വാഷിങ്ടണ്: അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറി കെറ്റി സക്കറിയയ്ക്ക് നിയമനമേറ്റെടുത്ത് അഞ്ചാം നാള് തന്നെ പടിയിറക്കം. നിയമപരമായ യോഗ്യതകളെക്കുറിച്ചുള്ള ചോദ്യങ്ങളും ആദ്യ വാര്ത്താസമ്മേളനത്തിലെ പ്രകടനത്തെച്ചൊല്ലിയുള്ള വിമര്ശനങ്ങളും ശക്തമായതിനു പിന്നാലെയാണ് നടപടി. സ്ഥാനത്തുനിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ട്രംപ് പരസ്യമായി ആവശ്യപ്പെട്ടതിന് മണിക്കൂറുകള്ക്കകമാണ് സക്കറിയയുടെ പുറത്താകല്.
മാധ്യമങ്ങള് സക്കറിയയോട് കടുത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും അവര് അന്യായമായ വിമര്ശനങ്ങള്ക്ക് ഇരയായെന്നും ട്രംപ് മാധ്യമ പ്രവര്ത്തകരോട് പറഞ്ഞു. ഈ ജോലി ചെയ്യേണ്ട ബാധ്യത അവര്ക്കില്ലെന്നും താനായിരുന്നെങ്കില് പദവി തുടരണമോയെന്ന് പുനഃപരിശോധിക്കുമായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. സക്കറിയയെ മാധ്യമങ്ങള് കടുത്ത രീതിയില് വിമര്ശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
യാഥാര്ഥ്യത്തില് അഭിഭാഷകയാണോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് സക്കറിയയുടെ നിയമനത്തിനു പിന്നാലെ ഉയര്ന്നത്. ഫോക്സ് ന്യൂസ്, ന്യൂസ്മാക്സ് തുടങ്ങിയ യാഥാസ്ഥിതിക മാധ്യമങ്ങളില് രാഷ്ട്രീയ നിരീക്ഷകയായി പ്രവര്ത്തിച്ചിരുന്ന സക്കറിയ സ്വയം അഭിഭാഷകയാണെന്ന് ദീര്ഘകാലമായി വിശേഷിപ്പിച്ചിരുന്നു. എന്നാല് അമേരിക്കയിലെ ഏതെങ്കിലും സംസ്ഥാനത്ത് അഭിഭാഷകവൃത്തിക്ക് ആവശ്യമായ ബാര് പരീക്ഷ പാസായതിന് ഇതുവരെ സ്ഥിരീകരിക്കാവുന്ന തെളിവുകള് അവര് നല്കുകയോ വൈറ്റ് ഹൗസ് പുറത്തുവിടുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്ട്ട്. ചൈനയില് ഒരു പ്രമുഖ നിയമസ്ഥാപനത്തില് പ്രവര്ത്തിച്ചിരുന്ന കാലത്തെ യോഗ്യതകളെക്കുറിച്ചും ചോദ്യങ്ങളുയര്ന്നു.
സക്കറിയയുടെ ആദ്യ വാര്ത്താസമ്മേളനം വ്യാപക വിമര്ശനത്തിന് ഇടയാക്കിയിരുന്നു. അവര് ഏതെങ്കിലും സംസ്ഥാനത്ത് ബാര് പരീക്ഷ പാസായിട്ടുണ്ടോയെന്ന സ്വതന്ത്ര മാധ്യമസ്ഥാപനമായ പോപ്പുലര് ഇന്ഫര്മേഷന്റെ റിപ്പോര്ട്ടിനു പിന്നാലെ മാധ്യമപ്രവര്ത്തകര് ട്രംപിനോട് ഇക്കാര്യം ചോദിച്ചു. മറുപടി നല്കാന് ട്രംപ് സക്കറിയയ്ക്ക് അവസരം നല്കി.
'ഞാന് ചൈനയിലേക്ക് താമസം മാറിയപ്പോള്...' എന്നായിരുന്നു മറുപടി തുടങ്ങിയത്. എന്നാല് മറൈന് വണ് ഹെലികോപ്റ്ററിന്റെ ശബ്ദത്തിനിടെ അവരുടെ വാക്കുകള് വ്യക്തമായി കേള്ക്കാനായില്ല. മറുപടി പൂര്ത്തിയാക്കിയിരുന്നോ എന്നതും വ്യക്തമല്ല. ചൈനയില് പൗരന്മാര്ക്കു മാത്രം എഴുതാന് കഴിയുന്ന ദേശീയ ഏകീകൃത നിയമ പ്രൊഫഷണല് യോഗ്യതാ പരീക്ഷയെക്കുറിച്ചും ഇതോടെ ചര്ച്ച ഉയര്ന്നു.
പെപ്പര്ഡൈന് സര്വകലാശാലയില്നിന്ന് 2007ല് ബിരുദവും പെപ്പര്ഡൈന് കാരുസോ സ്കൂള് ഓഫ് ലോയില്നിന്ന് 2011ല് നിയമബിരുദവും നേടിയതായി സര്വകലാശാലാ വിവരങ്ങളും സക്കറിയയുടെ ലിങ്ക്ഡ്ഇന് പ്രൊഫൈലും വ്യക്തമാക്കുന്നു. 'ആവശ്യമായ എല്ലാ യോഗ്യതകളോടെയും അന്താരാഷ്ട്ര ഇടപാടുകളുമായി ബന്ധപ്പെട്ട നിയമരംഗത്ത് പ്രവര്ത്തിച്ചിട്ടുണ്ട്' എന്ന വിശദീകരണമാണ് അവര് വൈറ്റ് ഹൗസ് വഴി നല്കിയത്. എന്നാല് ബാര് പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങള്ക്ക് ഇതോടെ വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.
ട്രംപിന്റെ സാമൂഹിക മാധ്യമ കമ്പനിയായ ട്രംപ് മീഡിയ ആന്ഡ് ടെക്നോളജി ഗ്രൂപ്പില് ജൂണ് മുതല് സീനിയര് കമ്മ്യൂണിക്കേഷന്സ് ഉപദേഷ്ടാവായി പ്രവര്ത്തിച്ചുവരികയായിരുന്നു സക്കറിയ. ഈ വര്ഷം ആദ്യം ആഭ്യന്തര സുരക്ഷാ വകുപ്പില് പൊതുകാര്യ വിഭാഗം ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായും രണ്ടുമാസം പ്രവര്ത്തിച്ചിട്ടുണ്ട്.
പുറത്തുപോയതിനു പിന്നാലെ ട്രംപിനെ പ്രശംസിച്ച സക്കറിയ, അദ്ദേഹത്തോടൊപ്പം പ്രവര്ത്തിക്കാന് കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്ന് പ്രതികരിച്ചു. ട്രംപ് ദയയും ഉദാരതയും ചിന്താശേഷിയും കഠിനാധ്വാനശീലവുമുള്ള വ്യക്തിയാണെന്നും അവര് വിശേഷിപ്പിച്ചു. സക്കറിയയ്ക്ക് മികച്ച യോഗ്യതകളുണ്ടെന്നും അമേരിക്കന് ജനതയെ ഭരണകൂടത്തിന്റെ പ്രവര്ത്തനങ്ങള് അറിയിക്കുന്നതില് അവര് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്സ് ഡയറക്ടര് സ്റ്റീവന് ച്യൂങും നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
നിയമനം ലഭിച്ചതിന്റെ അഞ്ചാം നാളില് പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെറ്റി സക്കറിയ പടിയിറങ്ങി
