യുഎസ്-ഓസ്‌ട്രേലിയൻ ടൂറിസ്റ്റുകൾ മെക്സിക്കോയിൽ വെടിയേറ്റ് മരിച്ചു

യുഎസ്-ഓസ്‌ട്രേലിയൻ ടൂറിസ്റ്റുകൾ മെക്സിക്കോയിൽ വെടിയേറ്റ് മരിച്ചു


കൊല്ലപ്പെട്ടത് യുഎസ് പൗരനും സുഹൃത്തുക്കളായ ഓസ്‌ട്രേലിയൻ സഹോദരങ്ങളും

തലയിൽ വെടിയേറ്റ മുറിവുകളോടെ കിണറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങൾ യുഎസ് പൗരൻ ഉൾപ്പെടെ കാണാതായ വിനോദസഞ്ചാരികളുടേതെന്ന് സ്ഥിരീകരിച്ചതായി മെക്സിക്കൻ അധികൃതർ ഞായറാഴ്ച അറിയിച്ചു.

അമേരിക്കൻ ജാക്ക് കാർട്ടർ റോഡിൻ്റെയും ഓസ്‌ട്രേലിയൻ സഹോദരന്മാരായ ജെയ്‌ക്ക് റോബിൻസൻറെയും കല്ലം റോബിൻസൻ്റെയും ബന്ധുക്കൾ ജനിതക പരിശോധന നടത്താതെ തന്നെ അവരുടെ മൃതദേഹം തിരിച്ചറിഞ്ഞതായി ബാജ കാലിഫോർണിയ അറ്റോർണി ജനറലിൻ്റെ ഓഫീസ് ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

അതിർത്തി നഗരമായ ടിജുവാനയിൽ നിന്ന് 60 മൈൽ തെക്ക് എൻസെനാഡ പട്ടണത്തിന് സമീപം സർഫിംഗിനും ക്യാമ്പിംഗിനുമായാണ് മൂന്ന് സുഹൃത്തുക്കളും പോയിരുന്നത്. ഏപ്രിൽ 29നാണ് അവരെ കാണാതാകുന്നത്. 

ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുമ്പ് ചോദ്യം ചെയ്ത മൂന്ന് മെക്സിക്കൻ പൗരന്മാരെ  തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ ഉൾപ്പെട്ടവരെന്ന് സംശയിച്ച് അറസ്റ്റ് ചെയ്തതായി അറ്റോർണി ജനറലിൻ്റെ ഓഫീസ് അറിയിച്ചു. സംശയിക്കപ്പെടുന്നവരിൽ ഒരാളെ "എൽ കെകാസ്" എന്ന് വിളിക്കപ്പെടുന്ന ജെസ്യൂസ് ജെറാർഡോ "എൻ"  ആണെന്ന് തിരിച്ചറിഞ്ഞു.

ബാജ കാലിഫോർണിയ അറ്റോർണി ജനറൽ മരിയ എലീന ആൻഡ്രേഡ് റാമിറെസ് ഞായറാഴ്ച കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തി. " ഈ സംഭവത്തിന് ഉത്തരവാദികളായവരെ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യുമെന്നും ഈ നിർഭാഗ്യകരമായ സംഭവങ്ങളിൽ അന്വേഷണം  നടത്തുന്നതിന്തു തങ്ങൾ പ്രതിബദ്ധരാണെന്നും അവർ മാതാപിതാക്കളെ അറിയിച്ചു.

വെള്ളിയാഴ്ച സിഎൻഎൻഇയോട് സംസാരിച്ച പ്രാദേശിക പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സാൻ്റോ തോമസിലെ ഒരു റാഞ്ചിൽ നിന്ന് കത്തിയ വെളുത്ത പിക്കപ്പ് ട്രക്ക് കണ്ടെത്തിയിരുന്നു. മൂവരെയും കാണാതാകുന്നതിന് ഒരാഴ്ച മുമ്പ് കാലം റോബിൻസൺ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ ഈ വാഹനം കാണാമായിരുന്നു.  

വാഹനമോഷണ ശ്രമത്തിനിടെ സർഫർമാർ ആക്രമിക്കപ്പെട്ടിരിക്കാമെന്ന് പ്രാഥമിക അന്വേഷണ ഫലങ്ങൾ ഉദ്ധരിച്ച് ഉദ്യോഗസ്ഥർ പറഞ്ഞു. എൻസെനഡ പോലുള്ള വിനോദസഞ്ചാര മേഖലകളിൽ ഇത് വളരെ അപൂർവമായി മാത്രമേ സംഭവിക്കാറുള്ളൂവെങ്കിലും സമീപ വർഷങ്ങളിൽ ബാജാ കാലിഫോർണിയയെ കാർട്ടൽ അക്രമം ബാധിച്ചിട്ടുണ്ട്.

മെക്സിക്കോയുടെ വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച ഒരു പ്രസ്താവനയിൽ ടൂറിസ്റ്റുകളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. “വിദേശകാര്യ മന്ത്രാലയം ഈ ദാരുണമായ സംഭവത്തിൽ ഇരകളുടെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഈ സംഭവത്തിൽ അഗാധമായി ഖേദിക്കുകയും ചെയ്യുന്നു,” പ്രസ്താവന പറയുന്നു.