തിരംഗ മാർച്ച്: സമര കേന്ദ്രമായി കൊണാട്ട് പ്ലെയ്സ്; അഭിജിത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ, ദേശീയ പതാകയുമായി പ്രതിഷേധിച്ച് പ്രവർത്തകർ

തിരംഗ മാർച്ച്: സമര കേന്ദ്രമായി കൊണാട്ട് പ്ലെയ്സ്; അഭിജിത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ, ദേശീയ പതാകയുമായി പ്രതിഷേധിച്ച് പ്രവർത്തകർ


ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദീപ്‌കെയെ കസ്‌റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. തിരംഗ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെ വസതിയില്‍ നിന്നു പുറത്തിറങ്ങിയ ഉടനെയാണ് പൊലീസ് ദീപ്കെയെ കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് നടപടി സിജെപി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും നിമിഷ നേരം കൊണ്ട് ഡല്‍ഹി പൊലീസ് ദീപ്‌കെയെ പൊലീസ് വാഹത്തില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. ദേശീയ പതാക ഉയര്‍ത്തിയാണ് ദീപ്കെ പൊലീസ് വാഹനത്തില്‍ കയറിയത്. തൊട്ട് പിന്നാലെ, മണ്ഡി ഹൗസിന് മുന്നില്‍ നിന്ന് ഓള്‍ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ (ഐസ) ദേശീയ പ്രസിഡന്‍റ് നേഹ ബോറയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് അല്‍പനേരം കനത്ത സംഘര്‍ഷവസ്ഥയായിരുന്നു.

ഇതിനു പിന്നാലെ, പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്‌നാട്ടിൽ നിന്നുള്ള എം.കെ. സ്റ്റാലിൻ, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ഇവർക്ക് പിന്തുണയുമായി രംഗത്തെത്തി. അതേസമയം ഡൽഹിയിൽ "ലെഹ്റാ ദോ തിരംഗ" മാർച്ചില്‍ പങ്കെടുത്ത ഇരുന്നോറോളം പ്രതിഷേധക്കാരെ ഡൽഹി പൊലീസ് കരുതൽ തടങ്കലിലാക്കി. കനോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിന് പുറത്ത് ആം ആദ്മി പാർട്ടി നേതാക്കളും പ്രവർത്തകരും ചേർന്ന് തിരംഗ റാലി നടത്തിയതിനിടെയാണ് സംഘർഷം ഉടലെടുത്തിരുന്നു.

 ഇതിന് സമാന്തരമായി ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (എഐഎസ്എ), സിപിഎം, സിപിഐ, ഡിവൈഎഫ്ഐ, എഐഎസ്‌എഫ്, എസ്എഫ്ഐ അടക്കം ഇടതു പാർട്ടി പ്രവര്‍ത്തകരും മണ്ഡി ഹൗസിന് സമീപം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി.

വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്ഐആർ), തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനം എന്നിവയിലെ ആശങ്കകൾ ഉന്നയിച്ചാണ് പ്രതിഷേധക്കാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് മാർച്ച് നടത്തിയത്. ഔദ്യോഗിക അനുമതിയില്ലെന്നും കനാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് പോലുള്ള സ്ഥലങ്ങൾ നിയന്ത്രിത മേഖലകളാണെന്നും കൂട്ടം കൂടുന്നതിന് നിരോധനാജ്ഞ നിലവിലുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അധികൃതർ നടപടി സ്വീകരിച്ചത്. ഡൽഹി പൊലീസിൽ നിന്നും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിൽ (സിഎപിഎഫ്) നിന്നുമായി 6000-ത്തിലധികം ഉദ്യോഗസ്ഥരെയാണ് സ്ഥലത്ത് വിന്യസിച്ചത്.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ദേശീയ പതാകയുമായി എത്തിച്ചേരാനാണ് ആഹ്വാനം ചെയ്‌തത്. എന്നാൽ മാർച്ചിന് ഡൽഹി പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. മുൻകൂട്ടി പേരുകൾ നൽകിയാൽ 11 പേർക്ക് മാത്രം പ്രത്യേക സ്ഥലത്ത് പതാകയുമായി കുറച്ചുനേരം പ്രതിഷേധിക്കാൻ അനുവാദം നൽകാമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

അടിയന്തര ഇടപെടലിന് തയ്യാറാകാതെ സുപ്രീംകോടതി

കൊണാട്ട് പ്ലെയിസിൽ കോക്ക്റോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയിൽ അടിയന്തര ഇടപെലിന് തയ്യാറാകാതെ സുപ്രീംകോടതി. എല്ലാവർക്കും നല്ല ബുദ്ധിയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സമരം കച്ചവടക്കാർക്ക് തിരിച്ചടിയായാൽ പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജൂഡീഷ്യറിക്കെതിരായ പരാമർശത്തിൽ ശിവസേന നേതാവ് സഞ്ജയ് റൗത്തിനോട് വിശദീകരണം തേടി കോടതി നോട്ടീസ് അയച്ചു.

