മാധ്യമവിലക്ക്: ട്രംപിനെതിരെ അമേരിക്കൻ ടെലിവിഷൻ ശൃംഖലകളുടെ കൂട്ടായ പ്രതിഷേധം

മാധ്യമവിലക്ക്: ട്രംപിനെതിരെ അമേരിക്കൻ ടെലിവിഷൻ ശൃംഖലകളുടെ കൂട്ടായ പ്രതിഷേധം


വൈറ്റ് ഹൗസിന്റെ മാധ്യമനിയന്ത്രണത്തിനെതിരെ അപൂർവ ഐക്യം; മാധ്യമസ്വാതന്ത്ര്യവും ഭരണകൂടത്തിന്റെ സുതാര്യതയും ചർച്ചയാകുന്നു

വാഷിങ്ടൺ:  പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രമുഖ മാധ്യമസ്ഥാപനങ്ങളായ സി.എൻ.എൻ, എം.എസ്. നൗ, പോളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതിനെതിരെ അമേരിക്കയിലെ പ്രമുഖ ടെലിവിഷൻ ശൃംഖലകൾ സംയുക്ത പ്രതഷേധവുമായി രംഗത്ത്. തിങ്കളാഴ്ച (സെപ്തംബർ 21) പ്രസിഡന്റ് ട്രംപിന്റെ ഔദ്യോഗിക പരിപാടികൾക്കായുള്ള സംയുക്ത ടെലിവിഷൻ കവറേജ് താൽക്കാലികമായി നിർത്തിവയ്ക്കാൻ എ.ബി.സി, സി.ബി.എസ്, ഫോക്‌സ്, എൻ.ബി.സി, സി.എൻ.എൻ എന്നീ അഞ്ചു ശൃംഖലകൾ തീരുമാനിച്ചു. വൈറ്റ് ഹൗസ് വിലക്കിനെ തുടർന്ന് തങ്ങളുടെ നിശ്ചിത ചുമതല നിർവഹിക്കാൻ സി.എൻ.എന്നിന് കഴിയാത്ത സാഹചര്യത്തിലാണ് മറ്റു ശൃംഖലകളും പകരം സംഘത്തെ നയോഗിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്. പ്രസിഡന്റിന്റെ യാത്രകളും ഔദ്യോഗിക പരിപാടികളും പകർത്തി മറ്റ് മാധ്യമങ്ങൾക്ക് പങ്കുവയ്ക്കുന്ന സംവിധാനമാണ് ടെലിവിഷൻ പ്രസ് പൂൾ. മാധ്യമങ്ങളുടെ റപ്പോർട്ടിങ്ങിനോടുള്ള അതൃപ്തിയുടെ പേരിൽ ഒരു വാർത്താസ്ഥാപനത്തെ ഭരണകൂടം നിയന്ത്രിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അഞ്ചു ശൃംഖലകളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യവും സ്വതന്ത്രവുമായ വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്ന നിലപാടാണ് മാധ്യമസ്ഥാപനങ്ങൾ ഉയർത്തിപ്പിടിക്കുന്നത്.

വിലക്കിനെതിരെ സി.എൻ.എൻ, എം.എസ്. നൗ, പോളിറ്റിക്കോ എന്നീ സ്ഥാപനങ്ങൾ ട്രംപ് ഭരണകൂടത്തിനെതിരെ ഫെഡറൽ കോടതിയെ സമീപിച്ചിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന അമേരിക്കൻ ഭരണഘടനയുടെ ഒന്നാം ഭേദഗതിയുടെ ലംഘനവും നടപടിക്രമപരമായ അവകാശങ്ങളുടെ ലംഘനവുമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. മാധ്യമപ്രവർത്തകരുടെ പ്രവേശനാനുമതി പുനഃസ്ഥാപിക്കണമെന്നും വിലക്ക് നടപ്പാക്കുന്നത് താൽക്കാലികമായി തടയണമെന്നും സ്ഥാപനങ്ങൾ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ മാധ്യമപ്രവർത്തകർക്ക് വാർത്ത പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യം ഒന്നാം ഭേദഗതി ഉറപ്പുനൽകുന്നുണ്ടെങ്കിലും വൈറ്റ് ഹൗസിലെ പ്രത്യേക പ്രവേശനാനുമതിയോ പ്രസ് പൂൾ ചുമതലയോ ഉറപ്പുനൽകുന്നില്ലെന്നാണ് ഭരണകൂടത്തിന്റെ വാദം. 

വൈറ്റ് ഹൗസും മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങൾ. തിങ്കളാഴ്ച ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര പൊതുസഭാ പരിപാടികളലേക്കുള്ള ട്രംപിന്റെ യാത്രയ്ക്ക് സാധാരണ രീതിയിലുള്ള സംയുക്ത ടെലിവിഷൻ കവറേജ് ലഭിക്കാത്ത സാഹചര്യം ഇതുമൂലം സൃഷ്ടിക്കപ്പെട്ടു. അതേസമയം, ടെലിവിഷൻ പ്രസ് പൂൾ നിർത്തിവച്ചെങ്കിലും കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റു പരിപാടികളുടെ കവറേജ് തുടരുമെന്ന് മാധ്യമസ്ഥാപനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ മാധ്യമനയവും വാർത്താ റിപ്പോർട്ടിങ്ങിനുള്ള നിയന്ത്രണങ്ങളും സംബന്ധിച്ച ഭരണഘടനാപരമായ ചർച്ചകൾക്ക് ഈ നടപടി കൂടുതൽ പ്രാധാന്യം നൽകിയിരിക്കുകയാണ്. 

വൈറ്റ് ഹൗസിന്റെ മാധ്യമവിലക്കിനെതിരെ പരസ്പരം മത്സരിക്കുന്ന പ്രമുഖ ടെലിവിഷൻ ശൃംഖലകൾ ഒരുമിച്ച് രംഗത്തെത്തിയത് അമേരിക്കൻ മാധ്യമരംഗത്തെ ശ്രദ്ധേയമായ സംഭവമാണ്. പ്രസിഡന്റിന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾ രേഖപ്പെടുത്തുകയും പൊതുജനങ്ങളലേക്ക് വിവരങ്ങൾ എത്തിക്കുകയും ചെയ്യുന്ന സംവിധാനത്തിൽ ഒരു സ്ഥാപനത്തെ ഒഴിവാക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനമാണ് തർക്കത്തിന്റെ കേന്ദ്രബിന്ദു. ഭരണകൂടത്തിന് മാധ്യമപ്രവർത്തകരുടെ പ്രവേശനം നിയന്ത്രിക്കാനുള്ള അധികാരവും മാധ്യമസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ സംരക്ഷണവും തമ്മിലുള്ള അതിർത്തിയാണ് ഇനി കോടതിയുടെ പരിഗണനയലേക്ക് എത്തുന്നത്. വിധി വരുന്നതുവരെ ഇരു വിഭാഗങ്ങളുടെയും അവകാശവാദങ്ങൾ നിയമപരമായ പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കും.