സുപ്രീകോടതി ഇടപെടൽ: ട്രംപിന്റെ വൈറ്റ് ഹൗസ് ബോൾറൂം നിർമാണത്തിന് താൽക്കാലിക അനുമതി

സുപ്രീകോടതി ഇടപെടൽ:   ട്രംപിന്റെ വൈറ്റ് ഹൗസ് ബോൾറൂം നിർമാണത്തിന് താൽക്കാലിക അനുമതി


400 മില്യൺ ഡോളറിന്റെ പദ്ധതിക്ക് സ്റ്റേ ഇല്ല; അന്തിമ തീരുമാനം സുപ്രീകോടതിയുടെ പരിഗണനയിൽ

വാഷിങ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 400 മില്യൺ ഡോളർ ചെലവിൽ നിർമിക്കുന്ന വൈറ്റ് ഹൗസ് ബോൾറൂം പദ്ധതിക്ക് താൽക്കാലിക ആശ്വാസം. നിർമാണം നിർത്തിവയ്ക്കണമെന്ന കീഴ്‌ക്കോടതി ഉത്തരവ് പ്രാബല്യത്തിൽ വരാനിരിക്കെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്‌സ് വെള്ളിയാഴ്ച താൽക്കാലികമായി നിർമാണം തുടരാൻ അനുമതി നൽകി.

പദ്ധതിക്കെതിരെ നിലവിലുള്ള കേസുകളിൽ ട്രംപ് ഭരണകൂടം നൽകിയ അടിയന്തര ഹർജി സുപ്രീകോടതി പരിഗണിക്കുന്നതുവരെ നിർമാണം തുടരാനാണ് അനുമതി. ഒരു പേജ് മാത്രമുള്ള ഉത്തരവിൽ ചീഫ് ജസ്റ്റിസ് തീരുമാനത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. സുപ്രീകോടതി അന്തിമ തീരുമാനം എപ്പോൾ പ്രഖ്യാപിക്കുമെന്നും വ്യക്തമല്ല.

പദ്ധതി പകുതിയിലേറെ പൂർത്തിയായി

ഏകദേശം 90,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ബോൾറൂം നിർമിക്കുന്നത്. നിർമാണത്തിന്റെ 65 ശതമാനത്തോളം ഇതിനകം പൂർത്തിയായതായി യുഎസ് നീതിന്യായവകുപ്പ് കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു.

ദിവസവും 20 മണിക്കൂർ വീതം, ആഴ്ചയിൽ ഏഴ് ദിവസവും നിർമാണം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. സ്വകാര്യ സംഭാവനയായി ഏകദേശം 200 മില്യൺ ഡോളർ ഇതിനകം ചെലവഴിക്കുകയോ പദ്ധതിക്കായി ഉറപ്പാക്കുകയോ ചെയ്തിട്ടുണ്ട്.

വൈറ്റ് ഹൗസിന്റെ ഈസ്റ്റ് വിങ് പൊളിച്ചുമാറ്റിയതോടെയാണ് പദ്ധതിക്കെതിരായ നിയമപോരാട്ടം ശക്തമായത്.

'അധികാരം കോൺഗ്രസിനാണ്'

നാഷനൽ ട്രസ്റ്റ് ഫോർ ഹിസ്റ്റോറിക് പ്രിസർവേഷൻ ഉൾപ്പെടെയുള്ള സംരക്ഷണ സംഘടനകളാണ് പദ്ധതിയെ കോടതിയിൽ ചോദ്യം ചെയ്തത്. പ്രസിഡന്റിന് ഏകപക്ഷീയമായി ഇത്തരമൊരു പദ്ധതി നടപ്പാക്കാൻ അധികാരമില്ലെന്നും കോൺഗ്രസിന്റെ അനുമതി ആവശ്യമാണെന്നും സംഘടന വാദിക്കുന്നു.

വൈറ്റ് ഹൗസ് അധികൃതർ നിർമാണം അതിവേഗം മുന്നോട്ടുകൊണ്ടുപോയി കോടതിയുടെ ഇടപെടൽ മറികടക്കാൻ ശ്രമിക്കുകയാണെന്നും പരാതിക്കാർ ആരോപിച്ചു.

