കടബാധ്യതയ്ക്ക് പിന്നാലെ പ്രതിസന്ധി രൂക്ഷം; സ്പിരിറ്റ് എയർലൈൻസ് ലിക്വിഡേഷനിലേക്ക്?

കടബാധ്യതയ്ക്ക് പിന്നാലെ പ്രതിസന്ധി രൂക്ഷം; സ്പിരിറ്റ് എയർലൈൻസ് ലിക്വിഡേഷനിലേക്ക്?


വാഷിങ്ടൺ: അമേരിക്കൻ കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനിയായ സ്പിരിറ്റ് എയർലൈൻസ്  അടുത്ത ദിവസങ്ങളിലൊന്നിൽ തന്നെ ലിക്വിഡേഷൻ നടപടികളിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന സൂചന. 

ഒരു വർഷത്തിനുള്ളിൽ രണ്ടാം തവണ പാപ്പരീകരണാവസ്ഥ നേരിട്ട സ്പിരിറ്റ് എയർലൈൻസ് സാമ്പത്തിക നില മെച്ചപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കെയാണ് ഇന്ധനവില കുത്തനെ ഉയർന്നത് പുതിയ വെല്ലുവിളിയായത്. തൊഴിലാളികളുടെ വേതനത്തിന് പിന്നാലെ എയർലൈൻസുകൾക്ക് ഏറ്റവും വലിയ ചെലവാണ് ഇന്ധനം.

ഈ വർഷം ഇന്ധനവില ഗാലണിന് 4.60 ഡോളറിന് സമീപം തുടരുകയാണെങ്കിൽ, 2026 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രവർത്തന ലാഭം 7 ശതമാനത്തിൽനിന്ന് 20 ശതമാനം വരെ താഴാൻ സാധ്യതയുണ്ടെന്ന് ജെ.പി മോർഗൻ വിലയിരുത്തി. ഇതോടെ ചെലവ് 360 മില്യൺ ഡോളർ വരെ അധികമാകാനിടയുണ്ട്.

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ധനവിലയിൽ വൻ വർധനവുണ്ടായി. ന്യൂയോർക്ക്, ഹൂസ്റ്റൺ, ഷിക്കാഗോ, ലോസ് ആഞ്ചലസ് നഗരങ്ങളിൽ ജെറ്റ് ഇന്ധനവില ഗാലണിന് 4.88 ഡോളർ വരെ എത്തിയതായാണ് റിപ്പോർട്ട്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ എതിരാളികളായ  ഫ്രോണ്ടിയർ എയർലൈൻസ് , ജെറ്റ് ബ്ലു എയർലൈൻസ്  തുടങ്ങിയവ സ്പിരിറ്റ് പ്രവർത്തിച്ചിരുന്ന റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ആരംഭിച്ചു. ഇതും കമ്പനിക്ക് തിരിച്ചടിയായി.

കൊവിഡ് കാലത്തിന് ശേഷമുള്ള വേതനവർധനയും ചെലവുകൂടുതലും, കുറഞ്ഞ വിമാന ടിക്കറ്റു നിരക്കുകളും സ്പിരിറ്റിനെ പ്രതിസന്ധിയിലാക്കി. കൂടാതെ പ്രാറ്റ് & വിറ്റ്‌നി എൻജിൻ പ്രശ്‌നങ്ങളെത്തുടർന്ന് നിരവധി വിമാനങ്ങൾ നിലത്തിരുത്തേണ്ടിവന്നതും തിരിച്ചടിയായി. ജെറ്റ് ബ്ലു എയർലൈൻസുമായി ലയിക്കാൻ ഉണ്ടായിരുന്ന പദ്ധതി കോടതി തടഞ്ഞതും കമ്പനിയുടെ സാമ്പത്തിക നിലയെ കൂടുതൽ ദുർബലമാക്കി.

ഉയർന്ന വരുമാനമുള്ള യാത്രക്കാരെ ആകർഷിക്കാൻ മെച്ചപ്പെടുത്തിയ സേവനങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അതും കാര്യമായ ഫലം കണ്ടില്ല. നിലവിലെ സാഹചര്യത്തിൽ ലിക്വിഡേഷൻ ഒഴിവാക്കാനാകുമോ എന്നത് അനിശ്ചിതത്വത്തിലാണ്.