കൊണാട്ട് പ്ലെയിസിൽ ഇന്ന് കോക്ക്റോച്ച് ജനത പാർട്ടി നടത്തുന്ന തിരംഗ യാത്ര തടയണം എന്ന ആവശ്യം സ്ഥലത്തെ വ്യാപാരികൾക്കായി അഭിഭാഷകൻ ജയ് ആനന്ദ് ദെഹദ്റായി ആണ് സുപ്രീംകോടതിയിൽ ഉന്നയിച്ചത്. ഇക്കാര്യം ഹൈക്കോടതിയുടെ പരിഗണനയിൽ അല്ലേയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്ല്യ ബാഗ്ച്ചിയും ഉൾപ്പെടുന്ന ബെഞ്ച് ആരാഞ്ഞു. ചെറുകിട കച്ചവടക്കാർക്ക് ഈ ഉത്സവകാലത്താണ് വരുമാനം കിട്ടുന്നത്. ഇത് തടസ്സപ്പെട്ടാൽ നിരവധി കുടുംബങ്ങളെ ബാധിക്കും എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എല്ലാവർക്കും നല്ല ബുദ്ധിയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു എന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പരാമർശിച്ചു. ഇന്ന് എന്തുണ്ടാവും എന്നത് നോക്കിയ ശേഷം 26ന് ഹർജി പരിഗണിക്കാമെന്നും ബഞ്ച് വ്യക്തമാക്കി.

ഗ്യാനേഷ് കുമാറിനെതിരെ ഹർജി നൽകിയ ഒരാളുടെ പെരുമാറ്റത്തിൽ വിശദീകരണം തേടേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഇന്നലെ പറഞ്ഞിരുന്നു. ശിവസേന നേതാവ് സഞ്ജയ് റൗത്തിനാണ് കോടതി നോട്ടീസ് നൽകിയിരിക്കുന്നത്. ജഡ്ജിമാർ ബിജെപി നേതാക്കളുടെ വീടുകളിൽ അതിഥികളായി പോകുന്നു എന്നും ചില ജഡ്ജിമാർ ലണ്ടനിൽ രാഷ്ട്രീയക്കാർക്കൊപ്പം ബാഡ്മിൻ്റൺ കളിച്ചു എന്നും സഞ്ജയ് റൗത്ത് ആരോപിച്ചിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്ന് അറ്റോണി ജനറൽ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് നോട്ടീസ് നൽകിയത്. പ്രതിപക്ഷത്തെ ഹർജിക്കാരിൽ ഒരാളുടെ പെരുമാറ്റം പരിശോധിക്കണം എന്ന നിരീക്ഷണം റൗത്തിനെ ഉദ്ദേശിച്ചാണെന്ന സന്ദേശമാണ് ചീഫ് ജസ്റ്റിസ് നൽകുന്നത്. രാഹുൽ ഗാന്ധിക്ക് കോടതിയിലേക്ക് നടന്ന മാർച്ചിൽ വിശദീകരണം തേടി കോടതി നോട്ടീസ് അയച്ചിരുന്നു. രാഹുൽ പിടിച്ചു തള്ളി എന്ന് പരാതിപ്പെട്ട് ഗർഭിണിയായ മാധ്യമപ്രവർത്തക നൽകിയ ഹർജി 26ന് പരിഗണിക്കാം എന്ന് ചീഫ് ജസ്റ്റിസ് ഇന്ന് വ്യക്തമാക്കി. പ്രതിഷേധ റിപ്പോർട്ടിംഗിൽ മാധ്യമപ്രവർത്തകർക്ക് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ഇതിനിടെ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. സമരങ്ങളുടെ ഭാഗമാകാതെ നിഷ്പക്ഷമായി നില്ക്കണമെന്നും പൊലീസ് നിർദ്ദേശങ്ങൾ പാലിക്കണമെന്നും പ്രസ് കൗൺസിൽ ആവശ്യപ്പെട്ടു.