ന്യൂഡൽഹി: ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനെ അഞ്ച് വർഷത്തേക്ക് കൂടി പുനർനിയമിക്കാനുള്ള ഡയറക്ടർ ബോർഡ് തീരുമാനത്തിൽ കടുത്ത എതിർപ്പുമായി ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ. 2022ലും 2026ലും ചെയർമാന്റെ പുനർനിയമനത്തിന് കമ്പനിയുടെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനിലെ വ്യത്യസ്ത വ്യവസ്ഥകൾ പ്രയോഗിച്ചതിനെ നോയൽ ചോദ്യം ചെയ്തു. നിയമോപദേശം ലഭിക്കുകയും ഓഹരിയുടമകളുടെ അംഗീകാരം നേടുകയും ചെയ്യുന്നതിന് മുമ്പ് തീരുമാനം പരസ്യപ്പെടുത്തിയതിലും അദ്ദേഹം എതിർപ്പ് രേഖപ്പെടുത്തി.
വ്യാഴാഴ്ച നടന്ന നാലുമണിക്കൂറോളം നീണ്ട ബോർഡ് യോഗത്തിനുശേഷമാണ് ചന്ദ്രശേഖരനെ വീണ്ടും അഞ്ച് വർഷത്തേക്ക് ചെയർമാനായി നിയമിക്കാൻ ഭൂരിപക്ഷ തീരുമാനമെടുത്തതായി ടാറ്റ സൺസ് അറിയിച്ചത്. ടാറ്റ ട്രസ്റ്റ് നോമിനികളായ നോയൽ ടാറ്റയും വേണു ശ്രീനിവാസനും തീരുമാനത്തെ എതിർത്ത് വോട്ട് ചെയ്തു. യോഗത്തിന് അധ്യക്ഷത വഹിച്ച ഹരീഷ് മണ്വാണി നിർണായക വോട്ട് രേഖപ്പെടുത്തി ചന്ദ്രശേഖരന്റെ പുനർനിയമനത്തെ അനുകൂലിച്ചു.
ആർട്ടിക്കിൾ 118 ആണോ 121 ആണോ?
ചെയർമാന്റെ നിയമനവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 118 ആണ് പുനർനിയമനത്തിനും ബാധകമാകേണ്ടതെന്ന് നോയൽ ടാറ്റ വാദിച്ചു. 2022ൽ ചന്ദ്രശേഖരനെ പുനർനിയമിച്ചത് ഇതേ വ്യവസ്ഥ പ്രകാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ 2026ലെ നടപടികൾ ആർട്ടിക്കിൾ 121 പ്രകാരമാണെന്നാണ് കമ്പനി സെക്രട്ടറി സുപ്രകാശ് മുഖോപാധ്യായയുടെ നിലപാട്.
2022 ഫെബ്രുവരി 11ലെ ബോർഡ് യോഗത്തിന്റെ മിനിറ്റ്‌സ് നോയൽ ടാറ്റ ഡയറക്ടർമാർക്ക് കൈമാറി. പുനർനിയമനവുമായി ബന്ധപ്പെട്ട നിർണായക രേഖ വോട്ടെടുപ്പിന് മുമ്പ് ബോർഡിന് മുന്നിൽ വച്ചില്ലെന്നും നടപടി വേഗത്തിൽ പൂർത്തിയാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ആർട്ടിക്കിൾസ് ഓഫ് അസോസിയേഷന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമായതിനാൽ തീരുമാനത്തിന് നിയമസാധുതയില്ലെന്നും നോയൽ കത്തിൽ വ്യക്തമാക്കി.
നിയമോപദേശവും കാസ്റ്റിങ് വോട്ടും
ചെയർമാന്റെ പുനർനിയമനത്തിന് ആർട്ടിക്കിൾ 118 ബാധകമാണോ, ടാറ്റ ട്രസ്റ്റ് നോമിനികളുടെ എതിർപ്പിനിടയിലും തീരുമാനം എടുക്കാമോ, വോട്ടുകൾ തുല്യമായാൽ ഹരീഷ് മണ്വാണിക്ക് കാസ്റ്റിങ് വോട്ട് ചെയ്യാനാകുമോ തുടങ്ങിയ വിഷയങ്ങളിൽ നിയമോപദേശം തേടാൻ ധാരണയുണ്ടായിരുന്നുവെന്നാണ് നോയലിന്റെ വാദം. മുൻ സുപ്രീകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിയമോപദേശവും അദ്ദേഹം ബോർഡിന് മുന്നിൽ അവതരിപ്പിച്ചു. അതേസമയം, അഭിഭാഷകൻ സുധീപ്‌തോ സർക്കാരിന്റെ അഭിപ്രായമാണ് ബോർഡ് പരിഗണിച്ചതെന്നാണ് റിപ്പോർട്ട്.
തീരുമാനം പരസ്യപ്പെടുത്തുന്നതിന് മുമ്പ് നിയമോപദേശവും ഡയറക്ടർ സ്ഥാനത്തേക്കുള്ള ഓഹരിയുടമകളുടെ അംഗീകാരവും നേടണമെന്ന് ധാരണയുണ്ടായിരുന്നുവെന്നും നോയൽ ആരോപിച്ചു. യോഗത്തിലെ ചർച്ചകളും രേഖകളും സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'കാസ്റ്റിങ് വോട്ടിന് അസാധുവായ തീരുമാനത്തെ സാധുവാക്കാനാകില്ല'
നോയൽ ടാറ്റയുടെ നിലപാടിനെ പിന്തുണച്ച് ടാറ്റ ട്രസ്റ്റും പ്രസ്താവന പുറത്തിറക്കി. ടാറ്റ ട്രസ്റ്റ് നോമിനി ഡയറക്ടർമാരുടെ ആവശ്യമായ പിന്തുണ ലഭിക്കാത്തതിനാൽ പ്രമേയം തന്നെ നിലനിൽക്കാത്തതാണെന്നും കാസ്റ്റിങ് വോട്ടിലൂടെ അതിനെ പുനരുജ്ജീവിപ്പിക്കാനാകില്ലെന്നും ട്രസ്റ്റ് വ്യക്തമാക്കി.
ചന്ദ്രശേഖരന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട തർക്കം ആർട്ടിക്കിൾസ് ഓഫ് അസോസിയേഷന്റെ വ്യാഖ്യാനം, ടാറ്റ ട്രസ്റ്റിന്റെ നോമിനി ഡയറക്ടർമാരുടെ അധികാരം, കാസ്റ്റിങ് വോട്ടിന്റെ നിയമസാധുത, തീരുമാനത്തിന്റെ പരസ്യപ്പെടുത്തൽ എന്നിവയെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ബോർഡ് തീരുമാനം സംബന്ധിച്ച തുടർ നിയമനടപടികളും ഓഹരിയുടമകളുടെ അംഗീകാരവും ഇനി നിർണായകമാകും.
ചന്ദ്രശേഖരന്റെ പുനർനിയമനത്തിൽ ടാറ്റ സൺസിൽ ഭിന്നത; നിയമസാധുത ചോദ്യം ചെയ്ത് നോയൽ ടാറ്റ
