വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധാവസ്ഥ അവസാനിപ്പിക്കുന്ന കരാറിൽ ധാരണയിലെത്തിയാൽ, ഒപ്പുവെപ്പ് ചടങ്ങ് ഇസ്‌ലാമാബാദിൽ നടക്കുകയാണെങ്കിൽ താനും പങ്കെടുക്കാമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽനിന്ന് നെവാഡയും അരിസോണയും ലക്ഷ്യമാക്കി യാത്ര തിരിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനുമായി നടക്കുന്ന ചർച്ചകളിൽ പുരോഗതി ഉണ്ടെന്നും, മിക്ക വിഷയങ്ങളിലും ഇറാൻ സമ്മതം അറിയിച്ചതായും ട്രംപ് അവകാശപ്പെട്ടു. കരാർ ആവശ്യമെങ്കിൽ അടുത്താഴ്ച കാലാവധി തീരാനിരിക്കുന്ന യു.എസ്. - ഇറാൻ വെടിനിർത്തൽ നീട്ടാമെങ്കിലും അതിന് വേണ്ടിവരില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരാർ ഇസ്ലാമാബാദ് നഗരത്തിൽ ഒപ്പുവെക്കുകയാണെങ്കിൽ താൻ പങ്കെടുക്കാൻ സാധ്യതയുണ്ടെന്നും, 'അവർ തന്നെ ക്ഷണിക്കുന്നുണ്ട് ' എന്നും ട്രംപ് പറഞ്ഞു. എന്നാൽ യു.എസ്.-ഇസ്രായേൽ വ്യോമാക്രമണങ്ങൾക്കുശേഷം ഒളിപ്പിച്ചുവെന്നു കരുതുന്ന സമ്പുഷ്ട യുറേനിയം പൂർണമായി ഉപേക്ഷിക്കാൻ ഇറാൻ തയ്യാറായെന്ന അവകാശവാദത്തിന് അദ്ദേഹം തെളിവുകൾ ഒന്നും പുറത്തുവിട്ടിട്ടില്ല.
ഇറാൻ അവരുടെ ആണവപരിപാടി പൂർണമായി ഉപേക്ഷിക്കണമെന്ന നിലപാടിലാണ് അമേരിക്ക. ചർച്ചകൾ വിജയകരമായി പൂർത്തിയായാൽ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് ശമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്ട്ര സമൂഹം.
ഇറാൻ കരാറിന് പ്രതീക്ഷ; ഒപ്പുവെപ്പ് ഇസ്‌ലാമാബാദിൽ നടന്നാൽ പങ്കെടുക്കാമെന്ന് ട്രംപ്
