റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരായ 100 ശതമാനം തീരുവ നീക്കം മാറ്റിവച്ച് ട്രംപ്; ഇന്ത്യയ്ക്ക് താല്‍ക്കാലിക ആശ്വാസം

റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരായ 100 ശതമാനം തീരുവ നീക്കം മാറ്റിവച്ച് ട്രംപ്; ഇന്ത്യയ്ക്ക് താല്‍ക്കാലിക ആശ്വാസം


ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ 100 ശതമാനം ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്താനുള്ള നീക്കം താല്‍ക്കാലികമായി മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയ്ക്കും ചൈനയ്ക്കും ആശ്വാസം പകരുന്നതാണ് തീരുമാനം. റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കെതിരെ ഉപരോധങ്ങളും തീരുവകളും ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്ന നിയമത്തിലെ നടപടികള്‍ പ്രാബല്യത്തില്‍ വരേണ്ടതിന് ഒരു ദിവസം മുമ്പാണ് ട്രംപ് ഇളവ് പ്രഖ്യാപിച്ചത്.

അമേരിക്കയുടെ ദേശീയതാല്‍പര്യം മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് ട്രംപ് വ്യക്തമാക്കി. നിയമപ്രകാരമുള്ള ഉപരോധങ്ങളും നിയന്ത്രണങ്ങളും തീരുവകളും നിലവില്‍ നടപ്പാക്കുന്നതില്‍ ഇളവ് അനുവദിക്കുന്നതായി വെള്ളിയാഴ്ച വൈകിട്ട് പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അദ്ദേഹം പറഞ്ഞു. ഇളവ് അനുവദിക്കുന്നതിന്റെ ദേശീയതാല്‍പര്യം സംബന്ധിച്ച സാക്ഷ്യപത്രം കോണ്‍ഗ്രസിന് സമര്‍പ്പിച്ചതായും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, റഷ്യയുമായി ബന്ധപ്പെട്ട തീരുവകള്‍ എന്നെന്നേക്കുമായി ഒഴിവാക്കിയിട്ടില്ല. അവയുടെ നടപ്പാക്കല്‍ മാത്രമാണ് താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുന്നത്. സാഹചര്യങ്ങള്‍ മാറിയാല്‍ പിന്നീട് തീരുവകള്‍ ഏര്‍പ്പെടുത്താന്‍ ട്രംപിന് സാധിക്കും.

റഷ്യയ്ക്കും ഇറാനും എതിരായ ഉപരോധങ്ങള്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള 'ലിന്‍ഡ്‌സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആന്‍ഡ് ഇറാന്‍ ആക്ട് ഓഫ് 2026' എന്ന നിയമത്തിലാണ് വ്യവസ്ഥകളുള്ളത്. റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ പ്രധാന വാങ്ങുന്ന രാജ്യങ്ങളായ ഇന്ത്യ, ചൈന, സ്ലൊവാക്യ, ഹംഗറി, അസര്‍ബൈജാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്താന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നതായിരുന്നു നിയമം. റഷ്യന്‍ ഊര്‍ജ ഉല്‍പന്നങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് 500 ശതമാനം വരെ തീരുവ ചുമത്താനും വ്യവസ്ഥയുണ്ടായിരുന്നു.

യുക്രെയ്‌നെതിരായ യുദ്ധത്തിന് റഷ്യയ്ക്ക് ലഭിക്കുന്ന സാമ്പത്തിക പിന്തുണ കുറയ്ക്കുകയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. റഷ്യന്‍ ഉദ്യോഗസ്ഥര്‍, ബാങ്കുകള്‍, ഊര്‍ജമേഖല, സൈനിക നീക്കങ്ങളെ സഹായിക്കുന്ന വിദേശ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു.

ഇന്ത്യയ്ക്ക് നിര്‍ണായകം

ഇന്ത്യയില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് നിലവിലുള്ള തീരുവകള്‍ക്കു പുറമേ 100 ശതമാനം അധിക തീരുവ കൂടി ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ അമേരിക്കന്‍ വിപണിയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയെ അത് ഗണ്യമായി ബാധിക്കുമായിരുന്നു. എന്നാല്‍ പുതിയ തീരുവയുടെ കൃത്യമായ നിരക്കുകളും പരിധിയും പ്രഖ്യാപിച്ചശേഷമേ സാമ്പത്തിക ആഘാതം വിലയിരുത്താനാകുമായിരുന്നുള്ളൂ.

റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ ട്രംപ് ഭരണകൂടം നേരത്തേ അധിക തീരുവ ഏര്‍പ്പെടുത്തിയിരുന്നു. 2025ല്‍ പരസ്പര തീരുവയായ 25 ശതമാനത്തിനു പുറമേ റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 25 ശതമാനം അധിക തീരുവയും ചുമത്തി. 2026 ഫെബ്രുവരിയില്‍ ഈ അധിക തീരുവ പിന്‍വലിക്കുകയും ഇന്ത്യയ്ക്കുള്ള പരസ്പര തീരുവ 18 ശതമാനമായി കുറയ്ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റഷ്യന്‍ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട ഉപരോധനിയമം അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയപ്പോള്‍ ഇന്ത്യ സ്വന്തം വ്യാപാരസാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 140 കോടിയോളം ജനങ്ങളുടെ ഊര്‍ജസുരക്ഷ ഉറപ്പാക്കുക ഇന്ത്യയുടെ പ്രധാന പരിഗണനയാണെന്നും വിവിധ സ്രോതസ്സുകളില്‍നിന്ന് ഊര്‍ജം ലഭ്യമാക്കുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. റഷ്യയില്‍നിന്നുള്ള എണ്ണ വ്യാപാരത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉന്നതതല ചര്‍ച്ചകളില്‍ ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

റഷ്യയോട് അടുക്കുന്ന ട്രംപ്

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി ട്രംപ് കൂടുതല്‍ അടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിക്കെതിരെ ട്രംപ് പരസ്യവിമര്‍ശനം ഉന്നയിക്കുകയും യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയിലെത്താന്‍ കഴിയുന്ന പുതിയ നേതാവ് യുക്രെയ്‌ന് ആവശ്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച റഷ്യയില്‍നിന്ന് അമേരിക്കയിലേക്ക് ഡീസല്‍ എത്തിക്കുന്നതിന് പുടിനുമായി ധാരണയിലെത്തിയതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഉടന്‍ 3 ലക്ഷം ടണ്ണിലധികം ഡീസല്‍ എത്തിക്കുമെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ കൂടുതല്‍ കയറ്റുമതി നടത്തുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. അമേരിക്കയുടെ ഈ നീക്കത്തെ സെലന്‍സ്‌കി വിമര്‍ശിച്ചിരുന്നു.

റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കെതിരായ തീരുവകള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ട്രംപിന്റെ നടപടി ഇന്ത്യയ്ക്ക് ആശ്വാസമാണെങ്കിലും ഭാവിയില്‍ വീണ്ടും തീരുവ ഏര്‍പ്പെടുത്താനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ വ്യാപാരമേഖലയിലെ അനിശ്ചിതത്വം പൂര്‍ണമായി മാറിയിട്ടില്ല.