അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന്റെ 5,000 ഡോളര്‍ വാഗ്ദാനത്തില്‍ സാമ്പത്തിക വിദഗ്ധര്‍ക്ക് ആശങ്ക

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന്റെ 5,000 ഡോളര്‍ വാഗ്ദാനത്തില്‍ സാമ്പത്തിക വിദഗ്ധര്‍ക്ക് ആശങ്ക


വാഷിംഗ്ടണ്‍: നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിന് മൂന്നാഴ്ചയില്‍ താഴെ മാത്രം ശേഷിക്കെ, ഓരോ മുതിര്‍ന്ന അമേരിക്കന്‍ പൗരനും 5,000 ഡോളര്‍ വീതം നല്‍കുമെന്ന മുന്‍വാഗ്ദാനം ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2026-ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധിസഭയിലും സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നിലനിര്‍ത്തിയാല്‍ മാത്രമേ പണം നല്‍കൂവെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. എന്നാല്‍ ഇത്രയും വലിയ തുക എവിടെനിന്ന് കണ്ടെത്തുമെന്നോ പദ്ധതി എങ്ങനെ നടപ്പാക്കുമെന്നോ സംബന്ധിച്ച് വ്യക്തമായ രൂപരേഖ പുറത്തുവന്നിട്ടില്ല.

സെപ്റ്റംബര്‍ ഒമ്പതിന് ഡാലസില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഇടക്കാല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് ട്രംപ് ആദ്യമായി 'ട്രംപ് ഡിവിഡന്‍ഡ്' എന്ന പേരിലുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ മൂന്നിന് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച വിഡിയോയിലും അദ്ദേഹം വാഗ്ദാനം ആവര്‍ത്തിച്ചു.

ഒക്ടോബര്‍ 15ന് അരിസോണയിലെ ബുള്‍ഹെഡ് സിറ്റിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലും അദ്ദേഹം ഇതേ വാഗ്ദാനം ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പിന് പിന്നാലെ വളരെ വേഗം തുക ലഭിക്കുമെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ ഏകദേശം 1.2 ട്രില്യണ്‍ ഡോളര്‍ ചെലവുവരുന്ന പദ്ധതി നടപ്പാക്കാനുള്ള സാമ്പത്തിക സ്രോതസ്സോ നിയമപരമായ നടപടിക്രമങ്ങളോ സമയക്രമമോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനുള്ള രാഷ്ട്രീയ വാഗ്ദാനം മാത്രമാണോ ഇതെന്ന ചോദ്യവും ഉയരുന്നുണ്ട്.

1.2 ട്രില്യണ്‍ ഡോളര്‍ എവിടെനിന്ന്?

അമേരിക്കയിലെ ഏകദേശം 27 കോടി പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്ക് 5,000 ഡോളര്‍ വീതം നല്‍കുകയാണെങ്കില്‍ ഏകദേശം 1.2 ട്രില്യണ്‍ ഡോളര്‍ ചെലവാകുമെന്നാണ് റോയിട്ടേഴ്സിന്റെ കണക്ക്. ഇതിനു പുറമേ കടമെടുക്കുന്നതുമായി ബന്ധപ്പെട്ട പലിശച്ചെലവും സര്‍ക്കാരിന് വഹിക്കേണ്ടിവരും.

എന്നാല്‍ ആര്‍ക്കൊക്കെയാണ് പണം നല്‍കുകയെന്ന കാര്യത്തില്‍ ട്രംപിന്റെ പ്രസ്താവനകളില്‍ വ്യക്തതയില്ല. 'പ്രായപൂര്‍ത്തിയായ എല്ലാ പൗരന്മാര്‍ക്കും' എന്നതില്‍നിന്ന് 'എല്ലാ പൗരന്മാര്‍ക്കും' എന്നതിലേക്കുള്ള പരാമര്‍ശമാറ്റം അര്‍ഹരായവരുടെ എണ്ണത്തിലും ചെലവിലും വലിയ വ്യത്യാസമുണ്ടാക്കും. ഏകദേശം 7.3 കോടി പേരുടെ വ്യത്യാസം കണക്കിലെടുത്താല്‍ ചെലവില്‍ 400 ബില്യണ്‍ ഡോളറിന്റെ മാറ്റമുണ്ടാകാമെന്നാണ് വിലയിരുത്തല്‍.

പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പെന്‍ വാര്‍ട്ടണ്‍ ബജറ്റ് മോഡലുമായി ബന്ധപ്പെട്ട സാമ്പത്തിക വിദഗ്ധന്‍ കെന്റ് സ്‌മെറ്റേഴ്സിന്റെ കണക്കനുസരിച്ച് പദ്ധതിയുടെ ചെലവ് ഏകദേശം 1.35 ട്രില്യണ്‍ ഡോളറാണ്. വാര്‍ഷിക വരുമാനം നാല് ലക്ഷം ഡോളര്‍ വരെയുള്ള കുടുംബങ്ങള്‍ക്ക് മാത്രമായി ആനുകൂല്യം പരിമിതപ്പെടുത്തിയാല്‍ ചെലവ് 1.15 ട്രില്യണ്‍ ഡോളറായി കുറയാം. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇത്തരമൊരു വരുമാനപരിധി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പദ്ധതിയുടെ വന്‍ സാമ്പത്തിക ബാധ്യത ട്രംപും അംഗീകരിച്ചിട്ടുണ്ട്. ഏകദേശം ഒരു ട്രില്യണ്‍ ഡോളര്‍ ചെലവുവരുമെന്നാണ് അദ്ദേഹം തന്നെ പറഞ്ഞത്.

പണവിതരണം പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്ന് മുന്നറിയിപ്പ്

ഇത്രയും വലിയ തുക വിതരണം ചെയ്യുന്നത് പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആദ്യ രണ്ട് പാദങ്ങളിലായി ഏകദേശം 400 ബില്യണ്‍ ഡോളര്‍ ചെലവഴിക്കപ്പെടാമെന്നും തുടര്‍ന്നുള്ള നാല് പാദങ്ങളില്‍ പണപ്പെരുപ്പ നിരക്ക് 0.3 മുതല്‍ 0.5 വരെ ശതമാന പോയിന്റ് ഉയരാമെന്നും സ്‌മെറ്റേഴ്സ് വിലയിരുത്തുന്നു.

പക്ഷപാതരഹിത സാമ്പത്തിക ഗവേഷണ സംഘടനയായ കമ്മിറ്റി ഫോര്‍ എ റെസ്പോണ്‍സിബിള്‍ ഫെഡറല്‍ ബജറ്റ് ഒക്ടോബര്‍ 15ന് പുറത്തിറക്കിയ വിശകലനത്തില്‍ പദ്ധതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സാമ്പത്തികമായി അപകടകരവും പിന്നോട്ടുള്ള ചുവടുവയ്പ്പുമാണിതെന്നും ഗൗരവമായ ആസൂത്രണമില്ലാത്ത നിര്‍ദേശമാണെന്നും സംഘടന അഭിപ്രായപ്പെട്ടു.

സംഘടനയുടെ പ്രസിഡന്റ് മായ മക്ഗിനിയസ് നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ വീണ്ടും 1.2 ട്രില്യണ്‍ ഡോളര്‍ കടമെടുത്ത് ജനങ്ങള്‍ക്ക് പണം നല്‍കേണ്ടതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് പ്രതികരിച്ചു.

അമേരിക്കയുടെ ദേശീയ കടം രാജ്യത്തിന്റെ മൊത്തം സമ്പദ്വ്യവസ്ഥയുടെ വലുപ്പത്തിനൊപ്പമെത്തിയിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. വാര്‍ഷിക ബജറ്റ് കമ്മി ഏകദേശം രണ്ട് ട്രില്യണ്‍ ഡോളറാണ്. പണപ്പെരുപ്പം 3.5 ശതമാനത്തിനടുത്തും പത്തുവര്‍ഷ കാലാവധിയുള്ള യു എസ് ട്രഷറി ബോണ്ടുകളുടെ ആദായനിരക്ക് അഞ്ച് ശതമാനത്തോടടുത്തുമാണ്.

