ലാഗ്വാര്‍ഡിയ വിമാനത്താവളത്തിലെ റണ്‍വേയില്‍ അപകടം; വിമാനത്താവളം അടച്ചിട്ടു

ലാഗ്വാര്‍ഡിയ വിമാനത്താവളത്തിലെ റണ്‍വേയില്‍ അപകടം; വിമാനത്താവളം അടച്ചിട്ടു


ന്യൂയോര്‍ക്ക്: ലാഗ്വാര്‍ഡിയ വിമാനത്താവളം അപകടത്തെ തുടര്‍ന്ന് തിങ്കളാഴ്ച അടച്ചിട്ടു. ഞായറാഴ്ച അര്‍ധരാത്രിയോടെ റണ്‍വേയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി വന്ന ഒരു വിമാനവും അടിയന്തര സേവന വാഹനവും തമ്മില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍  മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

പോര്‍ട്ട് അതോറിറ്റി ഓഫ് ന്യൂ യോര്‍ക്ക് ആന്റ് ന്യൂ ജേഴ്‌സി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം എയര്‍ കാനഡ എക്‌സ്പ്രസ് വിമാനമാണ് മോണ്‍ട്രിയലില്‍ നിന്ന് എത്തുന്നതിനിടെ ഫയര്‍ഫൈറ്റിംഗ് വാഹനവുമായി ഇടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വിമാനത്താവളത്തില്‍ പൂര്‍ണ്ണമായും 'ഗ്രൗണ്ട് സ്റ്റോപ്പ്' പ്രഖ്യാപിച്ചു. 500-ത്തിലധികം സര്‍വീസുകളാണ് ഇതോടെ റദ്ദായത്. 

അപകടത്തില്‍ വിമാനത്തിലെ രണ്ട് പൈലറ്റുമാര്‍ മരിച്ചതിന് പുറമേ യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 41 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ രണ്ട് എയര്‍ക്രാഫ്റ്റ് റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ഫൈറ്റിംഗ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

ഞായറാഴ്ച രാത്രി 11:37ഓടെയാണ് സംഭവം നടന്നത്. ജാസ് ഏവിയേഷന്‍ ഓപ്പറേറ്റ് ചെയ്ത എ സി 8646 എന്ന സര്‍വീസ് മറ്റൊരു അടിയന്തര സംഭവത്തിന് പ്രതികരിക്കാന്‍ എത്തിയ പോര്‍ട്ട് അതോറിറ്റി ഫയര്‍ഫൈറ്റിംഗ് വാഹനവുമായി റണ്‍വേയില്‍ ഇടിക്കുകയായിരുന്നു. വിമാനത്തില്‍ 72 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. 

സംഭവത്തിന് തൊട്ടുമുമ്പ്, മറ്റൊരു വിമാനത്തിലെ ജീവനക്കാര്‍ കാബിനില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഫയര്‍ ട്രക്കിന് റണ്‍വേ കടക്കാന്‍ അനുമതി നല്‍കിയിരുന്നു.

അപകടത്തിന് മുന്‍പുള്ള നിമിഷങ്ങളില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റേഡിയോയില്‍ 'സ്റ്റോപ്പ്, സ്റ്റോപ്പ്, സ്റ്റോപ്പ്' എന്ന മുന്നറിയിപ്പ് നല്‍കിയ ശബ്ദം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനകം തന്നെ വാഹനം റണ്‍വേയില്‍ കടന്നതിനാല്‍ അപകടം ഒഴിവാക്കാന്‍ കഴിഞ്ഞില്ല.

അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. 

ഇതിനിടെ സമീപത്തുള്ള നെവാര്‍ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ ഒഴിപ്പിച്ചതിനെ തുടര്‍ന്ന് ഏകദേശം ഒരു മണിക്കൂര്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടി വന്നു. ഇതോടെ ന്യൂയോര്‍ക്ക് നഗരത്തിലെ രണ്ട് പ്രധാന വിമാന ഗതാഗത കേന്ദ്രങ്ങളും താത്ക്കാലികമായി പ്രവര്‍ത്തനരഹിതമായി.