പാലസ്തീനിനും കുര്‍ദുകള്‍ക്കുമൊപ്പം കശ്മീര്‍ പതാക പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഇന്ത്യന്‍ അമേരിക്കക്കാര്‍

പാലസ്തീനിനും കുര്‍ദുകള്‍ക്കുമൊപ്പം കശ്മീര്‍ പതാക പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഇന്ത്യന്‍ അമേരിക്കക്കാര്‍


വാഷിംഗ്ടണ്‍: പ്രതിഷേധമുയര്‍ത്തുന്ന വിദ്യാര്‍ഥികളുടെ ആവശ്യത്തിന് അനുകൂലമായി പാലസ്തീനികള്‍ക്കും കുര്‍ദുകള്‍ക്കുമൊപ്പം 'അധിനിവേശ' പതാകയില്‍ കശ്മീരിനേയും ഉള്‍പ്പെടുത്തുമെന്നത് നടപ്പിലാക്കരുതെന്ന് ഇന്ത്യന്‍ അമേരിക്കക്കാര്‍ യു എസ് സര്‍വകലാശാലയോട് ആവശ്യപ്പെട്ടു.

റട്‌ജേഴ്‌സിന്റേത് അപകടകരമായ തീരുമാനമാണെന്ന് ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ജിഒപിഐഒ) ചെയര്‍മാന്‍ തോമസ് എബ്രഹാം ന്യൂജേഴ്സിയിലെ റട്ജേഴ്സ് യൂണിവേഴ്സിറ്റി ന്യൂ ബ്രണ്‍സ്വിക്ക് പ്രസിഡന്റ് ജോനാഥന്‍ ഹോളോവേയ്ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

ഇത്തരമൊരു ആവശ്യം പരിഗണിക്കുന്നതിലൂടെ പോലും ഇന്ത്യയുടെ അഖണ്ഡതയെയാണ് ചോദ്യം ചെയ്യുന്നതെന്നും കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും അവര്‍ക്ക് പ്രത്യേക പതാകയില്ലെന്നും കശ്മീരികള്‍ കുടിയിറക്കപ്പെട്ടവരല്ലെന്നും  വാസ്തവത്തില്‍ ഹിന്ദു ന്യൂനപക്ഷങ്ങളാണ് കുടിയിറക്കപ്പെട്ടതെന്നും അവര്‍ക്കെതിരായ അക്രമം കാരണം കശ്മീരില്‍ നിന്ന് പുറത്തുപോകേണ്ടിവന്നതാണെന്നും റട്ജേഴ്സ് കശ്മീരിന്റെ അത്തരമൊരു പതാക പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ അത്തരം പതാകകളെ എതിര്‍ക്കുന്ന വിദ്യാര്‍ഥികളുടെ കൂടുതല്‍ കുത്തിയിരിപ്പ് സമരങ്ങള്‍ക്ക് അത് തുടക്കമാകുമെന്നും എബ്രഹാം എഴുതി.

എന്നാല്‍ പതാകയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ സര്‍വകലാശാല നടപ്പിലാക്കിയിട്ടില്ല. 

'റട്ജേഴ്സ് ന്യൂ ബ്രണ്‍സ്വിക്ക് കാമ്പസിലുടനീളമുള്ള പതാകകളുടെ കണക്ക് ചാന്‍സലറുടെ ഓഫീസ് എടുക്കുമെന്നും എന്റോള്‍ ചെയ്ത വിദ്യാര്‍ഥികളുടെ ഉചിതമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ചാന്‍സലര്‍ ഫ്രാന്‍സിന്‍ കോണ്‍വേ പ്രതിഷേധത്തിന് മറുപടിയായി മൂന്ന് പേജുള്ള കത്തില്‍ എഴുതി. 

'പാലസ്തീനികള്‍, കുര്‍ദുകള്‍, കശ്മീരികള്‍ ഉള്‍പ്പെടെ റട്ജേഴ്സ് കാമ്പസുകളിലുടനീളം അന്താരാഷ്ട്ര പതാകകള്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ മേഖലകളിലും അധിനിവേശ ജനതയുടെ പതാകകള്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് വിദ്യാര്‍ഥികള്‍ കത്തില്‍ വ്യക്തമാക്കിയിരുന്നത്. ഗാസയിലെ ഇസ്രായേല്‍ യുദ്ധത്തിനെതിരെ ഉള്‍പ്പെടെ 10 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാജ്യത്തുടനീളമുള്ള പല സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ പ്രതിഷേധമുയര്‍ത്തിയത്. 

മറ്റെല്ലാ സര്‍വ്വകലാശാലകളിലെയും പ്രതിഷേധക്കാര്‍ക്ക് പൊതുവായുള്ള പ്രധാന ആവശ്യം ഇസ്രായേലുമായി ബിസിനസ് നടത്തുന്ന കമ്പനികളില്‍ നിന്ന് വിട്ടുനില്‍ക്കുകയോ അതിന്റെ യുദ്ധശ്രമങ്ങളെ പിന്തുണക്കാതിരിക്കുകയോ ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കുകയോ ആയിരുന്നു. 

സര്‍വകലാശാല എല്ലാ കാര്യങ്ങളും അവലോകനം ചെയ്യുകയാണെന്നും വിദ്യാര്‍ഥികളുമായി ചര്‍ച്ച ചെയ്യുമെന്നും ചാന്‍സലര്‍ പറഞ്ഞു.