിക്കാഴ്ച തികച്ചും സൗഹൃദപരമായ അന്തരീക്ഷത്തിലായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള പ്രചാരണവേളയിൽ സോഷ്യലിസ്റ്റുകൾക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്ന ട്രംപ്, മംദാനിക്കെതിരേയും കടുത്ത വിമർശനം ഉന്നയിച്ചിട്ടുണ്ട്. തിരിച്ച് ട്രംപിനെ ഒരു 'ഫാസിസ്റ്റ്' എന്ന് മാംദാനിയും വിശേഷിപ്പിച്ചിട്ടുമുണ്ട്.
ഐക്യരാഷ്ട്രസഭയുടെ ഉന്നതതല സമ്മേളനത്തിനായി നഗരത്തിലെത്തിയ ട്രംപിന്റെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. കൂടിക്കാഴ്ചയ്ക്ക് ശേഷം മംദാനിയെ പ്രശംസിച്ച ട്രംപ്, അദ്ദേഹം "നല്ലൊരു തുടക്കമാണ്" കുറിച്ചിരിക്കുന്നതെന്നും "മികച്ചൊരു മേയറായി" മാറുമെന്നും അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ ധ്രുവങ്ങളുടെ ഇരുവശത്തുമുള്ള ജനകീയ നേതാക്കളായ ഇവർക്കിടയിൽ പ്രത്യയശാസ്ത്രപരമായ ഭിന്നതകളും കടുത്ത നിലപാടുകളുള്ള അനുയായിവൃന്ദവും ഉണ്ടെങ്കിലും, അവർ തമ്മിൽ നല്ലൊരു ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞെന്നാണ് വിലയിരുത്തുന്നത്.
ക്വീൻസിലെ 'സണ്ണിസൈഡ് യാർഡ്സ്' റെയിൽവേ യാർഡിന് മുകളിലായി 12,000 അഫോർഡബിൾ വീടുകൾ നിർമ്മിക്കാനുള്ള നഗരസഭയുടെ പദ്ധതിയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഇതിനായി വലിയ തോതിൽ ഫെഡറൽ ധനസഹായം ആവശ്യമാണെന്ന് മംദാനി അറിയിച്ചു. "ഞങ്ങൾ സംസാരിക്കുന്നത് ഞങ്ങളുടെ നഗരത്തിൽ വളരെ അപൂർവ്വമായ ഒരു കാര്യത്തെക്കുറിച്ചാണ്; തികച്ചും പുതിയൊരു ജനവാസമേഖല കെട്ടിപ്പടുക്കാനുള്ള സാധ്യതയാണത്," വാർത്താസമ്മേളനത്തിൽ മംദാനി പറഞ്ഞു. ഇതിന് ഫെഡറൽ സഹായം ആവശ്യമായി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യവ്യാപകമായ പാർപ്പിടക്ഷാമം തിരിച്ചറിഞ്ഞ ട്രംപ്, അത് പരിഹരിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
അതേസമയം, കുടിയേറ്റക്കാർക്കെതിരെയുള്ള ട്രംപിന്റെ കർശന നിലപാടുകളോടും നാടുകടത്തൽ ഭീഷണികളോടുമുള്ള തന്റെ ശക്തമായ വിയോജിപ്പ് മംദാനി യോഗത്തിൽ പരസ്യമായി പ്രകടിപ്പിച്ചു. ഹൈതി പോലുള്ള പ്രതിസന്ധിയിലായ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകിയിരുന്ന താൽക്കാലിക കുടിയേറ്റ പദവി പിൻവലിച്ചതുമുൾപ്പെടെയുള്ള ട്രംപിന്റെ നയങ്ങളോടുള്ള തന്റെ വിയോജിപ്പ് അറിയിച്ചതായി മാംദാനി പറഞ്ഞു. "ന്യൂയോർക്ക് നിവാസികളെയും, കുടിയേറ്റക്കാരായ ന്യൂയോർക്ക് നിവാസികളെയും എങ്ങനെ സുരക്ഷിതരായി നിലനിർത്താം എന്നതിനെക്കുറിച്ചുള്ള എന്റെ ശക്തമായ അഭിപ്രായങ്ങൾ ഞാൻ പങ്കുവെച്ചു," മംദാനി പറഞ്ഞു. ഈ വിഷയത്തിൽ മാംദാനിക്ക് വളരെ ശക്തമായ നിലപാടാണുള്ളതെന്ന് ട്രംപ് പറഞ്ഞു.
അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും, ന്യൂയോർക്ക് സ്വദേശിയായ ട്രംപ് താൻ നിരവധി മേയർമാരെ കണ്ടിട്ടുണ്ടെന്നും, അവരിൽ ചിലർ മികച്ചവരും മറ്റു ചിലർ അത്ര മികച്ചവരല്ലാത്തവരും ആയിരുന്നുവെന്നും പറഞ്ഞു. "നിങ്ങൾ ഒരു മികച്ച മേയറാകുമെന്ന് എനിക്ക് പറയാൻ കഴിയും; നിങ്ങൾ മികച്ചൊരു തുടക്കമാണ് കുറിച്ചിരിക്കുന്നത്," അദ്ദേഹം പറഞ്ഞു.
സിഎൻഎൻ, എംഎസ് നൗ എന്നീ നെറ്റ്‌വർക്കുകളിൽ നിന്നും പൊളിറ്റിക്കോ എന്ന വാർത്താ സ്ഥാപനത്തിൽ നിന്നും മാധ്യമപ്രവർത്തകരെ ട്രംപ് വിലക്കിയതിനെക്കുറിച്ച് ഒരു റിപ്പോർട്ടർ മാംദാനിയോട് ചോദിച്ചു. ഇതിനെ, ഗ്രേസി മാൻഷനിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിൽ വിലക്കപ്പെട്ട മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാ മാധ്യമപ്രവർത്തകർക്കും പ്രവേശനം അനുവദിച്ചാണ് മംദാനി മറുപടി നൽകിയത്. "എല്ലാ മാധ്യമപ്രവർത്തകരെയും ഇവിടെ ലോണിൽ അനുവദിക്കുമെന്ന് ഞാൻ പ്രസിഡന്റിനോട് പറഞ്ഞു; അക്കാര്യത്തിൽ എനിക്ക് ഉറച്ച വിശ്വാസമുണ്ട്."
മാധ്യമങ്ങളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയ ട്രംപ്, മാധ്യമങ്ങൾ "വ്യാജ വാർത്തകൾ" പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച ട്രംപ്, അവരെ അകറ്റിനിർത്തേണ്ടത് തന്റെ "ബാധ്യത"യാണെന്നും പറഞ്ഞു."ഇതൊരു രസകരമായ കാര്യമാണ്; കാരണം അവർ എന്നെ ബഹിഷ്കരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ, അതിനെക്കുറിച്ച് എനിക്ക് വലിയ ആശങ്കയൊന്നുമുണ്ടായിരുന്നില്ല".
ന്യൂയോർക്ക് മേയർ മംദാനിയുടെ വസതിയിൽ അസാധാരണ സന്ദർശനം നടത്തി ട്രംപ്