വാഷിങ്ടണിലെ ഫെഡറൽ കോടതി ജഡ്ജി റിച്ചാർഡ് ലിയോണാണ് ആദ്യം ഏപ്രിലിൽ ഭൂനിരപ്പിന് മുകളിലുള്ള നിർമാണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. പിന്നീട് അപ്പീൽ കോടതിയും നിർമാണ നിയന്ത്രണം ശരിവച്ചു. എന്നാൽ ഭൂഗർഭ ഭാഗത്തെ ബങ്കറുകളും സൈനിക സംവിധാനങ്ങളുമായി ബന്ധപ്പെട്ട ജോലികൾ തുടരാൻ കോടതി അനുമതി നൽകിയിരുന്നു.

അപ്പീൽ കോടതി ജഡ്ജിമാരിൽ രണ്ടുപേർ, പദ്ധതി തുടരണമോ എന്നത് കോൺഗ്രസ് തീരുമാനിക്കേണ്ട വിഷയമാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ട്രംപ് നിയമിച്ച മൂന്നാമത്തെ ജഡ്ജി പദ്ധതിയെ ചോദ്യം ചെയ്ത സംഘടനയ്ക്ക് കേസ് നൽകാനുള്ള നിയമപരമായ അവകാശമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

ദേശീയ സുരക്ഷയോ പ്രസിഡന്റിന്റെ അധികാരമോ?

വൈറ്റ് ഹൗസ് ബോൾറൂം നിർമാണം ദേശീയ സുരക്ഷയുടെ ഭാഗമാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ഇപ്പോഴത്തെ പ്രധാന വാദം. പ്രസിഡന്റിന് വൈറ്റ് ഹൗസിലും മറ്റ് ഫെഡറൽ കെട്ടിടങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ വിശാലമായ അധികാരമുണ്ടെന്നും ഭരണകൂടം പറയുന്നു.

എന്നാൽ പദ്ധതി പ്രഖ്യാപിച്ച സമയത്ത് ദേശീയ സുരക്ഷയായിരുന്നില്ല ട്രംപ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്. സ്വകാര്യ സംഭാവനകളിലൂടെയാണ് നിർമാണച്ചെലവ് കണ്ടെത്തുന്നതെന്നും ട്രംപ് അന്ന് വ്യക്തമാക്കിയിരുന്നു.

 നിർമാണം തടഞ്ഞ കീഴ്‌ക്കോടതി തീരുമാനം 'അസാധാരണവും നിയമവിരുദ്ധവും' എന്നാണ് സോളിസിറ്റർ ജനറൽ ഡി. ജോൺ സോവർ വിശേഷിപ്പിച്ചത്. ബോൾറൂം പൂർത്തിയാക്കുന്നത് ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമാണെന്നും അദ്ദേഹം വാദിച്ചു.

അന്തിമ വിധി നിർണായകം

നിലവിൽ ചീഫ് ജസ്റ്റിസ് റോബർട്‌സിന്റെ താൽക്കാലിക ഉത്തരവാണ് ട്രംപിന് നിർമാണം തുടരാനുള്ള വഴിയൊരുക്കിയത്. എന്നാൽ ഇത് പദ്ധതിക്ക് അന്തിമ നിയമാനുമതി നൽകുന്ന തീരുമാനമല്ല.

വൈറ്റ് ഹൗസ് പോലുള്ള ചരിത്രപ്രാധാന്യമുള്ള ഫെഡറൽ കെട്ടിടത്തിൽ പ്രസിഡന്റിന് കോൺഗ്രസിന്റെ പ്രത്യേക അനുമതിയില്ലാതെ ഇത്ര വലിയ മാറ്റം വരുത്താനാകുമോ എന്ന അടിസ്ഥാന ചോദ്യമാണ് കേസിലൂടെ ഉയരുന്നത്. സുപ്രീകോടതിയുടെ അന്തിമ തീരുമാനം ട്രംപിന്റെ ബോൾറൂം പദ്ധതിയുടെ ഭാവി മാത്രമല്ല, ഫെഡറൽ സ്വത്തുക്കളിലുള്ള പ്രസിഡന്റിന്റെ അധികാരത്തിന്റെ പരിധിയും നിർണയിച്ചേക്കും.