വാഷിംഗ്ടൺ: അമേരിക്കൻ ലേബർ സെക്രട്ടറി ലോറി ചാവസ് ഡെറെമർ സ്ഥാനമൊഴിയുന്നതായി വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റിവൻ ചിയൂങ് അറിയിച്ചു. സ്വകാര്യ മേഖലയിലെ പുതിയ ചുമതല ഏറ്റെടുക്കാനാണ് രാജിയെന്നാണ് വിശദീകരണം.
ചാവസ്‌ഡെറെമർ തന്റെ കാലയളവിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും തൊഴിൽരംഗത്ത് പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഡെപ്യൂട്ടി ലേബർ സെക്രട്ടറി കീത്ത് സോണ്ടർലിങ് താൽക്കാലികമായി ചുമതല വഹിക്കും.
ഡോണൾഡ് ട്രംപ് സർക്കാരിൽ കഴിഞ്ഞ ഒരുമാസത്തിനിടെ പദവി ഒഴിയുന്ന മൂന്നാമത്തെ കാബിനറ്റ് അംഗമാണ് ചാവസ്‌ഡെറെമർ. ഇതിനുമുമ്പ് ക്രിസ്റ്റി നോയം, പാം ബോണ്ടി എന്നിവരും സ്ഥാനമൊഴിഞ്ഞിരുന്നു.
ഇതിനിടെ, ചാവസ്‌ഡെറെമറിനെതിരെ ഉണ്ടായിരുന്ന അധികാര ദുരുപയോഗവും വ്യക്തിപരമായ പെരുമാറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളിലെ അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവരാനിരിക്കെയാണ് രാജി. സുരക്ഷാ സംഘത്തിലെ ഒരു അംഗവുമായി ബന്ധം പുലർത്തിയെന്നാരോപണവും, ഔദ്യോഗിക സ്ഥാനത്തിന്റെ ദുരുപയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉയർന്നിരുന്നു. ജീവനക്കാരെ സ്വകാര്യ വിനോദ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയതും ഔദ്യോഗിക യാത്രകൾ ദുരുപയോഗം ചെയ്തതുമാണ് പ്രധാന ആരോപണങ്ങൾ.
എന്നാൽ എല്ലാ ആരോപണങ്ങളും ചാവസ്‌ഡെറെമർ നിഷേധിച്ചിട്ടുണ്ട്.
ഇതിനൊപ്പം, ഭർത്താവ് ഷോൺ ഡെറെമറിനെതിരെയും ലൈംഗികാതിക്രമാരോപണങ്ങൾ ഉയർന്നിട്ടുണ്ട്. തൊഴിൽ വകുപ്പിന്റെ ആസ്ഥാനത്ത് നടന്ന സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
2022ൽ ഒറിഗൺ സംസ്ഥാനത്തെ അഞ്ചാം മണ്ഡലത്തിൽ നിന്ന് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചാവസ്‌ഡെറെമർ, 2024ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. അതിന് മുമ്പ് ഹാപ്പി വാലി നഗരത്തിന്റെ മേയറായും സേവനമനുഷ്ഠിച്ചിരുന്നു.
അന്വേഷണ വിവാദത്തിനിടെ യുഎസ് ലേബർ സെക്രട്ടറി രാജിവെച്ചു
