പിണറായിയെ ചോദ്യം ചെയ്യാന്‍ ഇഡി; മാസപ്പടി കേസില്‍ അടുത്ത വെള്ളിയാഴ്ച ഹാജരാകാന്‍ സമന്‍സ്

പിണറായിയെ ചോദ്യം ചെയ്യാന്‍ ഇഡി; മാസപ്പടി കേസില്‍ അടുത്ത വെള്ളിയാഴ്ച ഹാജരാകാന്‍ സമന്‍സ്


തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്‍റെ (ഇഡി) ചോദ്യം ചെയ്യല്‍ നോട്ടീസ്. പിണറായിക്കെതിരേ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇഡി നടപടി. അടുത്തയാഴ്ച കൊച്ചിയിലെ ഇഡി മേഖലാ ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മാസപ്പടി കേസിൽ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസിയുടെ ഈ നിർണായക നീക്കം. ഒരേ കേസിൽ കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ സമാന്തര അന്വേഷണ പരിധിയിലേക്കാണ് ഇതോടെ പിണറായി വിജയൻ എത്തുന്നത്.

കേരള രാഷ്ട്രീയത്തിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച മാസപ്പടി വിവാദത്തിൽ അതീവ നിർണായകമായ വഴിത്തിരിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മാസപ്പടി ഇടപാടിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇഡി നേരത്തെ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അടിയന്തരമായി കേസെടുക്കുന്നതിന് പകരം പ്രാഥമിക അന്വേഷണം മതിയെന്ന നിലപാടായിരുന്നു സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നത്. സർക്കാരിന്റെ ഈ നടപടിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി സമർപ്പിക്കപ്പെടുകയുണ്ടായി. ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് പിണറായി വിജയനെതിരെ കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പിന്നീട് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

തുടർന്ന് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളിക്കളയുകയായിരുന്നു. ഡിവിഷൻ ബെഞ്ച് വിധി കൂടി എതിരായതോടെ അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുകയും നിലവിൽ കേസ് അവിടെ പരിഗണനയിലുമാണ്. നിയമപോരാട്ടങ്ങൾ തുടരുന്നതിനിടയിലാണ് ഇഡി കേസിൽ നേരിട്ട് ഇടപെട്ട് ചോദ്യം ചെയ്യലിനായി നോട്ടീസ് അയച്ചിരിക്കുന്നത്.

കേസിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണത്തിൽ കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഇഡി അന്വേഷണം നടപ്പിലാക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതാണ് ഈ സംഭവവികാസങ്ങൾ. അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിലേക്ക് പ്രതിപക്ഷ നേതാവ് നേരിട്ട് ഹാജരാകേണ്ടി വരുന്നത് പ്രതിപക്ഷ രാഷ്ട്രീയ മുന്നണിക്ക് കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. നിയമപരമായ നടപടികൾക്കൊപ്പം രാഷ്ട്രീയമായി പ്രതിരോധം ശക്തമാക്കാനാണ് ഇടതുപക്ഷ ക്യാമ്പിന്‍റെ നീക്കം. അടുത്ത ദിവസങ്ങളിൽ കൊച്ചിയിലെ ഇഡി ഓഫീസിൽ നടക്കാനിരിക്കുന്ന ചോദ്യം ചെയ്യൽ കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.

ആകെ പതിമൂന്ന് പ്രതികളുള്ള കേസിൽ രണ്ട് വ്യത്യസ്ത എഫ്ഐആറുകളായാണ് അന്വേഷണം എന്നാണ് വിവരം. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആർഎൽ കമ്പനിക്ക് വേണ്ടി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നതാണ് ആദ്യ കേസിലെ ആരോപണം. ഇതിൽ പിണറായി വിജയൻ ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയും മുഹമ്മദ് റിയാസ് മൂന്നാം പ്രതിയുമാണെന്നാണ് എഫ്ഐആറിലുള്ളതെന്നാണ് സൂചന.

വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിന് നൽകാത്ത സേവനത്തിന് സിഎംആർഎൽ 3.28 കോടി രൂപ നൽകിയത് കൈക്കൂലിയാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തലെന്നാണ് ആരോപണം.രണ്ടാമത്തെ കേസ് കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ടതാണ്. മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും ടി. വീണ രണ്ടാം പ്രതിയുമായ ഈ കേസിൽ മാസപ്പടിയായി ലഭിച്ച പണം ഷെൽ കമ്പനികൾ വഴി വിദേശത്തേക്ക് കടത്തിയെന്നാണ് പ്രധാന ആരോപണം. മുഹമ്മദ് റിയാസിന്‍റെ സുഹൃത്തുക്കളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഡയറിയിലെ വിവരങ്ങൾ, ബാങ്ക് ഇടപാടുകൾ, വിദേശ കറൻസി കൈമാറ്റം, ബിനാമി സിം കാർഡുകളുടെ ഉപയോഗം എന്നിവയാണ് കേസിന് അടിസ്ഥാനമായി ചൂണ്ടിക്കാട്ടുന്നതെന്നും 2017 മുതലുള്ള കാലയളവിൽ വീണയ്ക്ക് ലഭിച്ച പണം റിയാസും സുഹൃത്തുക്കളും ചേർന്ന് കുഴൽപ്പണ ഇടപാടുകൾക്ക് ഉപയോഗിച്ചുവെന്നുമാണ് ഇ.ഡി റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ചിരിക്കുന്നതെന്നുമാണ് വിവരം.

അതേസമയം, മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സുപ്രീം കോടതിയെ സമീപിച്ചു. മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്റ ചീഫ് ജസ്റ്റിസിന് മുൻപാകെ ഹർജി ഹാജരാക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ ആവശ്യം.