'യു.എന്നിന്റെ യുവജന പീഡന റിപ്പോര്‍ട്ടിനെതിരെ ഇന്ത്യ, അജ്ഞാതരുടെ ആരോപണങ്ങള്‍ തെളിവല്ലെന്ന് വിമര്‍ശനം

'യു.എന്നിന്റെ യുവജന പീഡന റിപ്പോര്‍ട്ടിനെതിരെ ഇന്ത്യ, അജ്ഞാതരുടെ ആരോപണങ്ങള്‍ തെളിവല്ലെന്ന് വിമര്‍ശനം


ന്യൂഡല്‍ഹി: ഇന്ത്യയില്‍ യുവജനങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നുവെന്ന ആരോപണങ്ങളടങ്ങിയ ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. അജ്ഞാതരില്‍നിന്നുള്ളതും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് യു.എന്നിന്റെ മനുഷ്യാവകാശ സംവിധാനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഇത്തരം സമീപനമാണ് യു.എന്നിന് വിശ്വാസ്യത നഷ്ടപ്പെടാന്‍ കാരണമെന്ന് ഇന്ത്യന്‍ പ്രതിനിധി അനൂജ് സ്വരൂപ് പറഞ്ഞു.

യു.എന്‍ പൊതുസഭയുടെ മൂന്നാം കമ്മിറ്റിയുടെ 81ാം സമ്മേളനത്തില്‍ ഒക്ടോബര്‍ 16ന് നടന്ന ചര്‍ച്ചയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. സമാധാനപരമായി സംഘടിക്കാനും കൂട്ടായ്മകള്‍ രൂപീകരിക്കാനും അവകാശമുള്ള യുവജനങ്ങളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക റിപ്പോര്‍ട്ടര്‍ ജിന റൊമേറോയുടെ റിപ്പോര്‍ട്ടിനെയാണ് ഇന്ത്യ ചോദ്യം ചെയ്തത്. 'യുവജന പ്രവര്‍ത്തനം: വ്യവസ്ഥാപിതമായ പുറന്തള്ളലില്‍നിന്ന് യഥാര്‍ഥ പങ്കാളിത്തത്തിലേക്ക്' എന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ യുവജനങ്ങള്‍ നേരിടുന്ന നിയന്ത്രണങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

മാനസികാരോഗ്യം, ലിംഗനീതി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതിന്റെ പേരില്‍ ഇന്ത്യയിലെ യുവജനങ്ങള്‍ പ്രതികാര നടപടികളും അപമാനിക്കലും നേരിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ചവരെ പരാമര്‍ശിക്കുന്ന ഭാഗത്ത് അവരുടെ വ്യക്തിവിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.

ലോകത്തിലെ ഏറ്റവും വലിയ യുവജന ജനസംഖ്യയുള്ള രാജ്യത്തിനെതിരെ അജ്ഞാതവും സ്ഥിരീകരിക്കാത്തതുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തെളിവായി കണക്കാക്കാനാവില്ലെന്ന് ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു. 'യു.എന്‍ റിപ്പോര്‍ട്ടിന്റെ വേഷമണിഞ്ഞ കെട്ടുകഥകളാണിത്' എന്നായിരുന്നു റിപ്പോര്‍ട്ടിന്റെ സമീപനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശനം. ആരോപണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അവയുടെ ആധികാരികത ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

190 നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട്

2026 ജൂലൈ 15ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് 190 നിവേദനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതില്‍ 180 എണ്ണം യുവജനങ്ങള്‍, യുവജന സംഘടനകള്‍, സര്‍ക്കാരിതര സംഘടനകള്‍ തുടങ്ങിയവരില്‍നിന്നുള്ള സംഭാവനകളാണ്. ഒരു ഓംബുഡ്‌സ്മാന്‍ ഓഫീസില്‍നിന്നും പത്ത് സംസ്ഥാനങ്ങളില്‍നിന്നുമുള്ള വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ലോകമെമ്പാടുമുള്ള 500ലധികം യുവജന സംഘടനകളുമായും പ്രവര്‍ത്തകരുമായും നടത്തിയ കൂടിയാലോചനകളും ഇതിന് അടിസ്ഥാനമായിട്ടുണ്ട്.

ഇന്ത്യയെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല റിപ്പോര്‍ട്ട്. 97 രാജ്യങ്ങളിലെയും മേഖലകളിലെയും യുവജന പ്രവര്‍ത്തനങ്ങളും അവര്‍ നേരിടുന്ന വെല്ലുവിളികളുമാണ് പരിശോധിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അക്കാദമിക സ്വാതന്ത്ര്യത്തിലെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഭാഗത്താണ് ഇന്ത്യയെക്കുറിച്ചുള്ള പരാമര്‍ശം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭരണഘടനാ അവകാശങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇന്ത്യ

ഇന്ത്യന്‍ ഭരണഘടനയുടെ 19ാം അനുച്ഛേദം സമാധാനപരമായി ഒത്തുചേരാനും സംഘടനകള്‍ രൂപീകരിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ടെന്ന് അനൂജ് സ്വരൂപ് പറഞ്ഞു. സ്വതന്ത്ര നീതിന്യായവ്യവസ്ഥ, മാധ്യമസ്വാതന്ത്ര്യം, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ തുടങ്ങിയ സംവിധാനങ്ങളും അവകാശസംരക്ഷണത്തിന് സഹായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതു പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും അദ്ദേഹം വിശദീകരിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി പാര്‍ലമെന്റ് പൊതുപരീക്ഷാ നിയമത്തില്‍ ഭേദഗതി വരുത്തുകയും ശിക്ഷാനടപടികള്‍ ശക്തമാക്കുകയും പരീക്ഷാ സംവിധാനത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

'വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗി'ലൂടെ 50 ലക്ഷത്തിലധികം യുവജനങ്ങള്‍ ദേശീയ മുന്‍ഗണനകള്‍ രൂപപ്പെടുത്തുന്നതില്‍ പങ്കാളികളായതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് സംവദിച്ചതും ഇന്ത്യയുടെ യുവജന പങ്കാളിത്തത്തിന്റെ ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം നടപടികള്‍ അവഗണിച്ചാണ് പ്രത്യേക റിപ്പോര്‍ട്ടര്‍ ഇന്ത്യയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയതെന്ന് വിമര്‍ശിച്ച ഇന്ത്യ, റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുമ്പോള്‍ കൂടുതല്‍ സൂക്ഷ്മതയും വസ്തുനിഷ്ഠതയും നീതിപൂര്‍വമായ സമീപനവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.