പുതിയ പദ്ധതി ബജറ്റ് കമ്മി വര്‍ധിപ്പിക്കുകയും പണപ്പെരുപ്പ സമ്മര്‍ദം ശക്തമാക്കുകയും സര്‍ക്കാര്‍ കടമെടുപ്പിന്റെ ചെലവ് ഉയര്‍ത്തുകയും ചെയ്യുമെന്നാണ് വിമര്‍ശകരുടെ വാദം.

പീറ്റര്‍ ജി പീറ്റേഴ്സണ്‍ ഫൗണ്ടേഷന്റെ കണക്കനുസരിച്ച് അമേരിക്കയുടെ ദേശീയ കടം 40 ട്രില്യണ്‍ ഡോളറിലെത്തി. രാജ്യത്തെ ഓരോ നികുതിദായകന്റെയും വിഹിതമായി കണക്കാക്കിയാല്‍ ഇത് ഏകദേശം 1,17,446 ഡോളര്‍ വരും.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലും ഭിന്നാഭിപ്രായം

ട്രംപിന്റെ സ്വന്തം പാര്‍ട്ടിക്കുള്ളിലും പദ്ധതിയെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്. അരിസോണയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി ഡേവിഡ് ഷൈ്വകേര്‍ട്ട് പദ്ധതി തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കി. പദ്ധതി പലിശനിരക്കുകള്‍ ഉയര്‍ത്തുകയും അമേരിക്കയെ കടബാധ്യതയുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

സെനറ്റിലെ ഭൂരിപക്ഷ നേതാവ് ജോണ്‍ ത്യൂണും പദ്ധതിയുടെ നിയമനിര്‍മാണ സാധ്യതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സെനറ്റിലെ ഫിലിബസ്റ്റര്‍ തടസ്സം മറികടക്കാന്‍ ആവശ്യമായ 60 വോട്ടുകള്‍ നേടാന്‍ പദ്ധതിക്ക് കഴിയുമോയെന്നതാണ് അദ്ദേഹത്തിന്റെ ചോദ്യം. താരിഫിലൂടെ ലഭിക്കുന്ന വരുമാനം പുതിയ ചെലവുകള്‍ക്കായി ഉപയോഗിക്കുന്നതിനുപകരം ബജറ്റ് കമ്മി കുറയ്ക്കാന്‍ വിനിയോഗിക്കണമെന്നാണ് ത്യൂണിന്റെ നിലപാട്.

അതേസമയം, ഒഹായോയില്‍ നിന്നുള്ള സെനറ്റര്‍ ബെര്‍ണി മൊറേനോ നവംബര്‍ മൂന്നിനുശേഷം പദ്ധതി നിയമപരമാക്കുന്നതിനുള്ള ബില്‍ തയ്യാറാക്കുകയാണെന്ന് അറിയിച്ചു.

ട്രംപിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുള്ള യാഥാസ്ഥിതിക സാമ്പത്തിക വിദഗ്ധന്‍ സ്റ്റീഫന്‍ മൂര്‍ പദ്ധതിയുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെന്ന് ചൂണ്ടിക്കാട്ടി. ട്രംപ് ഇത് വെറുമൊരു പ്രസംഗത്തിലെ പരാമര്‍ശമായി നടത്തിയതാണോ അതോ യഥാര്‍ഥത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതാണോ എന്ന് വ്യക്തമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

പണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ കുറവ്

അമേരിക്കക്കാര്‍ക്ക് പണം ലഭിക്കുമെന്ന ആശയം ആകര്‍ഷകമാണെങ്കിലും വാഗ്ദാനം നടപ്പാകുമെന്ന് വിശ്വസിക്കുന്നവര്‍ കുറവാണ്. ഇക്കണോമിസ്റ്റ്‌യുഗോവ് സര്‍വേയില്‍ പങ്കെടുത്ത രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 21 ശതമാനം പേര്‍ മാത്രമാണ് ട്രംപ് പണം നല്‍കുമെന്ന് പ്രതീക്ഷിച്ചത്. 57 ശതമാനം പേര്‍ അദ്ദേഹം വാഗ്ദാനം പാലിക്കില്ലെന്നാണ് അഭിപ്രായപ്പെട്ടത്. റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍പ്പോലും 45 ശതമാനം പേര്‍ മാത്രമാണ് വാഗ്ദാനം നടപ്പാകുമെന്ന് വിശ്വസിക്കുന്നത്.

മുന്‍കാല വാഗ്ദാനങ്ങളും സംശയത്തിന് കാരണമാണ്. 2025 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പുമായി (ഡോജ്) ബന്ധപ്പെട്ട് 5,000 ഡോളറിന്റെ 'ഡോജ് ഡിവിഡന്‍ഡ്' ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പായില്ല. 2025 നവംബറില്‍ താരിഫ് വരുമാനത്തില്‍നിന്ന് 2,000 ഡോളര്‍ വീതം നല്‍കുമെന്ന മറ്റൊരു വാഗ്ദാനവും ഉയര്‍ന്നിരുന്നു. എന്നാല്‍ താരിഫ് നടപടികള്‍ സുപ്രിം കോടതി റദ്ദാക്കിയതോടെ ആ പദ്ധതി മുന്നോട്ടുപോയില്ല.

കഴിഞ്ഞ ഡിസംബറില്‍ സൈനികര്‍ക്ക് നല്‍കിയ 1,776 ഡോളറിന്റെ 'വാരിയര്‍ ഡിവിഡന്‍ഡ്' പോലും അധിക ബോണസായിരുന്നില്ല. സൈനികരുടെ ഭവനവാസ അലവന്‍സില്‍നിന്നുള്ള തുകയാണ് അതിനായി പുനര്‍വിനിയോഗിച്ചത്.

ചെറിയ തുകകളുടെ വിതരണം തുടരുന്നു

അതിനിടെ, ഭരണകൂടം താരതമ്യേന ചെറിയ തുകകളുടെ വിതരണം നടത്തുന്നുണ്ട്. ഈ മാസം 2.08 കോടി മെഡികെയര്‍ ആനുകൂല്യക്കാര്‍ക്ക് ഒറ്റത്തവണയായി 90 ഡോളര്‍ വീതം നല്‍കുന്നുണ്ട്. ഒബാമകെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സബ്സിഡിയില്ലാത്ത പോളിസികള്‍ വാങ്ങിയ ഏകദേശം 9.5 ലക്ഷം പേര്‍ക്ക് 500 ഡോളര്‍ വീതം റീഫണ്ട് നല്‍കാനും നടപടിയുണ്ട്.

ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച റോയിട്ടേഴ്സ് വിശകലനമനുസരിച്ച്, ഒബാമകെയര്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഈ തുകയില്‍ 71 ശതമാനവും, അതായത് 33.9 കോടി ഡോളര്‍, തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കും നിര്‍ണായകമായ 13 സംസ്ഥാനങ്ങളിലെ താമസക്കാര്‍ക്കാണ് ലഭിക്കുന്നത്.

ജീവിതച്ചെലവും സമ്പദ്വ്യവസ്ഥയും പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളായിരിക്കെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പുതിയ വാഗ്ദാനങ്ങളുമായി രംഗത്തെത്തുന്നത്. ട്രംപിന്റെ അംഗീകാരനിരക്ക് 33 ശതമാനത്തില്‍ തുടരുമ്പോള്‍ ജീവിതച്ചെലവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡെമോക്രാറ്റുകള്‍ക്ക് എട്ട് ശതമാന പോയിന്റിന്റെ മുന്‍തൂക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണക്ക്.

വാഗ്ദാനം നടപ്പാകുമോ?

നിലവില്‍ 5,000 ഡോളറിന്റെ 'ട്രംപ് ഡിവിഡന്‍ഡ്' വ്യക്തമായ ധനസമാഹരണ പദ്ധതിയോ നടപ്പാക്കാനുള്ള നിയമപരമായ സംവിധാനമോ ഇല്ലാത്ത പ്രഖ്യാപനം മാത്രമാണ്. തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയിച്ചാലും പണം വിതരണം ചെയ്യുമെന്ന് ഉറപ്പില്ല. പദ്ധതി നിയമമാക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ പിന്തുണ, ചെലവിനുള്ള പണം കണ്ടെത്താനുള്ള മാര്‍ഗം, ബജറ്റ് കമ്മിയിലും പണപ്പെരുപ്പത്തിലും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ എന്നിവയെല്ലാം നിര്‍ണായകമാകും.